സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; ഇന്ന് അഞ്ച് മരണം

Update: 2024-05-28 15:55 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുന്നു. വിവിധ ജില്ലകളിലായി ഇന്ന് മഴക്കെടുതിയില്‍ മരണപ്പെട്ടവരുടെ എണ്ണം അഞ്ചായി. ആലപ്പുഴ, കോട്ടയം, ഇടുക്കി, തിരുവനന്തപുരം, കാസര്‍കോട് ജില്ലകളിലാണ് മരണം റിപോര്‍ട്ട് ചെയ്തത്. വേമ്പനാട്ടുകായലില്‍ വള്ളംമറിഞ്ഞ് വൈക്കം ചെമ്പ് സ്വദേശി കിഴക്കേകാട്ടമ്പള്ളി സദാനന്ദന്‍(57) മരണപ്പെട്ടു. വേമ്പനാട്ടുകായലിന്റെ ചെമ്പ് കാട്ടിക്കുന്ന് ഭാഗത്തായിരുന്നു അപകടം. വള്ളത്തില്‍ നിന്ന് വല വലിക്കുന്നതിനിടെ ശക്തമായ കാറ്റില്‍ സദാനന്ദന്‍ കായലിലേക്ക് വീഴുകയായിരുന്നു. മാവേലിക്കരയില്‍ മരം കടപുഴകി മാവേലിക്കര സ്വദേശി അരവിന്ദനാണ് മരിച്ചത്. വീട്ടുവാതില്‍ക്കല്‍ നില്‍ക്കുന്നതിനിടെ തെങ്ങ് പൊട്ടിവീണാണ് മരണപ്പെട്ടത്. ഇടുക്കി മറയൂര്‍ കോവില്‍ക്കടവില്‍ ഒഴുക്കില്‍പ്പെട്ട് പാമ്പാര്‍ സ്വദേശി രാജന്‍ (57) ആണ് മരിച്ചു. മീന്‍ പിടിക്കുന്നതിനിടിയില്‍ കാല്‍ വഴുതി ആറ്റിലേക്ക് വീഴുകയായിരുന്നു. അഗ്‌നിരക്ഷാസേനയും പോലീസും സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. പിന്നീട് സമീപത്തെ കടവില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തിരുവനന്തപുരം മുതലപ്പൊഴിയില്‍ വള്ളം പുലിമൂട്ടിലിടിച്ചുണ്ടായ അപകടത്തില്‍ മല്‍സ്യത്തൊഴിലാളിയായ അഞ്ചുതെങ് സ്വദേശി എബ്രഹാം മരണപ്പെട്ടിരുന്നു.

    കാഞ്ഞങ്ങാട്ട് കൂട്ടുകാര്‍ക്കൊപ്പം അരയിപുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി അരയി വട്ടത്തോട് മുഹമ്മദ് സിനാന്‍ ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11.30നായിരുന്നു സംഭവം. പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് സിനാന്‍. അതിനിടെ, തിരുവനന്തപുരത്തും കൊച്ചിയിലും അതിരൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെട്ടു. കിള്ളിയാര്‍ കരകവിഞ്ഞ് നിരവധി വീടുകളിലും സ്ഥാപനങ്ങളിലും വെള്ളംകയറി. വര്‍ക്കല പാപനാശത്തിന് പിന്നിലെ ബലിമണ്ഡപത്തിന്റെ ഭാഗത്തെ കുന്നിടിഞ്ഞ് ബലിതര്‍പ്പണ ചടങ്ങുകള്‍ തടസ്സപ്പെട്ടു. ശക്തമായ മഴ കാരണം തിരുവനന്തപുരം പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു. കൊച്ചിയിലും സ്ഥിതി രൂക്ഷമായി തുടരുകയാണ്. അരൂര്‍ ഇടപ്പള്ളി ദേശീയപാതയില്‍ വാഹനങ്ങള്‍ മണിക്കൂറുകളോളം കുടുങ്ങി. വൈറ്റില മുതല്‍ കളമശ്ശേരി വരെ ഗതാഗതക്കുരുക്ക് രൂക്ഷമായി. ഫോര്‍ട്ട് കൊച്ചിയില്‍ ബസ്സിന് മുകളില്‍ മരം വീണെങ്കിലും ആര്‍ക്കും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

Tags:    

Similar News