മുസ്‌ലിം ഭൂരിക്ഷ പ്രദേശത്ത് ഹിന്ദു മഹാപഞ്ചായത്ത്; ഹരിയാനയില്‍ കലാപ നീക്കവുമായി സംഘ്പരിവാര്‍
തീവ്രഹിന്ദുത്വ കക്ഷികളായ വിഎച്ച്പി, ബജ്‌റംഗ്ദള്‍, ഗോ രക്ഷക് ദള്‍ എന്നിവര്‍ സംയുക്തമായാണ് നൂഹ് ജില്ലയിലെ ഹുദാല്‍ നൂഹ് റോഡിന് സമീപം നാളെ ഹിന്ദു മഹാപഞ്ചായത്തിന് ആഹ്വാനം ചെയ്തത്.
നൂഹ്: ഹരിയാനയിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്ത് ഹിന്ദു മഹാപഞ്ചായത്ത് സംഘടിപ്പിച്ച് കലാപം സൃഷ്ടിക്കാനുള്ള നീക്കവുമായി സംഘ്പരിവാര്‍ സംഘടനകള്‍. തീവ്രഹിന്ദുത്വ കക്ഷികളായ വിഎച്ച്പി, ബജ്‌റംഗ്ദള്‍, ഗോ രക്ഷക് ദള്‍ എന്നിവര്‍ സംയുക്തമായാണ് നൂഹ് ജില്ലയിലെ ഹുദാല്‍ നൂഹ് റോഡിന് സമീപം നാളെ ഹിന്ദു മഹാപഞ്ചായത്തിന് ആഹ്വാനം ചെയ്തത്.
മുസ്‌ലിം ഭൂരിപക്ഷ കേന്ദ്രമായ ഹുദാലിന് സമീപമുള്ള ഹിന്ദു ഭൂരിപക്ഷ ഗ്രാമമായ ഉജ്ജിനയിലാണ് പരിപാടി തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാനത്തുടനീളമുള്ള 21 പശു സംരക്ഷകരുടെ സംഘടനകളുടെ കൂട്ടായ്മയാണ് ഗോ രക്ഷാ ദള്‍ ഹരിയാന.
പ്രദേശത്തെ ഹിന്ദു സ്‌നേഹികളും പശു സംരക്ഷകരും പരിപാടിയില്‍ പങ്കുചേരുമെന്ന് അവര്‍ പുറത്തുവിട്ട നോട്ടിസില്‍ പറയുന്നുണ്ട്. 'ഇത്തവണ മേവാത്തില്‍ വന്ന് ജീവനോടെ തിരിച്ചു പോയാല്‍ പിന്നെ ഞങ്ങളെ ആര് മേവാതി എന്ന് വിളിക്കും' നോട്ടീസില്‍ പറയുന്നു. മേവാത്തിലെ എംഎല്‍എമാരെയും പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
'ഹിന്ദുക്കളോട്' കൂട്ടമായി പരിപാടിയില്‍ പങ്കെടുക്കാനും 'ജിഹാദി മാനസികാവസ്ഥയിലുള്ള ആളുകള്‍ക്ക് തങ്ങളുടെ ശക്തി കാണിച്ചുകൊടുക്കണമെന്നും' നോട്ടിസില്‍ പറയുന്നു. 'മിഷന്‍ മേവാത്ത്, ഗോഹത്യ ഹീനമായ കുറ്റകൃത്യം, മഹാപഞ്ചായത്ത്.' മറ്റൊരു പോസ്റ്ററില്‍ പറയുന്നു.
അതേസമയം, വര്‍ഗീയ വിദ്വേഷം പ്രോല്‍സാഹിപ്പിക്കുന്ന മേവാത്തിലെ നാളെ നടത്താനിരിക്കുന്ന ഹിന്ദു മഹാപഞ്ചായത്തിന് ഇതുവരെ അനുമതി നല്‍കിയിട്ടില്ലെന്ന് ഹരിയാനയിലെ നുഹിലെ ജില്ലാ അധികാരികള്‍ പറഞ്ഞു.
പരിപാടിയുടെ സംഘാടകര്‍ പോലീസിനോട് അനുമതി തേടിയിട്ടുണ്ടെന്നും ക്രമസമാധാന പാലനത്തിന്റെ ഭാഗമായി അവരുമായി പ്രാഥമിക ചര്‍ച്ച നടത്തിയെന്നും നൂഹ് ഡപ്യൂട്ടി കമ്മീഷണര്‍ അജയ് കുമാര്‍ പറഞ്ഞു. 'ഇപ്പോള്‍, അനുമതി നല്‍കിയിട്ടില്ല, തങ്ങള്‍ ഒരു തീരുമാനമെടുക്കുന്ന പ്രക്രിയയിലാണ്. താന്‍ (വിശദാംശങ്ങള്‍) പരിഗണിക്കും, തുടര്‍ന്ന് തീരുമാനം എടുക്കും'-അദ്ദേഹം പറഞ്ഞു.