സംസ്ഥാനത്ത് അഞ്ച് ദിവസം കനത്ത മഴ; 10 ഡാമുകളില്‍ റെഡ് അലര്‍ട്ട്

Update: 2022-08-31 12:26 GMT
സംസ്ഥാനത്ത് അഞ്ച് ദിവസം കനത്ത മഴ; 10 ഡാമുകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ കെഎസ്ഇബിയുടെ നിയന്ത്രണത്തിലുള്ള 10 ഡാമുകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു. ഇടമലയാര്‍, കക്കി, ബാണാസുര സാഗര്‍, ഷോളയാര്‍, പൊന്മുടി, കുണ്ടള. ലോവര്‍ പെരിയാര്‍, ഇരട്ടയാര്‍, കല്ലാര്‍കുട്ടി, മൂഴിയാര്‍ എന്നീ ഡാമുകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഇടുക്കി ജില്ലയിലെ മാട്ടുപ്പെട്ടി, ആനയിറങ്ങല്‍, തൃശൂരിലെ പെരിങ്ങല്‍കുത്ത് ഡാമുകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാല്‍ മലമ്പുഴ ഡാം ഇന്ന് രാവിലെ തുറന്നിരുന്നു. നാല് ഷട്ടറുകള്‍ 10 സെന്റീമീറ്റര്‍ വീതമാണ് തുറന്നത്. 45 ദിവസത്തിനിടെ മൂന്നാം തവണയാണ് മലമ്പുഴ ഡാം തുറക്കുന്നത്. തീരപ്രദേശത്ത് താമസിക്കുന്നവര്‍ക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.

അടുത്ത മൂന്നുമണിക്കൂറില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഇടിയോടുകൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം തുടങ്ങിയ എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. നാളെയും ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്.

തമിഴ്‌നാടിനും സമീപ പ്രദേശങ്ങള്‍ക്ക് മുകളിലുമായി ചക്രവാതചുഴി നിലനില്‍ക്കുന്നതാണ് മഴ ശക്തമാവാന്‍ കാരണം. തമിഴ്‌നാട് മുതല്‍ മധ്യപ്രദേശ് വരെ ന്യൂനമര്‍ദ്ദ പാത്തി നിലനില്‍ക്കുന്നു. ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടിക്കും മിന്നലിനും സാധ്യതയുണ്ട്. ഇന്നും നാളെയും കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള- കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ ആഗസ്ത് 31 മുതല്‍ സപ്തംബര്‍ 3 വരെ മല്‍സ്യബന്ധനത്തിനു പോവാന്‍ പാടില്ലെന്നാണ് മുന്നറിയിപ്പ്. ഇവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 വരെ കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

Tags:    

Similar News