പാകിസ്താനില്‍ തകര്‍ക്കപ്പെട്ട ഹിന്ദു ക്ഷേത്രം പുനര്‍നിര്‍മിച്ച് നല്‍കി; ഉദ്ഘാടകനായി ചീഫ് ജസ്റ്റിസ്
തിങ്കളാഴ്ച, ദീപാവലി ഉത്സവം ആഘോഷിക്കുന്നതിനും ഹിന്ദു സമൂഹത്തിലെ അംഗങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനുമായി പുനര്‍നിര്‍മ്മിച്ച ക്ഷേത്രത്തിലെ മഹത്തായ ചടങ്ങില്‍ ചീഫ് ജസ്റ്റിസ് അഹമ്മദ് പങ്കെടുത്തതായി എക്‌സ്പ്രസ് ട്രിബ്യൂണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.
ഇസ്‌ലാമാബാദ്: വടക്കുപടിഞ്ഞാറന്‍ പാകിസ്താനില്‍ കഴിഞ്ഞ വര്‍ഷം ആള്‍ക്കൂട്ടം തീവച്ച് നശിപ്പിച്ച നൂറ്റാണ്ട് പഴക്കമുള്ള ഹൈന്ദവ ക്ഷേത്രം പാക് ഭരണകൂടം പുനര്‍നിര്‍മിച്ച് വിശ്വാസികള്‍ക്ക് കൈമാറി. പുനര്‍നിര്‍മിച്ച് നല്‍കാന്‍ അധികാരികളോട് ഉത്തരവിട്ട സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഗുല്‍സാര്‍ അഹമ്മദാണ് ക്ഷേത്രം ഭക്തര്‍ക്കായി തുറന്നുകൊടുത്തത്.
കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ കരക് ജില്ലയിലെ തേരി ഗ്രാമത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശ്രീ പരം ഹന്‍സ് ജി മഹാരാജ് ക്ഷേത്രം ജംഇയ്യത്തു ഉലമാ എ ഇസ്‌ലാം ഫസല്‍ (ജെയുഐഎഫ്)ന്റെ പ്രാദേശിക പുരോഹിതന്മാരുടെ നേതൃത്വത്തില്‍ ആള്‍ക്കൂട്ടം ആക്രമിക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്തത്.
ആ സമയത്ത് ചീഫ് ജസ്റ്റിസ് അഹമ്മദ് ക്ഷേത്രം പുനര്‍നിര്‍മ്മിക്കാന്‍ അധികാരികളോട് ഉത്തരവിടുകയും പാകിസ്താന് 'അന്താരാഷ്ട്ര നാണക്കേട്' ഉണ്ടാക്കിയ അക്രമികളില്‍ നിന്ന് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം തിരിച്ചുപിടിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
തിങ്കളാഴ്ച, ദീപാവലി ഉത്സവം ആഘോഷിക്കുന്നതിനും ഹിന്ദു സമൂഹത്തിലെ അംഗങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനുമായി പുനര്‍നിര്‍മ്മിച്ച ക്ഷേത്രത്തിലെ മഹത്തായ ചടങ്ങില്‍ ചീഫ് ജസ്റ്റിസ് അഹമ്മദ് പങ്കെടുത്തതായി എക്‌സ്പ്രസ് ട്രിബ്യൂണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.
ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പാകിസ്താന്‍ സുപ്രിം കോടതി എപ്പോഴും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഭാവിയിലും അത് തുടരുമെന്നും ഉദ്ഘാടന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് അഹമ്മദ് പറഞ്ഞു.ഭരണഘടനയനുസരിച്ച്, പാകിസ്ഥാനിലെ മറ്റ് മതങ്ങളില്‍പ്പെട്ടവരെപ്പോലെ ഹിന്ദുക്കളും അതേ അവകാശങ്ങള്‍ അനുഭവിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ന്യൂനപക്ഷ സമുദായങ്ങളുടെ മതസ്വാതന്ത്ര്യം സംരക്ഷിക്കുമെന്ന് ഉറപ്പുനല്‍കിയ അദ്ദേഹം, മറ്റൊരു സമുദായത്തിന്റെ മതപരമായ ആരാധനാലയം നശിപ്പിക്കാനോ ആക്രമിക്കാനോ ആര്‍ക്കും അധികാരമില്ലെന്നും തറപ്പിച്ചു പറഞ്ഞു.
1920ല്‍ ക്ഷേത്രം സ്ഥാപിച്ച ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ കാരക് ജില്ലയിലെ ഒരു സന്യാസി ശ്രീ പരം ഹന്‍സ് ജി മഹാരാജുമായി ബന്ധപ്പെട്ടതാണ് പുനര്‍നിര്‍മിച്ച ക്ഷേത്രം.
പാകിസ്താനിലെ ഏറ്റവും വലിയ ന്യൂനപക്ഷ സമുദായമാണ് ഹിന്ദുക്കള്‍. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 75 ലക്ഷം ഹിന്ദുക്കള്‍ രാജ്യത്ത് വസിക്കുന്നു. പാകിസ്താനിലെ ഹിന്ദു ജനസംഖ്യയില്‍ ഭൂരിഭാഗവും സിന്ധ് പ്രവിശ്യയിലാണ് കഴിയുന്നത്.
LIVE #APPNews Chief Justice of Pakistan Justice Gulzar Ahamad participating as chief guest at #Diwali ceremony at Hindu temple in Karak, Khyber-Pakhtunkhwa https://t.co/MXvmcSUxf0
— APP 🇵🇰 (@appcsocialmedia) November 8, 2021