ഗ്യാന്‍വാപി മസ്ജിദ് നിര്‍മിച്ചത് വലിയ ക്ഷേത്രം തകര്‍ത്തിട്ടെന്ന് എഎസ്‌ഐ റിപോര്‍ട്ട്
ന്യൂഡല്‍ഹി: വാരാണസിയില്‍ ഗ്യാന്‍വാപി നിലനില്‍ക്കുന്ന സ്ഥലത്ത് വലിയ ഹിന്ദുക്ഷേത്രം ഉണ്ടായിരുന്നുവെന്നും അത് തകര്‍ത്താണ് മസ്ജിദ് നിര്‍മിച്ചതെന്നും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്‌ഐ) റിപോര്‍ട്ട്. കേസിലെ ഹിന്ദു വിഭാഗക്കാരുടെ അഭിഭാഷകനായ വിഷ്ണു ശങ്കറാണ് റിപോര്‍ട്ട് പുറത്തുവിട്ടത്. സര്‍വേ റിപോര്‍ട്ടിന്റെ കോപ്പി ലഭിച്ചശേഷം മാധ്യമങ്ങള്‍ക്കു മുന്നിലാണ് റിപോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്. ഹിന്ദുക്ഷേത്രം തകര്‍ത്താണോ 17ാം നൂറ്റാണ്ടില്‍ മസ്ജിദ് നിര്‍മിച്ചതെന്ന് കണ്ടെത്താന്‍ 2023 ജൂലൈ 21നാണ് എഎസ്‌ഐ സര്‍വേയ്ക്ക് ജില്ലാ കോടതി അനുമതി നല്‍കിയത്. 2023 ഡിസംബര്‍ 18നാണ് സീല്‍ ചെയ്ത കവറില്‍ കോടതിക്ക് എഎസ്‌ഐ റിപോര്‍ട്ട് നല്‍കിയത്. നാലാഴ്ചത്തേക്ക് സര്‍വേ റിപോര്‍ട്ട് പുറത്തുവിടരുതെന്ന് കോടതിയോട് എഎസ്‌ഐ അപേക്ഷിച്ചിരുന്നു. എന്നാല്‍, സര്‍വേ റിപോര്‍ട്ട് കേസില്‍ കക്ഷികളായ ഹിന്ദു, മുസ്‌ലിം വിഭാഗങ്ങള്‍ക്ക് കൈമാറാമെന്നും എന്നാല്‍ അത് പരസ്യമാക്കരുതെന്നും ബുധനാഴ്ച ജില്ലാ ജഡ്ജി എ കെ വിശ്വേഷ് വിധിച്ചിരുന്നു. ഇതിനുപുറമെ, കാശി വിശ്വനാഥക്ഷേത്ര ട്രസ്റ്റ്, വാരാണസി ജില്ലാ മജിസ്‌ട്രേറ്റ്, സംസ്ഥാന ആഭ്യന്തര സെക്രട്ടറി എന്നിവര്‍ക്കും പകര്‍പ്പ് നല്‍കാമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
ഗ്യാന്‍വാപി മസ്ജിദില്‍ എഎസ്‌ഐ നടത്തിയ സര്‍വേ റിപോര്‍ട്ടിനു വേണ്ടി 11 പേര്‍ അപേക്ഷ നല്‍കിയിരുന്നു. ഹിന്ദു പക്ഷത്തുനിന്നുള്ള അഞ്ചു ഹരജിക്കാരെ പ്രതിനിധാനംചെയ്യുന്ന അഭിഭാഷകര്‍, അഞ്ജുമാന്‍ ഇന്‍തസാമിയ മസ്ജിദ് കമ്മിറ്റി, കാശി വിശ്വനാഥ് ട്രസ്റ്റ്, ഉത്തര്‍പ്രദേശ് സര്‍ക്കാര്‍, ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, വാരാണസി ജില്ലാ മജിസ്‌ട്രേറ്റ് എന്നിവരാണ് റിപോര്‍ട്ടിന്റെ പകര്‍പ്പിനായി അപേക്ഷിച്ചിരുന്നത്. ഗ്യാന്‍വാപിയില്‍ നിലനില്‍ക്കുന്ന മസ്ജിദിന്റെ തൂണുകളും മറ്റും സംബന്ധിച്ച് ശാസ്ത്രീയ പഠനം നടത്തിയാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഉദ്യോഗസ്ഥര്‍ റിപോര്‍ട്ട് തയ്യാറാക്കിയതെന്നാണ് പറയുന്നത്. ക്ഷേത്രമുണ്ടായിരുന്നിടത്താണ് മസ്ജിദ് പുനര്‍നിര്‍മിച്ചതെന്നാണ് സര്‍വേയില്‍ പറയുന്നത്. ക്ഷേത്രത്തിന്റെ തന്നെ തൂണുകളും മറ്റും ചെറിയ മാറ്റങ്ങള്‍ വരുത്തി മസ്ജിദിനുവേണ്ടി ഉപയോഗിച്ചതായും സര്‍വേയില്‍ കണ്ടെത്തിയെന്നും ഹിന്ദുപക്ഷത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു.
തൂണുകളിലും മറ്റും ഹിന്ദു ക്ഷേത്രങ്ങളുടേതിന് സമാനമായ കൊത്തുപണികളുണ്ടായിരു. അവ രൂപമാറ്റം വരുത്തിയ ശേഷം പള്ളി നിര്‍മാണത്തിനായി ഉപയോഗിച്ചു. മസ്ജിദിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള മതില്‍ മുമ്പ് നിലനിന്നിരുന്ന ക്ഷേത്രത്തിന്റെ ഭാഗമാണെന്നും റിപോര്‍ട്ടിലുണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞു. ഇതിനുപുറമെ, ഹിന്ദു ദേവതകളുടെ ശില്‍പങ്ങളും കൊത്തുപണികളുമുള്ള വസ്തുക്കള്‍ മണ്ണിനടിയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയതായും സര്‍വേയില്‍ പറയുന്നുണ്ട്. അയോധ്യയില്‍ നാലു നൂറ്റാണ്ടിലേറെ കാലം മുസ് ലിംകള്‍ പ്രാര്‍ഥന നടത്തിയ ബാബരി മസ്ജിദ് തകര്‍ത്ത ശേഷം രാമക്ഷേത്രം നിര്‍മിച്ച് ഉദ്ഘാടനം നടത്തിയതിനു പിന്നാലെയാണ് ഹിന്ദുത്വരുടെ പ്രധാന അവകാശവാദങ്ങളിലൊന്നായ ഗ്യാന്‍വാപി മസ്ജിദ് വിഷയത്തിലും സമാനരീതിയിലുള്ള നടപടികളുണ്ടാവുന്നത്. കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ തയ്യാറാക്കിയ റിപോര്‍ട്ട് വരുംദിവസങ്ങളില്‍ സുപ്രധാന ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.