തുലാവര്‍ഷം കനക്കും; 14 ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട്, ശക്തമായ ഇടിമിന്നലിനും സാധ്യത
മലയോരമേഖലകളില്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ളതിനാല്‍ രാത്രിയാത്രകള്‍ ഒഴിവാക്കണം. ഇന്ന് 14 ജില്ലകളിലും ഞായറാഴ്ച കാസര്‍കോഡ് ഒഴികെ ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 22 വരെ ശക്തമായ മഴ തുടരും.
തിരുവനന്തപുരം: സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മഴയ്‌ക്കൊപ്പം ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട്. ഒറ്റതിരിഞ്ഞ് കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രതപാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. മലയോരമേഖലകളില്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ളതിനാല്‍ രാത്രിയാത്രകള്‍ ഒഴിവാക്കണം. ഇന്ന് 14 ജില്ലകളിലും ഞായറാഴ്ച കാസര്‍കോഡ് ഒഴികെ ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 22 വരെ ശക്തമായ മഴ തുടരും.
ഇന്ന് മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റുവീശാന്‍ സാധ്യതയുള്ള വടക്കന്‍ കേരള തീരത്തോടും ലക്ഷദ്വീപ് പ്രദേശങ്ങളോടും കര്‍ണാടക തീരത്തോടും ചേര്‍ന്നുള്ള മധ്യകിഴക്ക് അറബിക്കടല്‍ മേഖലയില്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോവരുതെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. 20ന് കര്‍ണാടക തീരത്ത് മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റുവീശാന്‍ സാധ്യതയുണ്ടെന്നും അറിയിച്ചിട്ടുണ്ട്. കേരളത്തില്‍ മഴയോടനുബന്ധിച്ച് ഉച്ചക്ക് രണ്ടുമണി മുതല്‍ വൈകീട്ട് 10 മണി വരെയുള്ള സമയത്താണ് ശക്തമായ ഇടിമിന്നലിനുള്ള സാധ്യതയുള്ളത്. ഇത്തരം ഇടിമിന്നല്‍ അപകടകാരികളാണ്.
അവ മനുഷ്യജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഇടിമിന്നലിനെ ഒരു സംസ്ഥാന സവിശേഷദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടുദിവസങ്ങളിലായി പെയ്ത കനത്ത മഴയില്‍ സംസ്ഥാനത്ത് പലയിടങ്ങളിലും കനത്ത നാശനഷ്ടങ്ങളാണുണ്ടായത്. തിരുവനന്തപുരം അമ്പൂരി തൊടുമലയില്‍ ഉരുള്‍പൊട്ടി. വൈകീട്ട് നാലുമണിയോടെയാണ് തൊടുമല ഓറഞ്ചുകാട്ടില്‍ ഉരുള്‍പൊട്ടിയത്. ആളപായമില്ലെങ്കിലും മലവെള്ളപ്പാച്ചിലിലും മണ്ണൊലിപ്പിലും വന്‍ കൃഷിനാശമുണ്ടായി. കോഴിക്കോട് ജില്ലയുടെ മലയോരത്ത് കനത്തമഴ തുടരുകയാണ്. തുഷാരഗിരി പോത്തുണ്ടിയിലെ താല്‍ക്കാലിക പാലം മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി.
കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്ന പാലത്തിന് പകരം രണ്ടുമാസം മുമ്പാണ് ഒമ്പതുലക്ഷം രൂപ ചെലവില്‍ താല്‍ക്കാലിക പാലം നിര്‍മിച്ചത്. മേഖലയിലെ റോഡുകള്‍ക്കും കേടുപാടുണ്ടായി. വനമേഖലയില്‍ ഉരുള്‍പ്പൊട്ടിയതായി സംശയമുണ്ട്. തൃശൂരില്‍ അതിരപ്പിള്ളി, മലക്കപ്പാറ മേഖലയില്‍ കനത്തമഴ തുടരുന്നതിനാല്‍ ചാലക്കുടി- അതിരപ്പിള്ളി പാതയില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. പാലക്കാട് മലമ്പുഴ അണക്കെട്ടിന്റെ ഷട്ടറുകള്‍ 15 സെ.മീ. ഉയര്‍ത്തി. കല്‍പ്പാത്തി, ഭാരതപ്പുഴ തീരത്തുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.