ഈ വൈറല്‍ പഴത്തിന് വില എട്ടരക്കോടി !!!
ലേല കമ്പനിയായ സോത്ത്ബിസാണ് ന്യൂയോര്‍ക്കില്‍ ഈ പഴം ലേലത്തില്‍ വച്ചിരിക്കുന്നത്.
ന്യൂയോര്‍ക്ക്: നൂറു രൂപയില്‍ താഴെ നല്‍കിയാല്‍ ഏതു കടയില്‍ നിന്നും നമുക്ക് ഒരു കിലോഗ്രാം പഴം ലഭിക്കും. ഒരു ഡോളറില്‍ താഴെ നല്‍കിയാല്‍ അമേരിക്കക്കാര്‍ക്ക് ഒരെണ്ണവും കിട്ടും. പക്ഷെ, അമേരിക്കയിലെ ഒരു പഴത്തിന് എട്ടരക്കോടിയില്‍ അധികം രൂപ വില വരുമെന്നാണ് അവിടെ നിന്നുള്ള റിപോര്‍ട്ടുകള്‍ പറയുന്നത്. അതേ, ചുവരില്‍ ടേപ്പ് വച്ച് ഒട്ടിച്ചിരിക്കുന്ന ഈ പഴം ഒരു ആര്‍ട്ട് വര്‍ക്കാണ്. ലേല കമ്പനിയായ സോത്ത്ബിസാണ് ന്യൂയോര്‍ക്കില്‍ ഈ പഴം ലേലത്തില്‍ വച്ചിരിക്കുന്നത്.
ഇറ്റലിയില്‍ നിന്നുള്ള ആര്‍ട്ടിസ്റ്റായ മൗറീസ്യോ കാറ്റലാന്‍ ആണ് ഈ പഴത്തിന്റെ ഉടമ. 'തട്ടിപ്പുകാരനായ' ആര്‍ട്ടിസ്റ്റായി അറിയപ്പെടുന്ന മൗറീസ്യോ 2019ലാണ് കൊമേഡിയന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഈ ആര്‍ട്ട് വര്‍ക്ക് ആദ്യമായി അവതരിപ്പിച്ചത്. മിയാമി ബീച്ച് ഫെയറിലാണ് ആദ്യം പഴത്തെ ചുവരില്‍ ടേപ്പ് വച്ച് ഒട്ടിച്ചത്. പക്ഷെ, ബീച്ച് ഫെയറില്‍ പങ്കെടുത്ത മറ്റൊരു ആര്‍ടിസ്റ്റ് അതിനെ വലിച്ചു പറിച്ചു കഴിച്ചു. അത് വാര്‍ത്തയായതോടെ നിരവധി പേര്‍ ഫെയറില്‍ എത്തി. അതോടെ മറ്റൊരു പഴത്തെ ടേപ്പ് വച്ച് ഒട്ടിച്ചു. നിരവധി പേര്‍ അതിന് മുന്നില്‍ നിന്ന് സെല്‍ഫി എടുത്തതോടെ പഴം വൈറലായി.
മൗറീസ്യോ
ആ സംഭവത്തിന് ശേഷം മൂന്നു പഴങ്ങള്‍ മൗറീസ്യോ അവതരിപ്പിച്ചു. അവയെല്ലാം ഒന്നരലക്ഷം ഡോളറിന് മുകളിലാണ് വിറ്റുപോയത്. ഇതോടെയാണ് പുതിയ പഴവുമായി മൗറീസ്യോ രംഗത്തെത്തിയത്. ഇപ്പോള്‍ ഉള്ള പഴത്തിന് പത്ത് ലക്ഷം ഡോളറിന് മുകളില്‍ വരുമെന്നാണ് സോത്ത്ബീസ് പറയുന്നത്. ഈ മാസം 20ന് ന്യൂയോര്‍ക്കില്‍ നടക്കുന്ന ലേലത്തില്‍ യഥാര്‍ത്ഥ വില അറിയാന്‍ കഴിയും.
ആഗോള വ്യാപാരത്തിലെയും പഴം വ്യവസായത്തിലെയും ചൂഷണത്തെ ചോദ്യം ചെയ്യുന്നതാണ് ഈ ആര്‍ട്ട്‌വര്‍ക്കെന്ന് നിരീക്ഷകര്‍ പറയുന്നു. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലെ വാഴത്തോട്ടങ്ങളില്‍ അമേരിക്കന്‍ കമ്പനികള്‍ നടത്തിയ ക്രൂരതകളാണ് ഇതിലൂടെ മൗറീസ്യോ തുറന്നുകാട്ടുന്നതെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.