കൗമാരക്കാര്‍ക്ക് കോവാക്‌സിന്‍, കരുതല്‍ ഡോസ്; മാര്‍ഗ നിര്‍ദേശവുമായി കേന്ദ്രം

15നും 18നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്‌സിനാണ് നല്‍കുക എന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

Update: 2021-12-27 15:17 GMT

ന്യൂഡല്‍ഹി: കൗമാരക്കാര്‍ക്ക് കൊവിഡ് വാക്‌സിനും ആരോഗ്യപ്രവര്‍ത്തകര്‍ക്കും മുന്നണിപ്പോരാളികള്‍ക്കും 60 വയസിന് മുകളിലുള്ളവര്‍ക്കും കരുതല്‍ ഡോസും നല്‍കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. 15നും 18നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്‌സിനാണ് നല്‍കുക എന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

ജനുവരി മൂന്ന് മുതലാണ് കൗമാരക്കാര്‍ക്കുള്ള വാക്‌സിന്‍ വിതരണം ആരംഭിക്കുക. ഒന്നിന് രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിക്കും. ആരോഗ്യപ്രവര്‍ത്തകര്‍ക്കും മുന്നണിപ്പോരാളികള്‍ക്കും 60 വയസിന് മുകളിലുള്ളവര്‍ക്കും കരുതല്‍ ഡോസ് നല്‍കുന്നത് ജനുവരി പത്തുമുതലാണ്. രണ്ടാമത്തെ ഡോസ് സ്വീകരിച്ച് 39 ആഴ്ച പൂര്‍ത്തിയായവര്‍ക്കാണ് കരുതല്‍ ഡോസ് നല്‍കുക. 60 വയസിന് മുകളില്‍ പ്രായമുള്ള അനുബന്ധ രോഗമുള്ളവര്‍ക്ക് ഡോക്ടരുടെ നിര്‍ദേശപ്രകാരമാണ് വാക്‌സിന്‍ നല്‍കുക എന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

സര്‍ക്കാര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ സൗജന്യമായാണ് വാക്‌സിന്‍ നല്‍കുക. നിലവിലുള്ള കോവിന്‍ അക്കൗണ്ട് വഴിയാണ് രജിസ്ട്രര്‍ ചെയ്യേണ്ടത്. കോവിന്‍ ആപ്പില്‍ രണ്ടാമത്തെ ഡോസ് സ്വീകരിച്ചതായി രേഖപ്പെടുത്തിയിരിക്കുന്ന തീയതി നോക്കിയാണ് വാക്‌സിന്‍ നല്‍കുക. വാക്‌സിന്‍ സ്വീകരിക്കേണ്ട സമയമാകുമ്പോള്‍ ഗുണഭോക്താവിനെ എസ്എംഎസ് വഴി ഇക്കാര്യം അറിയിക്കും.

15നും 18നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നത് 2007 വര്‍ഷത്തെ അടിസ്ഥാനമാക്കിയാണ്. 2007 വര്‍ഷമോ, അതിന് മുന്‍പോ ജനിച്ചവര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. കോവിന്‍ ആപ്പില്‍ കയറി രജിസ്റ്റര്‍ ചെയ്യണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

Tags:    

Similar News