സംസ്ഥാനത്ത് അഞ്ചാം ദിനവും കനത്ത മഴ; വ്യാപക നാശനഷ്ടം, നിരവധിയിടങ്ങളില്‍ വെള്ളംകയറി
വടക്കന്‍ കേരളത്തിലെ 4 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ദുരന്ത സാധ്യതാ പ്രദേശങ്ങളുടെ പട്ടിക അടിയന്തരമായി തയ്യാറാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.
തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായ അഞ്ചാംദിനവും കനത്ത മഴ. വിവിധയിടങ്ങളില്‍ വ്യാപക നാശനഷ്ടമാണ് റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. ആലപ്പുഴ ആറാട്ടുപുഴയില്‍ കടല്‍ക്ഷോഭമുണ്ടായി. കോഴിക്കോട് പയ്യാനക്കലില്‍ നൂറോളം വീടുകളില്‍ വെള്ളംകയറി. വടക്കന്‍ കേരളത്തിലെ 4 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ദുരന്ത സാധ്യതാ പ്രദേശങ്ങളുടെ പട്ടിക അടിയന്തരമായി തയ്യാറാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.
കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് വടക്കന്‍ കേരളത്തിലാണ് ഇന്ന് മഴക്കെടുതി ഏറ്റവും രൂക്ഷം. വെള്ളക്കെട്ട് പലയിടത്തും ജനങ്ങളെ ദുരിതത്തിലാക്കി. നിരവധി വീടുകളില്‍ വെള്ളം കയറി. 207 മില്ലീമീറ്റര്‍ മഴ പെയ്ത കണ്ണൂര്‍ ജില്ലയിലെ ചെറുതാഴത്താണ് സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്.
ആലപ്പുഴ ആറാട്ടുപുഴ വലിയഴീക്കല്‍ പാലത്തിന് സമീപമുള്ള പ്രദേശത്ത് കടല്‍ കയറി. അപ്രോച്ച് റോഡിലും വെള്ളം കയറിയതോടെ ഇതു വഴിയുള്ള ഗതാഗതം ദുഷ്‌കരമായി. പെരുമ്പാടി, തറയില്‍കടവ് പ്രദേശങ്ങളിലും വെള്ളം കയറി. വിഴിഞ്ഞത്ത് വിലക്ക് ലംഘിച്ച് കടലില്‍ പോയ മൂന്ന് മത്സ്യത്തൊഴിലാളികള്‍ ബോട്ടിന്റെ എഞ്ചിന്‍ തകരാര്‍ കാരണം കടലില്‍ കുടുങ്ങി. ഇവരെ കോസ്റ്റല്‍ പോലിസ് രക്ഷിച്ചു.
കോട്ടയം ജില്ലയുടെ കിഴക്കന്‍ മലയോര മേഖലയിലും ശക്തമായ മഴ പെയ്തു. ഇടുക്കിയില്‍ പരക്കെ മഴയുണ്ടായിരുന്നു, എന്നാല്‍ കാര്യമായ ശക്തി ഉണ്ടായിരുന്നില്ല. ഇപ്പോഴും പല സ്ഥലത്തും നേരിയ മഴ തുടരുന്നു, നാശ നഷ്ടം ഒന്നും ഉണ്ടായിട്ടില്ല. പത്തനംതിട്ടയിയില്‍ വിവിധ ഇടങ്ങളില്‍ ഇടവിട്ട് മഴ പെയ്തു. ഉച്ചയ്ക്ക് ശേഷം മൂടി കെട്ടിയ അന്തരീക്ഷമാണ്. കോഴിക്കോട് രാത്രിയും മഴ തുടരുകയാണ്. ശക്തമായ കാറ്റും വീശുന്നുണ്ട്. പലയിടങ്ങളിലും മരങ്ങള്‍ പൊട്ടിവീണിട്ടുണ്ട്.