കാഞ്ഞങ്ങാട് ഹണിട്രാപ്പ് കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍

Update: 2021-08-26 09:20 GMT

കാസര്‍ഗോഡ്: കാഞ്ഞങ്ങാട് ഹണിട്രാപ്പ് കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. കണ്ണൂര്‍ ഇരിട്ടി സ്വദേശി അഷ്‌റഫ്, കാസര്‍കോട് കുമ്പള സ്വദേശി അബ്ദുള്‍ ഹമീദ് എന്നിവരാണ് അറസ്റ്റിലായത്. കൊച്ചി കടവന്ത്ര സ്വദേശിയായ അബ്ദുള്‍ സത്താറിന്റെ പരാതിയില്‍ നേരത്തെ ദമ്പതികള്‍ ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റിലായിരുന്നു.

വ്യാപാരിയായ കൊച്ചി കടവന്ത്ര സ്വദേശി അബ്ദുല്‍ സത്താറിനെ ഹണിട്രാപ്പില്‍ കുടുക്കി സ്വര്‍ണ്ണവും പണവും തട്ടിയെടുത്ത സംഭവത്തിലാണ് രണ്ട് പേര്‍ കൂടി അറസ്റ്റിലായത്. പിടിയിലായ കണ്ണൂര്‍ ഇരിട്ടി സ്വദേശി അഷ്‌റഫ് കല്ല്യാണ ബ്രോക്കറാണ്. കാസര്‍കോട് കുമ്പള സ്വദേശി അബ്ദുള്‍ ഹമീദ് നേരത്തെ സ്വര്‍ണ്ണതട്ടിപ്പ് കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചയാളും.

നേരത്തെ മേല്‍പ്പറമ്പ് സ്വദേശി ഉമ്മര്‍, ഇയാളുടെ ഭാര്യ സക്കീന എന്ന ഫാത്തിമ, വിദ്യാനഗര്‍ സ്വദേശി സാജിത, പയ്യന്നൂര്‍ സ്വദേശി ഇഖ്ബാല്‍ എന്നിവര്‍ അറസ്റ്റിലായിരുന്നു. ഹണി ട്രാപ്പില്‍ കുടുക്കി മൂന്നേമുക്കാല്‍ ലക്ഷം രൂപയും ഏഴര പവന്‍ സ്വര്‍ണ്ണവുമാണ് സത്താറില്‍ നിന്ന് സംഘം തട്ടിയെടുത്തത്.

മകളാണെന്ന് പരിചയപ്പെടുത്തി ഉമ്മറും ഫാത്തിമയും സാജിതയെ സത്താറിനെക്കൊണ്ട് കല്യാണം കഴിപ്പിച്ചിരുന്നു. കിടപ്പറയില്‍ രഹസ്യ ക്യാമറ സ്ഥാപിച്ച് സാജിതയുടെയും സത്താറിന്റെയും വീഡിയോ പകര്‍ത്തി ഇത് കാണിച്ച് ഭീഷണിപ്പെടുത്തിയാണ് സംഘം പണം തട്ടിയിരുന്നത്. കേസിലെ പ്രധാന പ്രതിയായ സാജിതയുടെ വിവാഹലോചന കൊണ്ടുവന്നത് ഇപ്പോള്‍ അറസ്റ്റിലായ അഷ്‌റഫാണ്. സംഘത്തിലെ മൂന്ന് പേര്‍ കൂടി പിടിയിലാകാനുണ്ടെന്ന് പോലിസ് പറഞ്ഞു.

Tags:    

Similar News