പ്രവാചക നിന്ദ നടത്തിയ അധ്യാപകന്‍ ആക്രമിക്കപ്പെട്ട സംഭവം: എം കെ നാസറിന്റെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി

കേസില്‍ അറസ്റ്റിലായ ശേഷവും ശിക്ഷ വിധിച്ചതിന് ശേഷവുമായി ഒമ്പതുവര്‍ഷത്തിലധികം എം കെ നാസര്‍ ജയിലില്‍ കിടന്നെന്ന് ജസ്റ്റിസുമാരായ വി രാജാ വിജയരാഘവന്‍, പി വി ബാലകൃഷ്ണന്‍ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.

Update: 2024-12-12 13:38 GMT

കൊച്ചി: പ്രവാചക നിന്ദ നടത്തിയ അധ്യാപകന്‍ മൂവാറ്റുപുഴയില്‍ ആക്രമിക്കപ്പെട്ടെന്ന കേസിലെ മൂന്നാം പ്രതി എം കെ നാസറിന്റെ ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു. കേസില്‍ ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവയ്ക്കണം, രണ്ട് ആള്‍ ജാമ്യം വേണം, കോടതിയുടെ അനുമതിയില്ലാതെ വിദേശത്തേക്ക് പോവരുത്, ഒന്നാം പ്രതിയുടെ വിചാരണയില്‍ ഇടപെടരുത് തുടങ്ങിയവയാണ് ജാമ്യവ്യവസ്ഥകള്‍.

തൊടുപുഴ ന്യൂമാന്‍സ് കോളജിലെ അധ്യാപകനായിരുന്ന ടി ജെ ജോസഫ് 2010 ജൂലൈ നാലിനാണ് ആക്രമിക്കപ്പെട്ടത്. കേസിലെ മുഖ്യ ആസൂത്രകന്‍ എന്ന് പോലിസും പിന്നീട് എന്‍ഐഎയും ആരോപിച്ച എം കെ നാസര്‍ 2016 നവംബര്‍ ആറിന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. 2021 ജൂണ്‍ 23ന് തുടങ്ങിയ വിചാരണയില്‍ 2023 ജൂലൈ 12നാണ് കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതി വിധി പറഞ്ഞത്. ജീവപര്യന്തം തടവുശിക്ഷയാണ് വിധിച്ചത്.

കേസില്‍ അറസ്റ്റിലായ ശേഷവും ശിക്ഷ വിധിച്ചതിന് ശേഷവുമായി ഒമ്പതുവര്‍ഷത്തിലധികം എം കെ നാസര്‍ ജയിലില്‍ കിടന്നെന്ന് ജസ്റ്റിസുമാരായ വി രാജാ വിജയരാഘവന്‍, പി വി ബാലകൃഷ്ണന്‍ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. കേസില്‍ സമാനമായ ആരോപണം നേരിട്ട പ്രതികള്‍ക്ക് അഞ്ചുവര്‍ഷം തടവുശിക്ഷയാണ് ലഭിച്ചിരിക്കുന്നത്. അവരെല്ലാം ജയില്‍ മോചിതരായി. കേസിലെ ഒന്നാം പ്രതിയായ സവാദും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഇയാളുടെ വിചാരണ ഇനി നടക്കും.

എന്‍ഐഎ കോടതിയുടെ ശിക്ഷാ വിധിക്കെതിരേ ശിക്ഷിക്കപ്പെട്ടവര്‍ നല്‍കിയ അപ്പീലുകളും വെറുതെവിട്ടവര്‍ക്കെതിരേ എന്‍ഐഎ നല്‍കിയ അപ്പീലുകളും ഹൈക്കോടതിയുടെ പരിഗണനയിലാണ്. അവയില്‍ ഇപ്പോള്‍ അടുത്തൊന്നും വാദം കേട്ട് വിധി പറയുമെന്ന് തോന്നുന്നില്ല. ഇത്തരം സാഹചര്യങ്ങളില്‍ ശിക്ഷ നടപ്പാക്കുന്നത് താല്‍ക്കാലികമായി മാറ്റി വയ്ക്കാവുന്നതാണെന്ന് സുപ്രിംകോടതി നിരവധി തവണ പറഞ്ഞിട്ടുണ്ട്. അതിനാല്‍, എം കെ നാസറിന്റെ ശിക്ഷാവിധി മരവിപ്പിക്കുകയാണെന്ന് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. മുതിര്‍ന്ന അഭിഭാഷകനായ രാഗേന്ദു ബസന്ത്, ബി രഞ്ജിത് മാരാര്‍, ഇ എ ഹാരിസ്, പി സി നൗഷാദ്, വഖാറുല്‍ ഇസ്‌ലാം എന്നിവരാണ് എം കെ നാസറിന് വേണ്ടി ഹാജരായത്.

തൊടുപുഴ ന്യൂമാന്‍സ് കോളജിലെ അധ്യാപകനായിരുന്ന ടി ജെ ജോസഫ് 2010 മാര്‍ച്ച് 23നാണ് പ്രവാചക നിന്ദ ഉള്‍പ്പെടുന്ന ചോദ്യപേപ്പര്‍ തയ്യാറാക്കി വിദ്യാര്‍ഥികള്‍ക്ക് നല്‍കിയത്. തുടര്‍ന്ന് ജോസഫിനെതിരേ ശക്തമായ പ്രതിഷേധമുയരുകയും ആക്രമിക്കപ്പെടുകയുമായിരുന്നു. മൂവാറ്റുപുഴ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് എന്‍ഐഎക്ക് കൈമാറി. എന്‍ഐഎ പ്രതികളാക്കിയ 37 പേരില്‍ 31 പേര്‍ വിചാരണ നേരിട്ടു. ഇതില്‍ 18 പേരെ എന്‍ഐഎ കോടതി വെറുതെവിട്ടു. 13 പേരെ ശിക്ഷിച്ചു. കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. അതിനൊപ്പം അവരുടെ ശിക്ഷ വര്‍ധിപ്പിക്കണമെന്നും വിചാരണക്കോടതി വെറുതെ വിട്ടവരെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് എന്‍ഐഎയും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ അപ്പീലുകളെല്ലാം ഒരുമിച്ചാണ് ഹൈക്കോടതി പരിഗണിക്കുക.


Similar News