ഇസ്‌ലാം സ്വീകരിച്ചതിന് മാധ്യമങ്ങളും സര്‍ക്കാര്‍ ഏജന്‍സികളും വേട്ടയാടുന്നു; സംരക്ഷണം തേടി യുവതി ഹൈക്കോടതിയില്‍

തങ്ങളെ ചിലര്‍ ലക്ഷ്യമിടുകയാണെന്നും ഇസ്‌ലാം മതം സ്വീകരിച്ചതുമൂലം തന്നെക്കുറിച്ച് അപകീര്‍ത്തികരമായ കാര്യങ്ങള്‍ പ്രസിദ്ധീകരിക്കുകയാണെന്നും അവര്‍ സമര്‍പ്പിച്ച ഹരജിയില്‍ ചൂണ്ടിക്കാട്ടിയതായി ലൈവ് ലോ റിപോര്‍ട്ട് ചെയ്യുന്നു. ഹരജി കോടതി ബുധനാഴ്ച പരിഗണിക്കും.

Update: 2021-06-30 16:28 GMT

ന്യൂഡല്‍ഹി: സ്വമേധയാ ഇസ്‌ലാം സ്വീകരിച്ച ഹിന്ദു യുവതി സര്‍ക്കാര്‍ ഏജന്‍സികളില്‍നിന്നും മാധ്യമങ്ങളില്‍ നിന്നും സംരക്ഷണം തേടി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. തന്റേയും അടുത്ത കുടുംബാംഗങ്ങളുടേയും ജീവന് ഭീഷണി നേരിടുന്നതായി അവര്‍ ഹരജിയില്‍ ആരോപിച്ചു. തങ്ങളെ ചിലര്‍ ലക്ഷ്യമിടുകയാണെന്നും ഇസ്‌ലാം മതം സ്വീകരിച്ചതുമൂലം തന്നെക്കുറിച്ച് അപകീര്‍ത്തികരമായ കാര്യങ്ങള്‍ പ്രസിദ്ധീകരിക്കുകയാണെന്നും അവര്‍ സമര്‍പ്പിച്ച ഹരജിയില്‍ ചൂണ്ടിക്കാട്ടിയതായി ലൈവ് ലോ റിപോര്‍ട്ട് ചെയ്യുന്നു. ഹരജി കോടതി ബുധനാഴ്ച പരിഗണിക്കും.

സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറാന്‍ തീരുമാനമെടുത്തതെന്നും ആരുടെയും ഭീഷണിയോ ബലപ്രയോഗമോ ഇല്ലാതെയാണ് തന്റെ മതപരിവര്‍ത്തനമെന്നും അവര്‍ വ്യക്തമാക്കി. ഡല്‍ഹിയില്‍ ജോലി ചെയ്യുന്ന 27കാരി മെയ് 27നാണ് ഇസ്ലാം മതം സ്വീകരിച്ചത്. ജൂണ്‍ 23ന് ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍ ആയിരുന്നപ്പോള്‍, താനുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി തേടി ചില മാധ്യമ പ്രവര്‍ത്തകര്‍ ബന്ധപ്പെട്ടിരുന്നെങ്കിലും താന്‍ അക്കാര്യം നിരസിക്കുകയായിരുന്നു.

എന്നിരുന്നാലും, അവരില്‍ ചിലര്‍ വീട്ടിലെത്തുകയും തന്റെ ഫോട്ടോ എടുക്കുകയും അനുമതിയില്ലാതെ വീഡിയോകള്‍ നിര്‍മ്മിക്കുകയും ചെയ്തു. അവര്‍ തന്നെ ഭീഷണിപ്പെടുത്തി.യുപിയിലെ നിരവധി ചെറുകിട പത്രങ്ങളും ന്യൂസ് പോര്‍ട്ടലുകളും തന്റെ മതപരിവര്‍ത്തനത്തെക്കുറിച്ചുള്ള വാര്‍ത്തകളില്‍ തികച്ചും അസംബന്ധവും സാങ്കല്‍പ്പികവുമായ വിശദാംശങ്ങള്‍ നല്‍കിയതായും അവര്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിരവധി പേരില്‍നിന്ന് ഭീഷണി കോളുകളും സന്ദേശങ്ങളും ലഭിക്കുന്നുണ്ടെന്ന ആരോപിച്ച യുവതി സംരക്ഷണം തേടി ഡല്‍ഹി പോലിസ് കമ്മീഷണര്‍ക്ക് കത്തയക്കുകയും ചെയ്തിട്ടുണ്ട്.തന്നെ ഹിന്ദുമതത്തിലേക്ക് തിരികെ കൊണ്ടുപോകുമെന്ന് അവര്‍ ഭീഷണിപ്പെടുത്തുന്നതായും അവര്‍ ആരോപിച്ചു.

ജൂണ്‍ 26ന് പിതാവിനെ ഉത്തര്‍പ്രദേശ് പോലിസ് ചോദ്യം ചെയ്യലിനായി കൊണ്ടുപോയതായും ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ അവര്‍ പറഞ്ഞു. ഉത്തര്‍പ്രദേശിലേക്ക് തിരികെ കൊണ്ടുപോകാന്‍ യുപി പോലിസ് ഡല്‍ഹിയിലേക്ക് വരുമെന്നും തെറ്റായ പരാതി / എഫ്‌ഐആര്‍ സമര്‍പ്പിക്കാന്‍ നിര്‍ബന്ധിതരാകുമെന്നും തനിക്ക് വിവരം ലഭിച്ചതായും അവര്‍ ചൂണ്ടിക്കാട്ടി.

താന്‍ പ്രായപൂര്‍ത്തിയായ ആളാണെന്നും സ്വന്തം വിശ്വാസം തിരഞ്ഞെടുക്കുന്നതിന് ഇന്ത്യന്‍ ഭരണഘടന സംരക്ഷണം നല്‍കുന്നുണ്ടെന്നും ഇഷ്ടമുള്ള മതംതിരഞ്ഞെടുത്തതിന് തന്നെ ലക്ഷ്യമിടാനും ഉപദ്രവിക്കാനും കഴിയില്ലെന്നും അവള്‍ ഹരജിയില്‍ വ്യക്തമാക്കി. സംസ്ഥാന ഏജന്‍സികളോ വ്യക്തികളോ തന്നെ ബലമായി ഡല്‍ഹി ഹൈക്കോടതിയുടെ അധികാര പരിധിയില്‍നിന്നു നിയമവിരുദ്ധമായ മാര്‍ഗങ്ങളിലൂടെ തന്നെ കടത്തികൊണ്ടുപോവുന്നത് തടയണമെന്നും അവര്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്.

തന്റെയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ജീവനും സ്വാതന്ത്ര്യവും സുരക്ഷയും ഉറപ്പുവരുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. തന്റെ മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട് തന്നെ ഉപദ്രവിക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്യരുതെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, തെറ്റായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍നിന്നു മാധ്യമങ്ങളെ വിലക്കണമെന്നും ഹരജിയില്‍ യുവതി ആവശ്യമുയര്‍ത്തി.

Tags:    

Similar News