വിഷബാധ: റഷ്യന്‍ പ്രതിപക്ഷ നേതാവിന്റെ നില ഗുരുതരം; വിദഗ്ധചികില്‍സയ്ക്കായി ജര്‍മനിയിലേയ്ക്ക് മാറ്റാനുള്ള ശ്രമം വിലക്കി ഡോക്ടര്‍മാര്‍

റഷ്യയില്‍ നടക്കുന്ന അഴിമതികളുടെ അണിയറക്കഥകള്‍ നിരന്തരം പുറത്തുകൊണ്ടുവന്നിട്ടുള്ള ഒരു ജനപ്രിയ ബ്ലോഗര്‍ കൂടി ആയിരുന്നു നാല്പത്തിനാലുകാരനായ അലക്‌സി.

Update: 2020-08-21 07:00 GMT

മോസ്‌കോ: വിമാനയാത്രക്കിടെയുണ്ടായ വിഷ പ്രയോഗത്തെതുടര്‍ന്ന് കോമയിലായ റഷ്യന്‍ പ്രതിപക്ഷ രാഷ്ട്രീയ നേതാവ് അലക്സി നവാല്‍നിയുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് റിപോര്‍ട്ട്. അദ്ദേഹത്തെ വിദഗ്ധ ചികില്‍സയ്ക്കായി ജര്‍മനിയിലേക്ക് മാറ്റാനുള്ള ശ്രമത്തെ ഡോക്ടര്‍മാര്‍ വിലക്കി. പുറത്തേക്ക് മാറ്റാവുന്നതല്ല ആരോഗ്യ സ്ഥിതി എന്നാണ് ഡോക്ടര്‍മാരുടെ വിശദീകരണം. എന്നാല്‍ നവാല്‍നിക്ക് ചികല്‍സയൊരുക്കാമെന്ന് ജര്‍മനിയും ഫ്രാന്‍സും വാഗ്ദാനം ചെയ്തിട്ടുണ്ട്.

അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് ഡോക്ടര്‍മാര്‍ പരസ്പരവിരുദ്ധമായ വിവരങ്ങളാണ് നല്‍കുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്നും എന്നാല്‍ ജീവന് ഇപ്പോഴും ഭീഷണിയുണ്ടെന്നും അദ്ദേഹത്തെ രക്ഷിക്കാന്‍ ശ്രമം നടത്തിവരികയാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് വിമാനയാത്രക്കിടെ ചായയില്‍ വിഷം കലര്‍ത്തിയാണ് അദ്ദേഹത്തെ അപായപ്പെടുത്താന്‍ ശ്രമം നടന്നത്. സൈബീരിയന്‍ പട്ടണമായ ടോംസ്‌കില്‍ നിന്ന് മോസ്‌കോയിലേക്കുള്ള യാത്രക്കിടെ അവശനിലയിലായ അദ്ദേഹത്തെ, വിമാനം അടുത്തുള്ള എയര്‍പോര്‍ട്ടില്‍ എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തി. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് അടിയന്തര ചികിത്സ നല്‍കുകയായിരുന്നു.

രാജ്യത്ത് പ്രാദേശിക തിരഞ്ഞെടുപ്പ് അടുത്തമാസം നടക്കാനിരിക്കുകയാണ്. വ്ലാഡിമര്‍ പുടിനെയും അദ്ദേഹത്തിന്റെ ലഫ്റ്റനന്റ്മാരെയും നിശിതമായി വിമര്‍ശിക്കുന്നയാളാണ് നവാല്‍നി. റഷ്യയില്‍ നടക്കുന്ന അഴിമതികളുടെ അണിയറക്കഥകള്‍ നിരന്തരം പുറത്തുകൊണ്ടുവന്നിട്ടുള്ള ഒരു ജനപ്രിയ ബ്ലോഗര്‍ കൂടി ആയിരുന്നു നാല്പത്തിനാലുകാരനായ അലക്‌സി. ഇങ്ങനെ അപ്രിയ സത്യങ്ങള്‍ പുറത്തുവിട്ടുകൊണ്ടിരുന്നതിനാല്‍ നിരന്തരം ഭീഷണികളും അദ്ദേഹത്തിനെതിരെ ഉയര്‍ന്നു വന്നിരുന്നു. അനധികൃത പ്രതിഷേധത്തിന് ആഹ്വാനം ചെയ്തതിന് ശേഷം 2019 ജൂലൈയില്‍ നവാല്‍നിയ്ക്ക് 30 ദിവസത്തെ ജയില്‍ ശിക്ഷയും ലഭിച്ചു. ഇദ്ദേഹത്തെ പോലിസ് അറസ്റ്റു ചെയ്ത് കസ്റ്റഡിയില്‍ പാര്‍പ്പിച്ച സമയത്തും ഇതുപോലെ വിഷം നല്‍കിക്കൊണ്ട് ഒരു കൊലപാതകശ്രമം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടി അറസ്റ്റിലായ ഇദ്ദേഹത്തിനു നേരെ ജയിലില്‍ വെച്ച് ഇദ്ദേഹത്തെ അടിയന്തരമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇദ്ദേഹത്തിന് വിഷ ബാധയേറ്റെന്നാണ് അന്ന് അനുനായികള്‍ ആരോപിച്ചത്. എന്നാല്‍ ഇത് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിരുന്നില്ല. 2017 ല്‍ അലക്സിയുടെ കണ്ണിനു നേരെ അക്രമ സംഘം ആന്റിസെപ്റ്റിക് ദ്രാവകം എറിഞ്ഞതിനെ തുടര്‍ന്ന് കണ്ണിന് പൊള്ളലേറ്റിരുന്നു. 2018 ലെ റഷ്യന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പുടിനെതിരെ മത്സരിക്കാനിരുന്ന ഇദ്ദേഹത്തെ പിന്നീട് വിലക്കുകയായിരുന്നു. ഡബിള്‍ ഏജന്റ് എന്ന് ആരോപണം കേട്ടിരുന്ന മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ സെര്‍ജി സ്‌ക്രിപാലിന് നേരെ 2018ല്‍ ഇംഗ്ലണ്ടിലെ സാലിസ്ബറിയില്‍ വിഷപ്രയോഗം ഉണ്ടായിരുന്നു. 2006ല്‍ ക്രംലിന്‍ വിമര്‍ശകനായ അലക്സാണ്ടര്‍ ലിറ്റ്വെങ്കോ ലണ്ടനില്‍ മരിച്ചു. പൊളോണിയം-210 എന്ന വിഷാംശം ചായയില്‍ കലര്‍ത്തിയാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയത് എന്നാണ് ആരോപണം.


Tags:    

Similar News