റിപോര്‍ട്ട് പഠിച്ച ശേഷമേ മറുപടിയുള്ളൂവെന്ന് സിദ്ദിഖ്; മൊഴി നല്‍കിയവര്‍ക്കൊപ്പമെന്ന് ആസിഫലി
കൊച്ചി: മലയാള സിനിമയിലെ സ്ത്രീകളെ ചൂഷണം ചെയ്യുന്നതു സംബന്ധിച്ച ഹേമാ കമ്മിറ്റി റിപോര്‍ട്ടില്‍ പ്രതികരണവുമായി നടന്‍മാരായ സിദ്ദിഖും ആസിഫലിയും. റിപോര്‍ട്ട് പഠിച്ച് മാത്രമേ വിശദായ മറുപടി ഉണ്ടാവൂ എന്ന് താരസംഘടനയായ 'അമ്മ'യുടെ ജനറല്‍ സെക്രട്ടറിയായ സിദ്ദിഖ് പറഞ്ഞു. എന്താണ് റിപോര്‍ട്ടെന്നോ റിപോര്‍ട്ടിന്റെ വിശദാംശങ്ങളോ മനസ്സിലായിട്ടില്ല. റിപോര്‍ട്ട് ഏത് രീതിയിലാണ് ബാധിക്കുന്നതെന്നോ അതിനോട് എങ്ങനെ പ്രതികരിക്കണമെന്നോ വ്യക്തമല്ല. 'അമ്മ' നടത്തുന്ന ഷോയുടെ ഭാഗമായി എറണാകുളത്താണുള്ളത്. അതിനാണ് ഇപ്പോള്‍ പ്രധാന്യം നല്‍കുന്നത്. റിപോര്‍ട്ട് വിശദമായി പഠിച്ച് എന്ത് പറയണം എന്ന ഒരു തീരുമാനം എടുത്ത് അതില്‍ പ്രതികരിക്കാമെന്നും സിദ്ദീഖ് പറഞ്ഞു. മറ്റ് സംഘടനകളുമായും ആലോചിക്കണം. എല്ലാം പഠിച്ച ശേഷം മാത്രമേ പ്രതികരിക്കാന്‍ പറ്റൂ. വളരെ സെന്‍സിറ്റീവായ വിഷയമാണിത്. അതല്ലാതെ പഠിക്കാതെ ഞാനോ സഹപ്രവര്‍ത്തകരോ പ്രതികരിച്ചാല്‍ അത് ഭാവിയില്‍ വലിയ പ്രശ്‌നമാവും. ഞങ്ങള്‍ പഠിച്ച ശേഷം മാധ്യമങ്ങളെ കണ്ട് സംസാരിക്കും.
റിപ്പോര്‍ട്ടില്‍ പറയുന്ന ആരോപണങ്ങള്‍ എവിടെ എപ്പോള്‍ എങ്ങനെ ആര്‍ക്കെതിരേ തുടങ്ങിയതെല്ലാം വിശദമായി അറിഞ്ഞാലേ പ്രതികരിക്കാന്‍ സാധിക്കൂവെന്നും സിദ്ദിഖ് പറഞ്ഞു. 'അമ്മ' ഭാരവാഹികളായ ബാബുരാജ്, ജയന്‍ ചേര്‍ത്തല, പ്രൊഡ്യുസര്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബി രാഗേഷ് എന്നിവരും കൂടെയുണ്ടായിരുന്നു.
അതേസമയം, ഹേമാ കമ്മിറ്റിക്ക് മുന്നില്‍ തങ്ങളുടെ അനുഭവങ്ങള്‍ മൊഴിയായി നല്‍കിയവരെ ബഹുമാനിക്കുന്നുവെന്ന് നടന്‍ ആസിഫലി. അവര്‍ക്ക് എല്ലാ പിന്തുണയും നല്‍കും. റിപോര്‍ട്ട് വായിക്കാതെ കൂടുതല്‍ പറയാനില്ല. സിനിമാ രംഗത്ത് എല്ലാവര്‍ക്കും തുല്യത ഉറപ്പുവരുത്തണം. മൊഴി നല്‍കിയവര്‍ക്കൊപ്പം തന്നെയാണ് നില്‍ക്കേണ്ടത്. അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടണമെന്നും ആസിഫലി പറഞ്ഞു.