തമിഴ് കവി തിരുവള്ളുവറിന്റെ കാവി വസ്ത്രമണിഞ്ഞ പോസ്റ്ററുകള്‍ നീക്കം ചെയ്ത് ഡിഎംകെ സര്‍ക്കാര്‍
കോയമ്പത്തൂരിലെ തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാല ലൈബ്രറിയില്‍ പ്രദര്‍ശിപ്പിച്ച പോസ്റ്ററാണ് കൃഷി മന്ത്രി എം ആര്‍ കെ പനീര്‍ ശെല്‍വത്തിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് നീക്കം ചെയ്തത്. ഇവിടെ കാവി വസ്ത്രത്തിന് പകരം സര്‍ക്കാര്‍ അംഗീകാരമുള്ള വെള്ളവസ്ത്രം ധരിച്ച തിരുവള്ളുവറിന്റെ ഛായാചിത്രം സ്ഥാപിക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
ചെന്നൈ: തമിഴ് കവിയും തത്വചിന്തകനുമായ തിരുവള്ളുവറിന്റെ കാവി വസ്ത്രമണിഞ്ഞ പോസ്റ്ററുകള്‍ നീക്കം ചെയ്ത് ഡിഎംകെ സര്‍ക്കാര്‍. കോയമ്പത്തൂരിലെ തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാല ലൈബ്രറിയില്‍ പ്രദര്‍ശിപ്പിച്ച പോസ്റ്ററാണ് കൃഷി മന്ത്രി എം ആര്‍ കെ പനീര്‍ ശെല്‍വത്തിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് നീക്കം ചെയ്തത്. ഇവിടെ കാവി വസ്ത്രത്തിന് പകരം സര്‍ക്കാര്‍ അംഗീകാരമുള്ള വെള്ളവസ്ത്രം ധരിച്ച തിരുവള്ളുവറിന്റെ ഛായാചിത്രം സ്ഥാപിക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
கோவை வேளாண் பல்கலைக்கழக நூலகத்தில் 2017-18 ஆம் ஆண்டு அடிமை அதிமுக அரசின் சார்பில் காவி நிறம் கொண்ட அய்யன் திருவள்ளுவரின் புகைப்படம் வைக்கப்பட்டது என்று முதற்கட்ட விசாரணையில் தெரியவந்ததுள்ளது. @mkstalin @GunasekaranMu @sunnewstamil @savukku (1/2) pic.twitter.com/R6liw4KF5s
— MRK. Panneerselvam (@MRKPaneerselvam) June 17, 2021
വിഷയം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് കോയമ്പത്തൂര്‍ അഗ്രിക്കള്‍ച്ചര്‍ യൂനിവേഴ്‌സിറ്റി അധികൃതരുമായി ബന്ധപ്പെട്ട് ചിത്രം നീക്കം ചെയ്യാന്‍ നിര്‍ദേശിച്ചതായി ട്വിറ്ററിലൂടെ മന്ത്രി തന്നെയാണ് അറിയിച്ചത്. കറുത്ത നീണ്ട മുടിയോടുകൂടി കാവി വസ്ത്രം ധരിച്ചുള്ള തിരുവള്ളുവറിന്റെ ചിത്രമാണ് ലൈബ്രറിയില്‍നിന്നും മാറ്റിയത്. 2017-2018ലാണു ലൈബ്രറിയില്‍ കാവി വസ്ത്രമണിഞ്ഞ തിരുവള്ളുവറിന്റെ പോസ്റ്റര്‍ സ്ഥാപിച്ചത്. ഇതിനെതിരേ ഒട്ടേറെ രാഷ്ട്രീയപ്പാര്‍ട്ടികളും സംഘടനകളും രംഗത്തുവന്നിരുന്നു.
തിരുവള്ളുവറിനെ തട്ടിയെടുക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് ഡിഎംകെ അധ്യക്ഷനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിന്‍ മുമ്പ് ആരോപിച്ചിരുന്നു. സ്വന്തമായി പറയാന്‍ ചരിത്രമില്ലാത്ത ബിജെപി തിരുവള്ളുവറിനെ തട്ടിയെടുത്ത് അവരുടേതാക്കാന്‍ ശ്രമിക്കുകയാണെന്നും ഇതിനെ ശക്തമായി അപലപിക്കുന്നുവെന്നും സിപിഎമ്മും പറഞ്ഞിരുന്നു. നെറ്റിയില്‍ മതപരമായ അടയാളങ്ങളോ ശരീരത്തില്‍ ആഭരണങ്ങളോ ഇല്ലാത്ത തിരുവള്ളുവറിനെ, കാവി വസ്ത്രം ധരിപ്പിച്ച് നെറ്റിയില്‍ ഭസ്മം പുരട്ടി രൂദ്രാക്ഷവുമണിയിച്ചുകൊണ്ടുള്ള സിബിഎസ്ഇ എട്ടാംക്ലാസ് വിദ്യാര്‍ഥികളുടെ ഹിന്ദി പാഠപുസ്തകത്തിലെ ചിത്രവും നേരത്തെ ഡിഎംകെ സര്‍ക്കാര്‍ നീക്കിയിരുന്നു.
എഐഎഡിഎംകെ സര്‍ക്കാരിന്റെ കാലത്ത് കാവി വസ്ത്രം ധരിച്ച തിരുവള്ളുവറിന്റെ പോസ്റ്ററുകള്‍ സംസ്ഥാനത്ത് പലയിടത്തും പ്രത്യക്ഷപ്പെടുകയും വലിയ തോതില്‍ പ്രതിഷേധമുയരുകയും ചെയ്തിരുന്നു. തെക്കന്‍ സംസ്ഥാനത്തിന്‍മേല്‍ 'ആര്യന്‍ ഗിമ്മിക്ക്' അടിച്ചേല്‍പ്പിക്കുന്നത് കേന്ദ്രത്തിന്റെ മറ്റൊരു 'തന്ത്ര'മാണെന്ന് എം കെ സ്റ്റാലിന്‍ കുറ്റപ്പെടുത്തി.