ശനിയാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴ; നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വെള്ളിയാഴ്ചയും വ്യാഴാഴ്ചയും ഇടുക്കി ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച എറണാകുളത്തും കണ്ണൂരും അതിശക്തമായ മഴ പെയ്യുമെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.

Update: 2021-07-20 09:37 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച വരെ കനത്തമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വെള്ളിയാഴ്ചയും വ്യാഴാഴ്ചയും ഇടുക്കി ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച എറണാകുളത്തും കണ്ണൂരും അതിശക്തമായ മഴ പെയ്യുമെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.

വ്യാഴാഴ്ച അതിശക്തമായ മഴ കണക്കിലെടുത്ത് കോഴിക്കോടും കാലാവസ്ഥ വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കി. വെള്ളിയാഴ്ച പാലക്കാട് ഒഴിച്ചുള്ള എല്ലാ ജില്ലകളിലും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. പത്തുജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. വ്യാഴാഴ്ച തിരുവനന്തപുരം, പാലക്കാട് ഒഴികെയുള്ള ജില്ലകളിലും ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ശനിയാഴ്ച വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് എവിടെയും ജാഗ്രതാനിര്‍ദേശം ഇല്ല. എന്നാല്‍ ബുധനാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Tags:    

Similar News