മുസ്‌ലിം ബസ് ജീവനക്കാര്‍ തൊപ്പി ധരിക്കുന്നതിനെതിരെ ഹിന്ദുത്വ സംഘടന; കാവി ഷാള്‍ ധരിച്ച് പ്രതിഷേധം

Update: 2022-06-12 06:31 GMT

ബെംഗളൂരു: ബെംഗളൂരു മെട്രോപോളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനിലെ (ബിഎംടിസി) മുസ്‌ലിം ജീവനക്കാര്‍ തൊപ്പി ധരിക്കുന്നതിനെതിരെ ഹിന്ദുത്വ പ്രവര്‍ത്തകര്‍ രംഗത്ത്. ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും മറ്റു ജീവനക്കാരും തൊപ്പി ധരിക്കുന്നത് ബിഎംടിസിയുടെ യൂനിഫോം ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് ഇവര്‍ ഉയര്‍ത്തുന്ന വാദം. ഇതിനെത്തുടര്‍ന്ന് സംഘപരിവാര്‍ അനുകൂലികളായ ജീവനക്കാര്‍ കാവി ഷാള്‍ അണിഞ്ഞ് ജോലിക്കെത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കുന്നതിനെചൊല്ലിയുള്ള സംഘര്‍ഷം തണുക്കുന്നതിനിടെയാണ് സംസ്ഥാനത്ത് പുതിയ വിഷയം ഉയരുന്നത്.

തൊപ്പി ധരിക്കുന്നതിനെതിരേ ഒഴിവാക്കാനായി ഒരു വിഭാഗം ജീവനക്കാര്‍ കേസരി കര്‍മികര സംഘ് എന്ന സംഘടനയും രൂപീകരിച്ചിട്ടുണ്ട്. 1500 ഓളം ജീവനക്കാര്‍ അസോസിയേഷന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഡ്യൂട്ടി സമയങ്ങളില്‍ ശിരോവസ്ത്രം നിരോധിക്കുന്നതുവരെ കാവി ഷാള്‍ ധരിക്കാന്‍ തീരുമാനിച്ചതായും ഇവര്‍ അറിയിച്ചു. അതേസമയം ബിഎംടിസിക്ക് പോലിസ് സേനയെപ്പോലുള്ള യൂനിഫോം കോഡുണ്ടെന്നും അതിനാല്‍ ജീവനക്കാര്‍ യൂനിഫോം നിയമം പാലിക്കണമെന്നും ബിഎംടിസി വൈസ് ചെയര്‍മാന്‍ എം ആര്‍ വെങ്കടേഷ് പറഞ്ഞു.

'ഈ വാര്‍ത്തകള്‍ക്ക് പ്രാധാന്യം നല്‍കരുതെന്ന് ഞാന്‍ മാധ്യമങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. പൊലീസ് വകുപ്പിന് സമാനമായ യൂണിഫോം കോഡാണ് ബിഎംടിസിക്കുള്ളത്. ഈ ദിവസങ്ങളിലെല്ലാം ജീവനക്കാര്‍ എങ്ങനെ പിന്തുടരുന്നു എന്നതുപോലുള്ള ഏകീകൃത നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്. അവര്‍ അച്ചടക്കം പാലിക്കേണ്ടി വരും. ആശയക്കുഴപ്പമൊന്നുമില്ല, ' എന്ന് അദ്ദേഹം പറഞ്ഞു. കേസരി കാര്‍മികര സംഘത്തിന്റെ രൂപീകരണത്തെ പ്രോത്സാഹിപ്പിക്കില്ലെന്നും നിയമനടപടികള്‍ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 'ഞങ്ങള്‍ എല്ലാ ഡിപ്പോകള്‍ക്കും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ആശയക്കുഴപ്പത്തിന് ഇടം നല്‍കാതെ സ്ഥിതിഗതികള്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യുകയും ചെയ്യുമെന്നും' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News