തുലാവര്‍ഷത്തിന് ഇന്നു തുടക്കം; ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; മുന്നറിയിപ്പ്
വ്യാഴാഴ്ചയും വെളളിയാഴ്ചയും പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ശനിയാഴ്ച തെക്കന്‍ ജില്ലകളായ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷത്തിന് ഇന്നു തുടക്കം.തുലാവര്‍ഷത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ശനിയാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്നാണ് അറിയിപ്പിലുള്ളത്.
വ്യാഴാഴ്ചയും വെളളിയാഴ്ചയും പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ശനിയാഴ്ച തെക്കന്‍ ജില്ലകളായ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്നലെയോടെ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ പിന്‍മാറി. ഇന്നു മുതല്‍ തുലാവര്‍ഷം ആരംഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മലയോരമേഖലയില്‍ കനത്ത മഴക്ക് സാധ്യതയുണ്ട്. ഉച്ചതിരിഞ്ഞ് ഇടിമിന്നലോടുകൂടിയ മഴയാണ് തുലാവര്‍ഷത്തിന്റെ പ്രത്യേകത. ബംഗാള്‍ ഉള്‍ക്കടലിലും അറേബ്യന്‍ സമുദ്രത്തിലും ചുഴലിക്കാറ്റുകള്‍ രൂപമെടുക്കുന്നതു ഈ കാലയളവിലാണ്. ഇത്തവണ അറേബ്യന്‍ സമുദ്രത്തില്‍ ചുഴലിക്കാറ്റുകള്‍ കുറവായിരിക്കുമെന്നാണ് കാലാവസ്ഥാ ശാസ്ത്രഞരുടെ കണക്കുകൂട്ടല്‍.
ഉച്ചയ്ക്കു 2 മുതല്‍ രാത്രി 10 വരെ ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. ചില സമയങ്ങളില്‍ രാത്രി വൈകിയും ഇതു തുടര്‍ന്നേക്കാം മലയോര മേഖലയില്‍ ഇടിമിന്നല്‍ സജീവമാകാനാണു സാധ്യത. ഇത്തരം ഇടിമിന്നല്‍ കൂടുതല്‍ അപകടകരമാണെന്നും മനുഷ്യ ജീവനും വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സംഭവിക്കാം. മിന്നലില്‍ പൊള്ളലേല്‍ക്കുകയോ കാഴ്ചയോ കേള്‍വിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കുകയോ ചെയ്യാം. മിന്നലാഘാതമേറ്റ ആളിന്റെ ശരീരത്തില്‍ വൈദ്യുത പ്രവാഹമുണ്ടാകില്ല. അതിനാല്‍ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നല്‍കാന്‍ മടിക്കരുത്. ആദ്യ 30 സെക്കന്‍ഡ് ജീവന്‍ രക്ഷിക്കാനുള്ള സുവര്‍ണ നിമിഷങ്ങളാണ്. അന്തരീക്ഷം മേഘാവൃതമാണെങ്കില്‍ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 10 വരെ തുറസ്സായ സ്ഥലത്തും ടെറസിലും കുട്ടികള്‍ കളിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.