ഹിജാബ് ധരിക്കുന്നത് നിരോധിച്ച് യുപിയിലെ കോളജ്; കാവി ഷാളും വിലക്കി

Update: 2022-02-18 11:42 GMT

അലിഗഢ്: ഹിജാബ് വിലക്കുമായി ബന്ധപ്പെട്ട് കര്‍ണാടകയിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംഘര്‍ഷാവസ്ഥ നിലനിര്‍ക്കുകയും കോടതിയില്‍ വാദം തുടരുകയും ചെയ്യുന്നതിനിടെ ഉത്തര്‍പ്രദേശിലെ ഒരു കോളജിലും ഹിജാബിന് നിരോധനം. അലിഗഢ് ജില്ലയിലെ ഡിഎസ് കോളജിലാണ് വിദ്യാര്‍ഥിനികള്‍ ഹിജാബ് ധരിച്ച് കോളജിലെത്തുന്നത് നിരോധിച്ച് ഉത്തരവിറക്കിയത്. മുഖം മറച്ചുകൊണ്ട് വിദ്യാര്‍ഥികള്‍ കോളജ് കാംപസില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് കോളജ് പ്രിന്‍സിപ്പാള്‍ രാജ് കുമാര്‍ വര്‍മ പറഞ്ഞു.

കാംപസ് പരിസരത്ത് ഹിജാബും കാവി ഷാളും ധരിക്കാന്‍ അനുവാദമില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. കോളജിന്റെ ചുവരുകളില്‍ ഉത്തരവിന്റെ പകര്‍പ്പ് അധികൃതര്‍ പതിച്ചിട്ടുണ്ട്. ഇതിന്റെ ചിത്രങ്ങളടക്കം പുറത്തുവരികയും ചെയ്തു. കര്‍ണാടകയിലെ വിദ്യാര്‍ഥികള്‍ക്ക് ഹിജാബ് ധരിക്കാനുള്ള അനുമതി നിഷേധിക്കുന്നതിനെതിരേ അലിഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികള്‍ അടുത്തിടെ പ്രതിഷേധ സമരം നടത്തിയിരുന്നു. കര്‍ണാടകയിലെ വിദ്യാര്‍ഥിനികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബുര്‍ഖയും ഹിജാബും ധരിച്ചായിരുന്നു വിദ്യാര്‍ഥിനികള്‍ പ്രതിഷേധിച്ചത്.

പെണ്‍കുട്ടികള്‍ക്ക് പിന്തുണയുമായി ആണ്‍കുട്ടികളും പ്രതിഷേധ സമരത്തില്‍ പങ്കാളികളായി. കര്‍ണാടകയിലെ ഗഡാഗ്, ചിക്കമംഗളൂരു, ശിവമോഗ, ഉഡുപ്പി തുടങ്ങിയ സ്ഥലങ്ങളിലെ കോളജുകളിലാണ് യൂനിഫോമിനൊപ്പം ഹിജാബ് ധരിക്കുന്നത് വിലക്കിയതിനെത്തുടര്‍ന്ന് തര്‍ക്കം ഉടലെടുത്തത്. തുടര്‍ന്ന് വിദ്യാര്‍ഥിനികള്‍ നല്‍കിയ ഹരജിയില്‍ കര്‍ണാടക ഹൈക്കോടതിയില്‍ വാദം തുടരുകയാണ്. കേസില്‍ അന്തിമതീരുമാനമുണ്ടാവുന്നതുവരെ മുസ്‌ലിം വിദ്യാര്‍ഥികള്‍ ഹിജാബ് അല്ലെങ്കില്‍ മതപരമായ വസ്ത്രം ധരിക്കുന്നത് നേരത്തെ കര്‍ണാടക ഹൈക്കോടതി നിരോധിച്ചിരുന്നു.

Tags:    

Similar News