പൗരത്വ നിയമ ഭേദഗതിക്കെതിരേ ഹിന്ദു ധര്‍മ സംരക്ഷണ സമിതി ഉപവാസം നടത്തുന്നു
പൗരത്വം നല്‍കുന്നതിന് മനുഷ്യന്റെ മതം മാനദണ്ഡമാക്കുന്നതും മതത്തിന്റെ പേരില്‍ മനുഷ്യരെ പുറത്താക്കുന്നതും ഹൈന്ദവ വിരുദ്ധമാണ്
കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരേ ഹിന്ദു ധര്‍മ സംരക്ഷണ സമിതി ഉപവാസം നടത്തുന്നു. ഫെബ്രുവരി മൂന്നിനു രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ മുക്കത്ത് ഉപവാസവും ബഹുസ്വര സംഗമവും നടത്തുമെന്ന് ചെയര്‍മാന്‍ കപ്യേടത്ത് ചന്ദ്രന്‍, കണ്‍വീനര്‍ ടി കെ ഗോപി എന്നിവര്‍ അറിയിച്ചു. ഇന്ത്യയെ മതപരമായി വിഭജിക്കുന്ന പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വ പട്ടികയും പിന്‍വലിക്കണമെന്നാണ് ആവശ്യം. ഭാരതീയ സംസ്‌കാരത്തിന്റെ ജീവാത്മാവായ നാനാത്വത്തില്‍ ഏകത്വമെന്ന ദര്‍ശനത്തെ നിരാകരിക്കുന്നതാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിയെന്നും വര്‍ഷങ്ങളായി ജാതി, മത, ഭാഷ, സംസ്‌കാര വ്യത്യാസമില്ലാതെ മനുഷ്യരെ സ്വീകരിച്ച പാരമ്പര്യമാണ് ഭാരതത്തിനുള്ളതെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. ഈശ്വരനെയും പ്രപഞ്ചത്തെയും മനുഷ്യരടക്കമുള്ള എല്ലാ ജീവജാലങ്ങളെയും ഒന്നാണെന്ന് പഠിപ്പിക്കുന്ന അദൈ്വത സിദ്ധാന്ത പ്രകാരം ഹൈന്ദവന് എല്ലാ മതസ്ഥരും ആത്മ സഹോദരന്മാരാണ്. ഇതുപ്രകാരം മതത്തിന്റെ പേരില്‍ ആരോടെങ്കിലും വിവേചനം കാണിക്കുന്നത് പാപമാണ്. അതിനാല്‍ പൗരത്വം നല്‍കുന്നതിന് മനുഷ്യന്റെ മതം മാനദണ്ഡമാക്കുന്നതും മതത്തിന്റെ പേരില്‍ മനുഷ്യരെ പുറത്താക്കുന്നതും ഹൈന്ദവ വിരുദ്ധമാണ്. ഇന്ത്യയില്‍ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും പരസ്പരം സഹായമില്ലാതെ ജീവിക്കാന്‍ കഴിയാത്ത വിധം ശക്തമായ സാമൂഹിക ബന്ധം നിലനിര്‍ത്തി വരുന്നവരാണ്. ഈ സൗഹൃദത്തിനും പരസ്പര സഹായത്തിനും പോറല്‍ ഏല്‍പ്പിക്കാന്‍ ആരെയും അനുവദിക്കുകയില്ലെന്നും ഹിന്ദുധര്‍മ സംരക്ഷണസമിതി നേതാക്കള്‍ വ്യക്തമാക്കി.