സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത; ഇടുക്കിയില്‍ യെല്ലോ അലര്‍ട്ട്
ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 എംഎം മുതല്‍ 115.5 എംഎം വരെ മഴ ലഭിക്കുന്ന ശക്തമായ മഴ ഉണ്ടാകാമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയത്.
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഇന്നും കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 എംഎം മുതല്‍ 115.5 എംഎം വരെ മഴ ലഭിക്കുന്ന ശക്തമായ മഴ ഉണ്ടാകാമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയത്. മഴയോട് അനുബന്ധിച്ച് ഇടിമിന്നല്‍ ഉണ്ടാകുമെന്നും, ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
കനത്ത മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഇടുക്കി ജില്ലയില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മെയ് 04 വരെ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ചില നേരങ്ങളില്‍ പൊടുന്നനെ വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരളത്തില്‍ ഇപ്പോള്‍ ലഭിക്കുന്ന മഴയോടനുബന്ധിച്ച് ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യതയുണ്ട്. ചില സമയങ്ങളില്‍ രാത്രി വൈകിയും ഇത് തുടര്‍ന്നേക്കാം. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ് നല്‍കി.
തെക്ക്കിഴക്ക് ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കി മി വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യതയുണ്ട്. അതിനാല്‍ കടലില്‍ പോകുന്ന മല്‍സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണം. തെക്ക്കിഴക്ക് ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്നുള്ള തെക്ക് ആന്‍ഡമാന്‍ കടലിലും നാളെയും മറ്റന്നാളും മണിക്കൂറില്‍ 40 മുതല്‍ 50 കി മി വേഗതയില്‍ ശക്തമായ കാറ്റ് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.