ത്രിപുരയില്‍ ഖബറിടം കൈയേറി ശിവലിംഗം സ്ഥാപിച്ചു; നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

Update: 2022-07-06 14:23 GMT

അഗര്‍ത്തല: ത്രിപുരയിലെ നന്ദന്‍നഗര്‍ തന്ദ കാലിബാരി ഭാഗത്തെ മുസ്‌ലിംകളുടെ ഖബറിടം കൈയേറി ശിവ ലിംഗം സ്ഥാപിച്ചു. ഹിന്ദുത്വരുടെ നേതൃത്വത്തിലാണ് രാത്രിയില്‍ ഖബറിടം കൈയേറി ശിവലിംഗം സ്ഥാപിച്ചത്. ഇതോടെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. ഖബറിടം വിട്ടുതരണം എന്നാവശ്യപ്പെട്ട പ്രതിഷേധക്കാര്‍ റോഡ് ഉപരോധിച്ചു. സ്ത്രീകളടക്കമുള്ള സമരക്കാരാണ് ജിബി ബൈപാസ് റോഡ് ഉപരോധിച്ചത്. സംഘര്‍ഷം തടയാന്‍ ഇവിടെ ഇനിയൊരുത്തരവ് ഉണ്ടാകുന്നതു വരെ144 പ്രഖ്യാപിച്ചിരിക്കയാണ് പ്രാദേശിക ഭരണകൂടം. തലസ്ഥാനമായ അഗര്‍ത്തലയില്‍ നിന്ന് ഏതാനും കിലോമീറ്റര്‍ അകലെയാണ് ഈ പ്രദേശം.

ഹിന്ദുത്വ സംഘടനായ ഹിന്ദു യുവ ബഹിനി പ്രവര്‍ത്തകരാണ് ശ്മശാനത്തിന്റെ ഒരു ഭാഗം കൈയേറി ശിവലിംഗം സ്ഥാപിച്ചത്. ഏതാനും വര്‍ഷങ്ങളായി ഒരു വിഭാഗം ആളുകള്‍ നിയമവിരുദ്ധമായി ശ്മശാനം കൈയേറിയിരിക്കയാണെന്ന് പ്രതിഷേധക്കാരിലൊരാളായ നൂര്‍ ഇസ്‌ലാം ആരോപിച്ചു. 2019 മുതല്‍ ഈ പ്രശ്‌നം അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ശ്രമിക്കുകയാണ്. ഭൂമിയുടെ അതിര്‍ത്തി നിര്‍ണയം ഉടന്‍ നടത്തുമെന്ന് അധികൃതര്‍ ഉറപ്പുനല്‍കിയെങ്കിലും ഒന്നും സംഭവിച്ചില്ല. അതിനിടെയാണ് ഒരു വിഭാഗം ആളുകള്‍ ശ്മശാനം കൈയേറി ശിവലിംഗം സ്ഥാപിച്ചത്. സംസ്ഥാനത്തിന്റെ മതസാമുദായിക ഐക്യം തകര്‍ക്കാനുള്ള നീക്കമാണിതെന്നും നുര്‍ ഇസ്‌ലാം പറഞ്ഞു.

ഹിന്ദു തീവ്രവലതുപക്ഷ വിഭാഗക്കാര്‍ തങ്ങളുടെ ശ്മശാനം കൈയേറിയതിനെതിരെ ത്രിപുരയിലെ മുസ്‌ലിംകള്‍ പ്രതിഷേധിക്കുകയാണെന്ന് പ്രമുഖ അക്കാഡമിക്കും യുനെസ്‌കോ ചെയര്‍പേഴ്‌സണും പ്രഫസറുമായ അശോക് സ്വെയ്ന്‍ ട്വീറ്റ് ചെയ്തു. അവര്‍ ഒരിക്കലും മുസ്‌ലിംകളെ സമാധാനപരമായി ജീവിക്കാനോ മരിക്കാനോ അനുവദിക്കില്ലെന്നും അശോക് സ്വെയ്ന്‍ കുറ്റപ്പെടുത്തി.

Tags:    

Similar News