തിരുവള്ളുവറിന്‍റെ പ്രതിമയില്‍ ഹിന്ദു മക്കള്‍ കക്ഷി കാവി പുതപ്പിച്ചു; നേതാവ് അറസ്റ്റിൽ
തിരുവള്ളുവർ ഹിന്ദുവാണെന്ന വിചത്ര വാദം ഉന്നയിച്ചാണ് ഹിന്ദുത്വരുടെ ഈ നടപടി. അതേസമയം തമിഴ്നാട്ടിലുടനീളം തിരുവള്ളുവര്‍ അനുസ്മരണം സംഘടിപ്പിക്കാനൊരുങ്ങുകയാണ് ബിജെപി.
ചെന്നൈ: തിരുക്കുറല്‍ രചിയതാവും തമിഴ് ദാര്‍ശനികനുമായ തിരുവള്ളുവറിന്‍റെ പ്രതിമയില്‍ ഹിന്ദു മക്കള്‍ കക്ഷി കാവി പുതപ്പിച്ചു. രുദ്രാക്ഷ മാലയും അണിയിച്ചു. സംഭവത്തില്‍ കടുത്ത പ്രതിഷേധവുമായി വിവിധ തമിഴ് പാര്‍ട്ടികള്‍ രംഗത്ത് എത്തിയതിന് പിന്നാലെ പോലിസ് ഹിന്ദു മക്കള്‍ കക്ഷി നേതാവിനെ അറസ്റ്റ് ചെയ്തു.
തിരുവള്ളുവർ ഹിന്ദുവാണെന്ന വിചത്ര വാദം ഉന്നയിച്ചാണ് ഹിന്ദുത്വരുടെ ഈ നടപടി. അതേസമയം തമിഴ്നാട്ടിലുടനീളം തിരുവള്ളുവര്‍ അനുസ്മരണം സംഘടിപ്പിക്കാനൊരുങ്ങുകയാണ് ബിജെപി. ഇതിനുള്ള നിര്‍ദേശം ബിജെപി ഐടി സെല്‍ വിവിധ പാര്‍ട്ടി ഘടകങ്ങള്‍ക്ക് കൈമാറിയതായാണ് വിവരം.
തിരുക്കുറലിന്‍റെ തായ് ഭാഷയിലുള്ള പതിപ്പ് ബാങ്കോക്കില്‍ നരേന്ദ്ര മോദി പ്രകാശനം ചെയ്തതിന് പിന്നാലെയാണ് പുതിയ വിവാദങ്ങള്‍ തുടങ്ങിയത്. തിരുവള്ളുവര്‍ കാവി വസ്ത്രവും രുദ്രാക്ഷവും ധരിച്ച രീതിയിലുള്ള ചിത്രം ബിജെപി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതോടെ വിവാദം കനക്കുകയായിരുന്നു.
തിരുവള്ളുവറെ ബിജെപി കാവിവത്കരിക്കാന്‍ ശ്രമിക്കുകയാണെന്ന് ഡിഎംകെയും ഇടത് പാര്‍ട്ടികളും കോണ്‍ഗ്രസും ആരോപിച്ചു. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് തിരുവള്ളുവറിന്‍റെ പ്രതിമയില്‍ ഒരു വിഭാഗം പേര്‍ ചാണകം ഒഴിച്ചിരുന്നു. ഈ സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. അതിനിടയിലാണ് തമിഴ് ജനതയുടെ വികാരമായ തിരുവള്ളുവറിന് കാവി ഷാള്‍ അണിയിച്ച സംഭവം.