തുടര്‍ച്ചയായ ദിവസങ്ങളില്‍ കനത്ത മഴ പ്രവചനം; റവന്യൂമന്ത്രി അടിയന്തര യോഗം ചേര്‍ന്നു
തൃശൂര്‍: തുടര്‍ച്ചയായ നാലു ദിവസങ്ങളില്‍ സംസ്ഥാനത്ത് കനത്ത മഴ പെയ്യുമെന്ന കാലാവസ്ഥാ പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ ഏത് അടിയന്തര സാഹചര്യത്തെയും നേരിടാന്‍ എല്ലാ ജില്ലകളും ഒരുങ്ങിയിരിക്കണമെന്ന് റവന്യൂമന്ത്രി കെ രാജന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍ പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഓണ്‍ലൈനായി ചേര്‍ന്ന അടിയന്തര യോഗത്തിലാണ് മന്ത്രി നിര്‍ദ്ദേശം നല്‍കിയത്.
തുടര്‍ച്ചയായ ദിവസങ്ങളില്‍ സംസ്ഥാനത്ത് കനത്ത മഴ പ്രവചിക്കപ്പെടുന്നത് സമീപകാലത്ത് ഇതാദ്യമായാണ്. ഡാമുകള്‍ നിറയാനും പുഴകളിലെ ജലനിരപ്പ് ഉയരാനും കടല്‍ പ്രക്ഷുബ്ധമാവാനും മണ്ണിടിച്ചിലിനും ഇത് വഴിവയ്ക്കാമെന്നതിനാല്‍ ഇവ നേരിടുന്നതിന് ആവശ്യമായ എല്ലാ തയ്യാറെടുപ്പുകളും ജില്ലാ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ മുന്‍കൂട്ടി തയ്യാറാക്കണമെന്ന് മന്ത്രി അറിയിച്ചു. ഡാമുകളിലെ ജലനിരപ്പ് നിരീക്ഷിക്കുന്നതിനും അവയിലെ ജലവിതാനം ക്രമീകരിക്കുന്നതിനും ആവശ്യമായ നടപടികള്‍ ജാഗ്രതയോടെ
സ്വീകരിക്കണം.
ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ള പുഴയോരങ്ങളിലും മണ്ണിടിച്ചില്‍ സാധ്യതാ പ്രദേശങ്ങളിലും തീരദേശങ്ങളിലും താമസിക്കുന്നവരെ ആവശ്യം വന്നാല്‍ മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും ഉറപ്പുവരുത്തണം. ഇതേക്കുറിച്ചുള്ള കൃത്യമായ മുന്നറിയിപ്പുകള്‍ പ്രദേശവാസികള്‍ക്ക് നേരത്തേ ലഭ്യമാക്കുകയും ഇവരെ വേണ്ടിവന്നാല്‍ മാറ്റിത്താമസിപ്പിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുകയും വേണം. മാറ്റിത്താമസിപ്പിക്കുന്ന ക്യാംപുകള്‍ക്ക് ചുമതലക്കാരെ നിശ്ചയിച്ചുനല്‍കുകയും
അവ പ്രവര്‍ത്തനക്ഷമമാണെന്നും വെള്ളം, വൈദ്യുതി, ശുചീകരണ സംവിധാനങ്ങള്‍ മുതലായവ ഉണ്ടെന്ന് പരിശോധിച്ച് ഉറപ്പുവരുത്തുകയും വേണം. വില്ലേജ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെയുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ തങ്ങളുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ തന്നെ ഉണ്ടെന്ന് ഉറപ്പുവരുത്തണം. അവധിയില്‍ പോയവരുണ്ടെങ്കില്‍ പകരം മറ്റൊരാള്‍ക്ക് ചുമതല നല്‍കണം. താലൂക്ക് എമര്‍ജന്‍സി കണ്‍ട്രോള്‍ റൂമുകള്‍ ഉള്‍പ്പെടെ 24 മണിക്കൂറും പ്രവര്‍ത്തിക്കണമെന്നും മന്ത്രി അറിയിച്ചു.
വെള്ളം കയറിയാല്‍ ഒറ്റപ്പെട്ടുപോവാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ ആവശ്യമെങ്കില്‍ ഭക്ഷണം ഉള്‍പ്പെടെയുള്ളവ മുന്‍കൂട്ടി കരുതിവയ്ക്കാന്‍ സംവിധാനമൊരുക്കണം.
മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ശബരിമലയില്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി അവിടേക്ക് എന്‍ഡിആര്‍എഫ് സംഘത്തെ ആവശ്യപ്പെടാനും മന്ത്രി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വില്ലേജ് തല ജനകീയ സമിതികളെയും സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാരെയും സജ്ജമാക്കി നിര്‍ത്തണം. അടിയന്തര സാഹചര്യമുണ്ടാവുന്ന പക്ഷം അത് നേരിടുന്നതിനായി മത്സ്യത്തൊഴിലാളികളെയും അവരുടെ ഉപകരണങ്ങളും ഏത് സമയത്തും ലഭ്യമാവുന്ന വിധത്തില്‍ സജ്ജീകരിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. മഴക്കെടുതികള്‍ നേരിടുന്നതിന് ജില്ലകള്‍ നടത്തിയ തയ്യാറെടുപ്പുകള്‍ യോഗം വിലയിരുത്തി. യോഗത്തില്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് പുറമെ, അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ.എം ജയതിലക്, ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, കേരള സ്‌റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി മെമ്പര്‍ സെക്രട്ടറി ഡോ. ശേഖരന്‍ കുര്യാക്കോസ് തുടങ്ങിയവര്‍ പങ്കെടുത്തു.