'സജി ചെറിയാനെ അയോഗ്യനാക്കണം'; റിട്ട് ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
കഴിഞ്ഞ ദിവസം ഹരജി പരിഗണിച്ച കോടതി ഹരജിക്കാരന്റെ വാദങ്ങൾ സാധൂകരിക്കുന്ന, തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുൻകാല ഉത്തരവുകൾ അനുബന്ധ രേഖകൾ എന്നിവ ഉണ്ടെങ്കിൽ ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നു.
കൊച്ചി: സജി ചെറിയാനെ എംഎൽഎ സ്ഥാനത്ത് നിന്നും അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള റിട്ട് ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മലപ്പുറം സ്വദേശി പി ബിജുവാണ് ഹർജിക്കാരൻ. ഭരണഘടനാവിരുദ്ധ പ്രസംഗം നടത്തിയ സജി ചെറിയാന് എംഎൽഎ ആയി തുടരാൻ യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി.
കഴിഞ്ഞ ദിവസം ഹരജി പരിഗണിച്ച കോടതി ഹരജിക്കാരന്റെ വാദങ്ങൾ സാധൂകരിക്കുന്ന, തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുൻകാല ഉത്തരവുകൾ അനുബന്ധ രേഖകൾ എന്നിവ ഉണ്ടെങ്കിൽ ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നു. പ്രസംഗത്തിന്റെ പേരിൽ സജി ചെറിയാന് എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യൻ ആക്കാൻ നിയമപരമായി സാധിക്കില്ലെന്നായിരുന്നു എ ജി കോടതിയെ അറിയിച്ചത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചാണ് ഹരജി പരിഗണിക്കുന്നത്.
മല്ലപ്പള്ളിയിൽ പാർട്ടി പരിപാടിയിൽ വെച്ചാണ് ഭരണഘടനയെ അവഹേളിക്കുന്ന തരത്തിൽ മന്ത്രിയായിരിക്കെ സജി ചെറിയാൻ പ്രസംഗിച്ചത്. മന്ത്രി സ്ഥാനത്ത് നിന്നും രാജി വെച്ചതോടെ സജി ചെറിയാന് ഇനി എംഎൽഎ ആയി തുടരാൻ ആകുമോ എന്നുള്ളതാണ് ഇപ്പോൾ പ്രധാന ചോദ്യം. ഹോണർ ആക്ട് ലംഘിച്ചതിനാൽ സജി ചെറിയാൻ ക്രിമിനൽ നടപടി നേരിടേണ്ട സാഹചര്യം ഉണ്ടെന്നും എംഎൽഎ സ്ഥാനവും രാജി വെക്കേണ്ടി വരുമെന്നും ചില നിയമ വിദഗദ്ധർ പറയുന്നു. ഏതൊരു പൗരനും പാലിക്കാൻ ബാധ്യതയുള്ള ഭരണഘടനയെ അവഹേളിച്ച നടപടി അദ്ദേഹം ഇത് വരെ തള്ളത്തതും തിരിച്ചടി ആകുമെന്നാണ് അഭിപ്രായം.
എന്നാൽ മന്ത്രിയുടെയും എംഎൽഎയുടെയും സത്യപ്രതിജ്ഞ വ്യത്യസ്തമാണെന്നാണ് മറു വാദം. മന്ത്രിയെ ഗവർണർ നിയമിക്കുമ്പോൾ എംഎൽഎയെ ജനം തിരെഞ്ഞെടുക്കുന്നു. എംഎൽഎയെ അയോഗ്യനാക്കാൻ ഭരണ ഘടനയുടെ 191 ആം അനുചേദം പറയുന്ന കാര്യങ്ങളിൽ നിലവിലെ വിവാദ നടപടി ഉൾപ്പെടുന്നില്ല എന്നും വാദം ഉണ്ട്. പക്ഷെ ഭരണഘടന തന്നെ ആണ് തള്ളിയത് എന്നതാണ് പ്രശ്‍നം. കോടതിയുടെ പരിഗണനയിൽ ഉള്ള കേസിലെ തുടർ നടപടിയും സജിയുടെ കാര്യത്തിൽ നിർണ്ണായകമാണ്.