കട്ടപ്പന: സംസ്ഥാനത്ത് നാളെ മുതല്‍ ചുഴലിക്കാറ്റും കനത്ത മഴയും കാലാവസ്ഥ വിഭാഗം പ്രവച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇടുക്കി ജില്ലയില്‍ അതീവ ജാഗ്രത.
ജില്ലയില്‍ ഒക്ടോബര്‍ 24 വരെ രാത്രിയാത്ര നിരോധിച്ചതായി ജില്ലാ കലക്ടര്‍ ഷീബാ ജോര്‍ജ് അറിയിച്ചു. അടിയന്തിരമായി ചേര്‍ന്ന ദുരന്തനിവാരണ സമിതി യോഗം ഒരുക്കങ്ങള്‍ വിലയിരുത്തി. കഴിഞ്ഞ ദിവസങ്ങളില്‍ ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലും ഉണ്ടായ ഇടങ്ങളില്‍ അതീവ ശ്രദ്ധ പുലര്‍ത്താന്‍ റവന്യം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഇടുക്കിയുമായി ബന്ധപ്പെട്ട കോട്ടയം കുമളി റോഡില്‍ ആവശ്യ സര്‍വീസുകള്‍ മാത്രമായി ഗതാഗതം നിജപ്പെടുത്തിയിട്ടുണ്ട്.
ദേവികുളം ഗ്യാപ് റോഡ് സ്ഥിതികള്‍ വിലയിരുത്തി മാത്രം തുറക്കും. മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരെ നിര്‍ബന്ധപൂര്‍വം ക്യാംപുകളിലേക്ക് മാറ്റാന്‍ ജില്ലാ കലക്ടര്‍ തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇന്നും നാളെയും റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും ജോലിക്ക് ഹാജരായിരിക്കണം. മെഡിക്കല്‍ ലീവ് ഒഴികെ അനുവദിക്കില്ലെന്നും കലക്ടര്‍ വ്യക്തമാക്കി.
ആവശ്യ ഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ മണ്ണുമാറ്റല്‍ യന്ത്രങ്ങള്‍ തയാറാക്കി നിര്‍ത്തും. ദുരിതാശ്വാസ ക്യാംപുകളില്‍ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥര്‍ ഉണ്ടായിരിക്കണം. ജില്ലയില്‍ പാറമടകളും മണ്ണെടുപ്പും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല. അപകടനിലയിലുള്ള മരങ്ങള്‍ ഇനിയുമുണ്ടെങ്കില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇടപെട്ട് അവ വെട്ടിമാറ്റണം. ഇടിഞ്ഞു വീഴാറായ പാറക്കല്ലുകള്‍ സുരക്ഷിതമായി പൊട്ടിച്ചു നീക്കണം. ദേവികുളം താലൂക്കില്‍ എല്ലാവിധ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയതായി സബ് കളക്ടര്‍ രാഹുല്‍ കൃഷ്ണ ശര്‍മ അറിയിച്ചു. മാങ്കുളം, ആനവിരട്ടി പോലെ അതീവ അപകട സാധ്യതാ മേഖലകളില്‍ കര്‍ശന ജാഗ്രത പുലര്‍ത്താന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. മുല്ലപ്പെരിയാര്‍ സാന്നിധ്യമേഖലയായ മഞ്ചുമലയില്‍ പ്രത്യേക നിരീക്ഷണം ഉണ്ടായിരിക്കും.
ഇടുക്കി ഡാം തുറന്നതുമായി ബന്ധപ്പെട്ട് വാഴത്തോപ്പ്, കീരിത്തോട് എന്നിവിടങ്ങളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നിട്ടുണ്ട്. ഇവിടെ ഇപ്പോള്‍ 14 പേര്‍ കഴിയുന്നു. ക്യാംപുകളില്‍ മെഡിക്കല്‍ ടീം ഉണ്ടായിരിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.
ജില്ലയില്‍ നാളെ മുതല്‍ 24 വരെ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. യോഗത്തില്‍ ജില്ലയിലെ തഹസില്‍ദാര്‍മാരും വില്ലേജ് ഓഫീസര്‍മാരും മറ്റ് ഇതര വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.