വീടില്ല, താമസം പാറപ്പുറത്ത്, കുട്ടികള്‍ക്ക് പഠനവും അന്യം; ദുരിത ജീവിതം നയിച്ച് പെരിന്തല്‍മണ്ണയിലെ ആളര്‍ ആദിവാസികള്‍

ഒന്നര കിലോമീറ്റര്‍ ദൂരത്ത് നിന്നാണ് കുടിവെള്ളം ശേഖരിക്കുന്നത്. കുടിവെള്ളത്തിന്റെ ദൗര്‍ലഭ്യത മൂലം ഒരു നേരമാണ് ഭക്ഷണമുണ്ടാക്കുന്നതെന്നാണ് ഇവര്‍ പറയുന്നത്. കടുത്ത ദുരിതം പേറിയാണ് ഇവരുടെ ജീവിതമെങ്കിലും ഇവരുടെ മേല്‍ ട്രൈബല്‍ ഉദ്യോഗസ്ഥരുടെ ശ്രദ്ധ പതിഞ്ഞിട്ടില്ല.

Update: 2022-04-02 10:44 GMT

കൃഷ്ണന്‍ എരഞ്ഞിക്കല്‍

മലപ്പുറം: പെരിന്തല്‍മണ്ണ കാര്യവട്ടം വില്ലേജില്‍ വട്ടത്തൂര്‍ ഗ്രാമപ്പഞ്ചായത്തിലെ മണ്ണാര്‍ മലയില്‍ കാട്ടുനായ്ക്കര്‍ വിഭാഗത്തില്‍പ്പെട്ട ആളര്‍ ആദിവാസികള്‍ കയറിക്കിടക്കാന്‍ അടച്ചുറപ്പുള്ള ഒരു വീടോ മറ്റു അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാതെ ദുരിതത്തില്‍. പാറപ്പുറത്ത് കുടില്‍ കെട്ടിയാണ് ഏഴു കുടുംബങ്ങള്‍ ഇവിടെ താമസിക്കുന്നത്.

ഏഴ് കുടുംബങ്ങളിലായി പതിനൊന്ന് അംഗങ്ങളുണ്ട്. ഇതില്‍ നാലു പേര്‍ കുട്ടികളാണ്. വനാവകാശ നിയമപ്രകാരം ഇവര്‍ക്ക് ഒരേക്കര്‍ വീതം ഭൂമി ലഭിച്ചിട്ടുണ്ടെന്നാണ് അവര്‍ പറയുന്നതെങ്കിലും രേഖകളോ ഭൂമി എവിടെയാണ് ലഭിച്ചതെന്നോ ഇവര്‍ക്കറിയില്ല.


മുഴുവന്‍ കുടുംബങ്ങള്‍ക്കും നേരത്തേ റേഷന്‍ കാര്‍ഡ് ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ രണ്ടു കുടുംബങ്ങള്‍ക്കു മാത്രമാണ് ഉള്ളതെന്ന് റേഷന്‍ കടയുടമ പറഞ്ഞു.

ഒന്നര കിലോമീറ്റര്‍ ദൂരത്ത് നിന്നാണ് കുടിവെള്ളം ശേഖരിക്കുന്നത്. കുടിവെള്ളത്തിന്റെ ദൗര്‍ലഭ്യത മൂലം ഒരു നേരമാണ് ഭക്ഷണമുണ്ടാക്കുന്നതെന്നാണ് ഇവര്‍ പറയുന്നത്. കടുത്ത ദുരിതം പേറിയാണ് ഇവരുടെ ജീവിതമെങ്കിലും ഇവരുടെ മേല്‍ ട്രൈബല്‍ ഉദ്യോഗസ്ഥരുടെ ശ്രദ്ധ പതിഞ്ഞിട്ടില്ല.

നാല് കുട്ടികളില്‍ മുതിര്‍ന്ന മൂന്നു കുട്ടികള്‍ ഇതുവരെ സ്‌കൂളില്‍ പോയിട്ടില്ലെന്നും അവര്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നത് മൗലികവകാശ ലംഘനമാണെന്നും ആദിവാസി പ്രവര്‍ത്തകര്‍ പറഞ്ഞു.

സര്‍ക്കാര്‍ അടിയന്തിരമായി ഇടപ്പെടണമെന്നും ആദിവാസി ഐക്യ വേദി സംസ്ഥാന പ്രസിഡന്റ് ചിത്ര നിലമ്പൂര്‍, സംസ്ഥാന സെക്രട്ടറി ബിനു പുത്തന്‍ പുരയ്ക്കല്‍, സംസ്ഥാന കമ്മറ്റി അംഗങ്ങളായ തങ്കപ്പന്‍ പഞ്ചന്‍, ഓമന, രവി എന്നിവര്‍ ആവശ്യപ്പെട്ടു.

Tags:    

Similar News