പ്രവാചക നിന്ദ നടത്തിയ നുപൂര്‍ ശര്‍മയെ രക്ഷിക്കാന്‍ വാളുകള്‍ വിതരണം ചെയ്ത് ഹിന്ദു ആര്‍മി

Update: 2022-06-20 10:11 GMT
പ്രവാചക നിന്ദ നടത്തിയ നുപൂര്‍ ശര്‍മയെ രക്ഷിക്കാന്‍ വാളുകള്‍ വിതരണം ചെയ്ത് ഹിന്ദു ആര്‍മി

ന്യൂഡല്‍ഹി: പ്രവാചക നിന്ദ നടത്തിയ ബിജെപി ദേശീയ വക്താവായിരുന്ന നുപൂര്‍ ശര്‍മക്ക് പിന്തുണയുമായി ഹിന്ദു ആര്‍മി പ്രവര്‍ത്തകര്‍. നുപൂര്‍ ശര്‍മയെ സംരക്ഷിക്കാനെന്ന പേരില്‍ പരസ്യമായി വാളുകള്‍ വിതരണം ചെയ്താണ് ഹിന്ദു ആര്‍മി പ്രവര്‍ത്തകര്‍ പിന്തുണ അറിയിച്ചത്. ഡല്‍ഹിയിലെ രജൗരി ഗാര്‍ഡനിലാണ് ഹിന്ദു ആര്‍മിയുടെ ആയുധ വിതരണവും പ്രദര്‍ശനവും നടന്നത്. വാളുകള്‍ വിതരണം ചെയ്തതിന്റെ ചിത്രങ്ങള്‍ ഹിന്ദുത്വര്‍ തന്നെ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു.

ബിജെപി ദേശീയ വക്താവായിരുന്ന നൂപുര്‍ ശര്‍മയുടെ നബിനിന്ദാ പരാമര്‍ശം ലോക രാജ്യങ്ങള്‍ക്കു മുന്നില്‍ ഇന്ത്യയെ നാണം കെടുത്തുകയും ഭരണകക്ഷിയായ ബിജെപിയേയും കേന്ദ്രസര്‍ക്കാരിനേയും വെട്ടിലാക്കുകയും ചെയ്തിരിക്കുകയാണ്. അന്താരാഷ്ട്ര തലത്തില്‍ കടുത്ത പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ നൂപുര്‍ ശര്‍മയെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്റ് ചെയ്യാന്‍ ബിജെപി നിര്‍ബന്ധിതരാവുകയും ചെയ്തിരുന്നു.

അന്താരാഷ്ട്ര തലത്തില്‍ തന്നെ പ്രതിഷേധം ഉയര്‍ന്നിട്ടും നുപൂര്‍ ശര്‍മയെ പിന്തുണക്കുകയാണ് ഹിന്ദുത്വര്‍. നൂപുര്‍ ശര്‍മയെ വെള്ളപൂശാനുള്ള ശ്രമത്തിലാണ് ഒരു പ്രമുഖ ഹിന്ദുത്വ വലതുപക്ഷ മാധ്യമം. ഇസ്‌ലാമിക പ്രചാരകന്‍ സാക്കിര്‍ നായിക് പറഞ്ഞത് ആവര്‍ത്തിക്കുക മാത്രമാണ് നൂപുര്‍ ശര്‍മ ചെയ്തതെന്നാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ രാഷ്ട്രീയ സ്വയംസേവക് സംഘ് (ആര്‍എസ്എസ്)അനുബന്ധ ജേണലായ പാഞ്ചജന്യ മുഖ പ്രസംഗത്തില്‍ അവകാശപ്പെട്ടത്. നൂപുര്‍ ശര്‍മ്മയുടെ പ്രസ്താവനകളെ ചൊല്ലിയുള്ള നയതന്ത്ര തര്‍ക്കം, ഗ്യാന്‍ വാപി മസ്ജിദ് കേസ്, ഗായകനും റാപ്പറുമായ സിദ്ധു മൂസ് വാലയുടെ കൊലപാതകം, ശിവാജിയുടെ കിരീടധാരണത്തിന്റെ 348ാം വാര്‍ഷികം തുടങ്ങിയവയുമായി ബന്ധപ്പട്ട റിപോര്‍ട്ടുകളാണ് പാഞ്ചജന്യ ഈ ലക്കത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹിന്ദുക്കള്‍ അസഹിഷ്ണുത വളര്‍ത്തിയെന്ന് പറഞ്ഞ് ഇന്ത്യയുടെ പേര് നശിപ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമത്തില്‍ ചിലര്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നാണ് മുഖപ്രസംഗം കുറ്റപ്പെടുത്തുന്നത്.

Tags:    

Similar News