ഗുജറാത്തില്‍ രണ്ട് മദ്‌റസാ വിദ്യാര്‍ഥികളെ തല്ലിച്ചതച്ച് ഹിന്ദുത്വര്‍

Update: 2021-10-11 15:26 GMT

അഹമ്മദാബാദ്: ഗുജറാത്തില്‍ രണ്ട് മദ്‌റസാ വിദ്യാര്‍ഥികളെ ക്രൂരമായ മര്‍ദനത്തിന് ഇരയാക്കി ഹിന്ദുത്വര്‍. അഹമ്മദാബാദ് ജില്ലയിലെ പല്‍ഡിയില്‍ ഞായറാഴ്ച്ച രാത്രിയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ഉമര്‍(17), കൈസര്‍(16) എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാരകമായി പരിക്കേറ്റ ഉമറിനെ രണ്ട് സര്‍ജറിക്ക് വിധേയനാക്കി.

'കുര്‍ത്തയും പൈജാമയും തൊപ്പിയും ധരിച്ചത് കൊണ്ടാണ് അക്രമികള്‍ വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടത്'. ഉമറിന്റെ പിതാവ് മുഫ്തി അബ്ദുല്‍ ഖയ്യൂമിനെ ഉദ്ധരിച്ച് 'മക്തൂബ്' ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. 'അവര്‍ കുട്ടികളെ ക്രൂരമായി തല്ലിച്ചതച്ചു. ഉമര്‍ ഇപ്പോഴും അബോധാവസ്ഥയിലാണ്.

സംഭവത്തിന്റെ ആഘാതത്തില്‍ കൈസറിന് ഇപ്പോഴും സംസാര ശേഷി തിരിച്ചുകിട്ടിയിട്ടില്ല'. അബ്ദുല്‍ ഖയ്യൂം പറഞ്ഞു. ഉമറിന്റെ കൈ പിടിച്ചു തിരിച്ചു. നിരവധി തവണ അവന്റെ തലയില്‍ അടിച്ചു. ദേഹത്ത് ഗുരുതരമായ മുറിവുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൈസറിന്റെ ഇരുകൈയ്യിലും തുന്നലിട്ടിട്ടുണ്ട്. മദ്‌റസാ വിദ്യാര്‍ഥികള്‍ സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങി വരുന്നതിനിടേയാണ് ഹിന്ദുത്വ ആള്‍ക്കൂട്ടം മര്‍ദിച്ചത്.

വിശ്വകുഞ്ച് റോഡില്‍ വച്ച് കുടുംബത്തോടൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന ഭവേഷ് എന്നയാള്‍ ഇന്റികേറ്റര്‍ ഇടാതെ സ്‌കൂട്ടര്‍ തിരിച്ചതാണ് സംഭവത്തിന്റെ തുടക്കമെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ സലീം ഹഫ്‌സി പറഞ്ഞു. പെട്ടെന്ന് സ്‌കൂട്ടര്‍ തിരിച്ചതോടെ നിയന്ത്രണം നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ നിലത്തേക്ക് തെറിച്ചുവീണു. ആളുകള്‍ കൂടിയതോടെ ഭവേഷും ഭാര്യയും ചേര്‍ന്ന് കുട്ടികളെ മര്‍ദിക്കുകയായിരുന്നു. ഇതോടെ, ഓടികൂടിയവരും വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദനത്തിന് ഇരയാക്കി. സലീം ഹഫ്‌സി പറഞ്ഞു. മുസ് ലിംകളാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് മര്‍ദിക്കാന്‍ തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. പോലിസ് എത്തി വിദ്യാര്‍ഥികളെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കുടുംബത്തിന്റെ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത പോലിസ് കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു. 'സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കുറ്റക്കാരെ പിടികൂടുമെന്ന് പോലിസ് അറിയിച്ചു'. ഹഫ്‌സി കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News