കോട്ടയത്ത് അതിതീവ്ര മഴ; ഉരുള്‍പൊട്ടല്‍, വന്‍ കൃഷിനാശം

Update: 2024-05-28 11:17 GMT
കോട്ടയം: സംസ്ഥാനത്ത് പലയിടത്തും അതിശക്തമായ മഴ തുടരുന്നു. കോട്ടയത്ത് ഉരുള്‍പൊട്ടലും വന്‍ കൃഷിനാശവുമുണ്ടായി. കോട്ടയത്തെ മലയോര മേഖലകളിലും പൂഞ്ഞാര്‍ ഉള്‍പ്പെടെയുള്ളിടങ്ങളിലും ശക്തമായ മഴയായിരുന്നു. വാഗമണ്‍ റോഡില്‍ ഉരുള്‍പൊട്ടലുണ്ടായതിനെ തുടര്‍ന്ന് ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. റോഡിന് മുകളിലെ പുരയിടത്തില്‍നിന്ന് കല്ലും മണ്ണും വന്‍തോതില്‍ റോഡിലേയ്‌ക്കെത്തിയതാണ് ഗതാഗത തടസ്സത്തിനു കാരണം. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കല്ലും മണ്ണും മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. മീനച്ചില്‍ താലൂക്കിലെ മലയോരമേഖലയില്‍ പെയ്ത ശക്തമായ മഴയെത്തുടര്‍ന്ന് വ്യാപക നാശനഷ്ടങ്ങളുണ്ടായി. തലനാടും ഉരുള്‍പൊട്ടല്‍ ഉണ്ടായതായാണ് റിപോര്‍ട്ട്. മേലുകാവ്, മൂന്നിലവ്, തീക്കോയി, പൂഞ്ഞാര്‍ തെക്കേക്കര, തലനാട് തുടങ്ങിയ മലയോര പഞ്ചായത്തുകളിലെല്ലാം മഴ ശക്തമായിരുന്നു. ഇതോടെ മീനച്ചിലാറ്റിലേയ്ക്കുള്ള കൈവഴികള്‍ ഉച്ചയോടെ നിറഞ്ഞു. തലനാട് പഞ്ചായത്തിലെ ഇല്ലിക്കകല്ലിന് സമീപം ചോനമലയില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. നരിമറ്റം ചോവൂര്‍ ഇലവുമ്പാറ റോഡ് തകര്‍ന്നു. പിണക്കാട്ട് കുട്ടിച്ചന്റെ ആടുകള്‍ മണ്ണിടിച്ചിലില്‍പ്പെട്ടു. ഒരു ആടിനെ ചത്ത നിലയില്‍ കണ്ടെത്തി. കല്ലേപുരയ്ക്കല്‍ ജോമോന്‍, ജോര്‍ജ് പീറ്റര്‍, മൂത്തനാനിക്കല്‍ മനോജ് എന്നിവരുടെ പുരയിടത്തിലും വ്യാപക കൃഷി നാശം ഉണ്ടായി. തീക്കോയി പഞ്ചായത്തിലെ കല്ലത്ത് മണ്ണിടിച്ചിലുണ്ടായി. മാര്‍മല അരുവിയില്‍ അതിശക്തമായ ഒഴുക്കാണ് അനുഭവപ്പെടുന്നത്. പ്രദേശത്തേക്കുള്ള പ്രവേശനം പഞ്ചായത്ത് അധികൃതര്‍ നിരോധിച്ചിട്ടുണ്ട്. പാലാ ഈരാറ്റുപേട്ട റോഡില്‍ പനയ്ക്കപ്പാലം, അമ്പാറ അമ്പലം എന്നിടങ്ങളിലും റോഡില്‍ വെള്ളംകയറി. ഇതിനിടെ, മഴ കനക്കുന്നതിനാല്‍ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍കല്ല്, മാര്‍മല അരുവി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട-വാഗമണ്‍ റോഡിലെ രാത്രികാലയാത്രയും നിരോധിച്ചിരിക്കുകയാണ്. തീക്കോയി കല്ലത്ത് മണ്ണിടിച്ചിലുണ്ടായതോടെ ഗതാഗതം മുടങ്ങി.
Tags:    

Similar News