'ഇയാള്‍ മുസ്‌ലിമല്ലേ, ഇയാളെ പ്രത്യേകം ശ്രദ്ധിക്കണം'; പിഎയോട് പാര്‍ലിമെന്റില്‍ മതവിവേചനമെന്ന് ടി എന്‍ പ്രതാപന്‍ എംപി

സത്യത്തില്‍ തൂഫാനി മുസ് ലിമല്ലെന്നും മതം നോക്കിയിട്ടേ പാര്‍ലമെന്റിലേക്ക് സന്ദര്‍ശനം പോലുമുള്ളൂ എന്ന സ്ഥിതി നമ്മോട് പറയുന്നത് ശുഭ വാര്‍ത്തയല്ലെന്നും ടി എന്‍ പ്രതാപന്‍ ഫേസ്്ബുക്കില്‍ കുറിച്ചു

Update: 2019-08-06 09:25 GMT

കോഴിക്കോട്: പാര്‍ലിമെന്റിലെത്തിയപ്പോള്‍ പിഎയോടെ സുരക്ഷാ ജീവനക്കാര്‍ മതവിവേചനം കാട്ടിയെന്ന് ടി എന്‍ പ്രതാപന്‍ എംപിയുടെ ആരോപണം. പാര്‍ലിമെന്റിലേക്കുള്ള സന്ദര്‍ശകരുടെ പ്രവേശന പാസ് സംഘടിപ്പിക്കുന്നതിനിടെയാണ് മല്‍സ്യത്തൊഴിലാളി കോണ്‍ഗ്രസിന്റെ ദേശീയ കോ-ഓഡിനേറ്റര്‍മാരിലൊരാളായ തൂഫാനി നിഷാദിനെ മുസ്‌ലിമെന്നു തെറ്റിദ്ധരിച്ച് വിവേചനം കാട്ടിയത്. തന്റെ ഫേസ്ബുക്കിലൂടെയാണ് ടി എന്‍ പ്രതാപന്‍ ഇക്കാര്യം അറിയിച്ചത്. തൂഫാനി നിഷാദ് ഉള്‍പ്പെടെ മൂന്ന് പേര്‍ക്കാണ് പാസ് വേണ്ടിയിരുന്നത്. എന്നാല്‍, അദ്ദേഹത്തിന്റെ പേരുകണ്ട സെക്യൂരിറ്റി ജീവനക്കാരന്‍ ടി എന്‍ പ്രതാപന്‍ എംപിയുടെ മറ്റൊരു പിഎയായ പ്രവീണിനോട് 'ഇയാള്‍ മുസ്‌ലിമല്ലേ, ഇയാളെ പ്രത്യേകം ശ്രദ്ധിക്കണം എന്നു പറയുകയായിരുന്നുവത്രേ. എന്നാല്‍ സത്യത്തില്‍ തൂഫാനി മുസ് ലിമല്ലെന്നും മതം നോക്കിയിട്ടേ പാര്‍ലമെന്റിലേക്ക് സന്ദര്‍ശനം പോലുമുള്ളൂ എന്ന സ്ഥിതി നമ്മോട് പറയുന്നത് ശുഭ വാര്‍ത്തയല്ലെന്നും ടി എന്‍ പ്രതാപന്‍ ഫേസ്്ബുക്കില്‍ കുറിച്ചു. വര്‍ഗീയതയുടെ, അപരവല്‍ക്കരണത്തിന്റെ ഈ പോക്ക് അപകടകരമായ ഒരു വംശഹത്യയിലായിരിക്കും ചെന്നൊടുങ്ങുകയെന്നും ടി എന്‍ പ്രതാപന്‍ എംപി അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും ഇല്ലായ്മ ചെയ്തിട്ട് ഇവരുണ്ടാക്കാന്‍ പോവുന്ന ഇന്ത്യ ബ്രിട്ടീഷ് ഇന്ത്യയേക്കാള്‍ ഭയാനകമായിരിക്കും. നമ്മള്‍ ഒരു സമ്പൂര്‍ണ സ്വാതന്ത്ര്യ സമരത്തിന് സജ്ജരാകേണ്ടിയിരിക്കുന്നു എന്ന വരികളോടെയാണ് പ്രതാപന്‍ എംപി ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.



Tags:    

Similar News