ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവരിൽ കൊവിഡ് ബാധ കുറവെന്ന് ആരോഗ്യമന്ത്രി
കൊവിഡ് ബാധിതർക്ക് ചികിൽസ നൽകുന്നത് ഐസിഎംആർ മാർഗനിർദേശമനുസരിച്ച് മാത്രമേ സാധിക്കുകയുള്ളൂ. അതിനാൽ ഹോമിയോ മരുന്നു നൽകി ചികിൽസിക്കാൻ സാധിക്കില്ല.
തിരുവനന്തപുരം: ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവരിൽ കൊവിഡ് ബാധ കുറവാണെന്ന് പഠനത്തിൽ വ്യക്തമായതായി ആരോഗ്യമന്ത്രി കെകെ ശൈലജ. ഇത്തരത്തിൽ രോഗം വന്നവരിൽ തന്നെ വളരെ പെട്ടെന്ന് രോഗമുക്തി ഉണ്ടായതായി കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രതിരോധ മരുന്ന് കഴിച്ച ആളുകളിൽ കുറച്ചു പേർക്ക് മാത്രമേ കൊവിഡ് വന്നിട്ടുള്ളൂവെന്നും അഥവാ വന്നാൽ തന്നെ മൂന്നോ നാലോ ദിവസം കൊണ്ട് രോഗമുക്തി നേടിയതായും ചിലയിടങ്ങളിൽ നടത്തിയ പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ഡിഎംഒയും പ്രശസ്ത സംവിധായകനും കൂടിയായ ഡോ. ബിജു ഇത്തരത്തിൽ നടത്തിയ പഠനത്തിന്റെ ഫലം തന്നെ കാണിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു.
കൊവിഡ് പ്രതിരോധ മരുന്ന് ഹോമിയോയിൽ ഉണ്ടെന്ന് പറയുകയും അത് നൽകാൻ തയാറാവുകയും ചെയ്തിട്ടുണ്ട്. കൊവിഡ് ബാധിതർക്ക് ചികിൽസ നൽകുന്നത് ഐസിഎംആർ മാർഗനിർദേശമനുസരിച്ച് മാത്രമേ സാധിക്കുകയുള്ളൂ. അതിനാൽ ഹോമിയോ മരുന്നു നൽകി ചികിൽസിക്കാൻ സാധിക്കില്ല. പക്ഷേ രോഗം വരാതിരിക്കാനുള്ള പ്രതിരോധ മരുന്ന് കേരളത്തിലുടനീളം വിതരണം ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.