'മുസ്‌ലിംകളുടെ ഭക്ഷണശാലകള്‍ക്ക് മുന്നില്‍ വാഹനം നിര്‍ത്തരുത്'; ഗുജറാത്തിലെ ബസ് ഡ്രൈവര്‍മാര്‍ക്ക് ഹിന്ദുത്വസംഘടനകളുടെ ഭീഷണി
ബജ്‌റംഗ്ദളും വിശ്വഹിന്ദു പരിഷത്തുമാണ് സോഷ്യല്‍ മീഡിയയിലൂടെയും വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലൂടെയും പുതിയ തിട്ടൂരം പുറപ്പെടുവിച്ചിരിക്കുന്നത്. ഇവരുടെ ഭീഷണി സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിനെത്തുടര്‍ന്ന് ബസ് ഡ്രൈവര്‍മാര്‍ ഗുജറാത്തില്‍ മുസ്‌ലിംകളുടെ ഉടമസ്ഥതയിലുള്ള ഭക്ഷണശാലകള്‍ ഒഴിവാക്കാന്‍ തുടങ്ങിയിരിക്കുകയാണ്.
അഹമ്മദാബാദ്: ഗുജറാത്തില്‍ മുസ്‌ലിംകളുടെ ഉടമസ്ഥതയിലുള്ള ഭക്ഷണശാലകള്‍ക്കും തട്ടുകടകള്‍ക്കും മുന്നില്‍ ബസ്സുകള്‍ നിര്‍ത്തരുതെന്ന് ഡ്രൈവര്‍മാരെ ഭീഷണിപ്പെടുത്തി തീവ്ര ഹിന്ദുത്വസംഘടനകള്‍. അങ്ങനെ ചെയ്യാത്തവര്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നാണ് സംഘടനകളുടെ മുന്നറിയിപ്പ്. വൈബ്‌സ് ഓഫ് ഇന്ത്യയാണ് ഇതുസംബന്ധിച്ച റിപോര്‍ട്ട് പുറത്തുവിട്ടത്. രാജ്യത്ത് മുസ്‌ലിംകള്‍ക്കെതിരേ ഹിന്ദുത്വസംഘടനകള്‍ നടത്തുന്ന വിദ്വേഷപ്രചരണത്തിന്റെ പുതിയ പതിപ്പായാണ് മുസ്‌ലിംകള്‍ നടത്തുന്ന ഭക്ഷണശാലകള്‍ ബഹിഷ്‌കരിക്കണമെന്ന ഹിന്ദുത്വസംഘടനകളുടെ ഭീഷണിയെ വിലയിരുത്തപ്പെടുന്നത്.
ബജ്‌റംഗ്ദളും വിശ്വഹിന്ദു പരിഷത്തുമാണ് സോഷ്യല്‍ മീഡിയയിലൂടെയും വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലൂടെയും പുതിയ തിട്ടൂരം പുറപ്പെടുവിച്ചിരിക്കുന്നത്. ഇവരുടെ ഭീഷണി സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിനെത്തുടര്‍ന്ന് ബസ് ഡ്രൈവര്‍മാര്‍ ഗുജറാത്തില്‍ മുസ്‌ലിംകളുടെ ഉടമസ്ഥതയിലുള്ള ഭക്ഷണശാലകള്‍ ഒഴിവാക്കാന്‍ തുടങ്ങിയിരിക്കുകയാണ്. 'എല്ലാ ദിവസവും കുറഞ്ഞത് 11 ബസ്സുകള്‍ എന്റെ ഭക്ഷണശാലയിലെത്താറുണ്ടായിരുന്നു. ഇന്നാലിപ്പോള്‍ ആരുമെത്തുന്നില്ല'- സൗരാഷ്ട്രയിലെ ഹൈവേയിലുള്ള ഒരു മുസ്‌ലിം ഭക്ഷണശാലയുടെ ഉടമ വൈബ്‌സ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
ഗുജറാത്തിലെ മിക്ക വഴിയോര ഭക്ഷണശാലകളും മുസ്‌ലിം സമുദായമായ ചേലിയകളുടെ ഉടമസ്ഥതയിലുള്ളതാണ്. അവര്‍ വെജിറ്റേറിയന്‍ ഭക്ഷണം മാത്രമാണ് വിളമ്പുന്നത്. ഭാരത്, നവഭാരത്, നവഗുജറാത്ത്, തുളസി, കബീര്‍, ജയ്ഹിന്ദ്, സര്‍വോദയ, ഡൈന്‍ ഇന്‍, ഡ്രൈവ് ഇന്‍ തുടങ്ങിയ പേരുകളിലുള്ള റെസ്‌റ്റോറന്റുകളാണ് പ്രദേശങ്ങളിലുള്ളത്. മുസ്‌ലിംകളുടെ ഭക്ഷണശാലകള്‍ക്ക് മുന്നില്‍ ബസ് നിര്‍ത്തരുതെന്ന ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയ കാര്യം വിഎച്ച്പിയുടെ സൂറത്ത് യൂനിറ്റ് സെക്രട്ടറി രാജു ഷെവാലെ സ്ഥിരീകരിച്ചു.
മുസ്‌ലിംകള്‍ നടത്തുന്ന ഹൈവേ റെസ്‌റ്റോറന്റുകള്‍ വെജ്, നോണ്‍ വെജ് ഭക്ഷണം പാകം ചെയ്യാന്‍ ഒരേ പാത്രങ്ങള്‍ ഉപയോഗിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ആളുകള്‍ക്ക് വിളമ്പുന്നതിന് മുമ്പ് അവര്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങളില്‍ തുപ്പുന്നതായി ഞങ്ങള്‍ക്ക് റിപോര്‍ട്ടുകള്‍ ഉണ്ട് എന്നും അദ്ദേഹം അവകാശപ്പെട്ടു. അവര്‍ ഇനിയും മുസ്‌ലിംകളുടെ ഭക്ഷണശാലകള്‍ക്ക് മുന്നില്‍ വാഹനങ്ങള്‍ നിര്‍ത്തുന്നത് തുടര്‍ന്നാല്‍ അതിന്റെ വില അവര്‍ നല്‍കേണ്ടിവരും.
ഇതുമൂലം അവര്‍ അനുഭവിക്കുന്ന നാശനഷ്ടങ്ങള്‍ക്ക് ഞങ്ങള്‍ ഉത്തരവാദികളായിരിക്കില്ല- അദ്ദേഹം വൈബ്‌സ് ഓഫ് ഇന്ത്യയോട് വിശദീകരിച്ചു. സംഭവത്തില്‍ നടപടിയാവശ്യപ്പെട്ട് ഗുജറാത്ത് ആസ്ഥാനമായുള്ള എന്‍ജിഒ ഡിജിപി ആശിഷ് ഭാട്ടിയക്ക് കത്തയച്ചിരിക്കുകയാണ്. സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് മൈനോറിറ്റി കോ-ഓഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ മുജാഹിദ് നഫീസ് കത്തില്‍ ആവശ്യപ്പെട്ടു.