''സിനിമാ നടനായത് കൊണ്ടു മാത്രം തടവിലാക്കാനാവില്ല''; അല്ലു അര്‍ജുന് ഇടക്കാല ജാമ്യം
കേസില്‍ അയാള്‍ക്കെതിരെ ഒരു തെളിവുമില്ല. അയാള്‍ക്കും സ്വതന്ത്രമായി ജീവിക്കാന്‍ അവകാശമുണ്ട്. നടന്‍ ആയതു കൊണ്ട് മാത്രം അത് എടുത്തുകളയാന്‍ സാധിക്കില്ല.
ഹൈദരാബാദ്: പുഷ്പ-2 സിനിമ റിലീസിനിടെയുണ്ടായ തിക്കുംതിരക്കിലും സ്ത്രീ മരിച്ച കേസില്‍ തെലുങ്ക് നടന്‍ അല്ലു അര്‍ജുന് തെലങ്കാന ഹെക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. അല്ലു അര്‍ജുന് എതിരേ പോലിസ് ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് പ്രഥമദൃഷ്ട്യാ ബോധ്യപ്പെടുന്നതെന്ന് ഹൈക്കോടതി പറഞ്ഞു. '' നടന്‍ ആയതു കൊണ്ട് മാത്രം അയാളെ ഇങ്ങനെ തടഞ്ഞുവക്കാമോ. കേസില്‍ അയാള്‍ക്കെതിരെ ഒരു തെളിവുമില്ല. അയാള്‍ക്കും സ്വതന്ത്രമായി ജീവിക്കാന്‍ അവകാശമുണ്ട്. നടന്‍ ആയതു കൊണ്ട് മാത്രം അത് എടുത്തുകളയാന്‍ സാധിക്കില്ല.''- കോടതി പറഞ്ഞു.
മുമ്പ് പല കേസുകളിലും റിമാന്‍ഡ് ചെയ്യപ്പെട്ട കുറ്റാരോപിതര്‍ക്ക് ജയിലില്‍ പോവുന്നതിന് മുമ്പ് ജാമ്യം നല്‍കിയിട്ടുണ്ട്. അര്‍ണാബ് ഗോസ്വാമിക്ക് മുമ്പ് അങ്ങനെ ജാമ്യം ലഭിച്ചിട്ടുണ്ട്.ജയില്‍ സൂപ്രണ്ടിന് മുന്നില്‍ ബോണ്ട് കെട്ടിവച്ച് അല്ലു അര്‍ജുനെ ജാമ്യത്തില്‍ വിടണമെന്നും കോടതി നിര്‍ദേശിച്ചു. നാല് ആഴ്ച്ച സമയത്തേക്കാണ് ഇടക്കാല ജാമ്യം.
ഇന്ന് ഉച്ചഭക്ഷണത്തിന്റെ സമയത്താണ് അല്ലു അര്‍ജുന്റെ ജാമ്യഹരജി കോടതിക്കു മുന്നില്‍എ എത്തിയത്. പ്രതിക്ക് യാതൊരു ആനുകൂല്യവും നല്‍കരുതെന്നാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചത്. കേസില്‍ ഇതുവരെ ഏഴു പ്രതികളെ അറസ്റ്റ് ചെയ്‌തെന്നും അഭിഭാഷകന്‍ ബോധിപ്പിച്ചു. പക്ഷെ, വൈകീട്ട് നാലുമണിയോട് കേസ് ജസ്റ്റിസ് ശ്രീദേവി പരിഗണനക്ക് എടുത്തു. തീയ്യറ്ററിനു മുന്നില്‍ ആളുകള്‍ മരിക്കണമെന്ന ഉദ്ദേശ്യം അല്ലു അര്‍ജുന് ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. മുമ്പ് ഒരു സിനിമയുടെ പ്രചരണത്തിന് ഷാറൂഖ് ഖാന്‍ പോവുമ്പോള്‍ തീവണ്ടിയില്‍ നിന്ന വസ്ത്രം വലിച്ചെറിഞ്ഞു. അത് പറക്കിയെടുക്കാന്‍ നിരവധി പേര്‍ അവിടെ തടിച്ചുകൂടി. തിക്കിലും തിരക്കിലും നിരവധി പേര്‍ക്ക് പരിക്കേറ്റു. ആ കേസില്‍ ഷാറൂഖ് കുറ്റക്കാരനല്ലെന്നാണ് കോടതി കണ്ടെത്തിയത്. ഹൈദരാബാദില്‍ പുഷ്പ-2ന്റെ റിലീസ് നടക്കുമ്പോള്‍ മരിച്ച സ്ത്രീ കെട്ടിടത്തിന്റെ ആദ്യ നിലയിലായിരുന്നു. ആ സമയം അല്ലു അര്‍ജുന്‍ രണ്ടാം നിലയിലായിരുന്നു. അല്ലു വരുന്നുണ്ടെന്ന് പോലിസിനും അറിയാമായിരുന്നു. അവര്‍ വേണ്ട നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈവാദങ്ങളെല്ലാം അംഗീകരിച്ചാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
ഡിസംബര്‍ നാലിന് നടന്ന പ്രീമിയര്‍ ഷോയ്ക്കിടെ ആയിരുന്നു കേസിനാസ്പദമായ അപകടം. ആന്ധ്ര സ്വദേശിയായ രേവതി (39) ആണ് തിക്കിലും തിരക്കിലും മരിച്ചത്. ഇവരുടെ മകന്‍ ശ്രീ തേജയെ (9) ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഹൈദരാബാദ് പൊലീസിന്റെ ടാസ്‌ക് ഫോഴ്‌സാണ് അല്ലു അര്‍ജുനെ അറസ്റ്റ് ചെയ്തത്.