''മാര്‍ക്കം ചെയ്ത മുല്ലാ' എന്നാക്രോശിച്ചായിരുന്നു ആക്രമണം; ഡല്‍ഹിയിലെ ഹിന്ദുത്വ ആക്രമണം വിവരിച്ച് 'കാരവന്‍' മാധ്യമപ്രവര്‍ത്തകര്‍

Update: 2020-08-13 10:12 GMT
ന്യൂഡല്‍ഹി: അയോധ്യയില്‍ ശ്രീരാമക്ഷേത്രത്തിനു ഭൂമി പൂജ നടത്തിയതിനു പിന്നാലെ വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ സുഭാഷ് മൊഹല്ലയില്‍ വാര്‍ത്താശേഖരണത്തിനു പോയ കാരവന്‍ മാഗസിനിലെ മാധ്യമപ്രവര്‍ത്തകര്‍ നേരിട്ടത് സമാനതകളില്ലാത്ത ആക്രമണം. കാരവന്‍ മാഗസിന്‍ അസി. ഫോട്ടോ എഡിറ്റര്‍ ഷാഹിദ് തന്ത്ര, കാരവന്‍ കോണ്‍ട്രിബ്യൂട്ടര്‍ പ്രഭ്ജിത് സിങ് എന്നിവരും ഒരു വനിതാമാധ്യമപ്രവര്‍ത്തകയുമാണ് ആഗസ്ത് 11നു ക്രൂരമായ ആക്രമണങ്ങള്‍ക്കിരയായത്. മണിക്കൂറുകള്‍ നീണ്ട ഹിന്ദുത്വ ആക്രമണത്തിനിടെ വനിതാ മാധ്യമപ്രവര്‍ത്തകയ്ക്കു നേരെ ലൈംഗികാതിക്രമവുമുണ്ടായതായും മാധ്യമപ്രവര്‍ത്തകര്‍ ദി വയറിനോടു പറഞ്ഞു. രാജ്യതലസ്ഥാനത്ത് ഹിന്ദുത്വര്‍ക്കൊപ്പമാണ് പോലിസ് ഇപ്പോഴും എന്നുകൂടി മാധ്യമപ്രവര്‍ത്തകരുടെ അനുഭവം ചൂണ്ടിക്കാട്ടുന്നു.

    അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് ശ്രീരാമക്ഷേത്രത്തിനു വേണ്ടി ഭൂമിപൂജ നടത്തിയതിനു പിന്നാലെ ഡല്‍ഹിയിലെ സുഭാഷ് മൊഹല്ലയില്‍ പള്ളിക്കു മുന്നില്‍ കാവി പതാക ഉയര്‍ത്തുകയും മുസ് ലിംകള്‍ക്കെതിരേ കൊലവിളി ഉയര്‍ത്തുകയും ചെയ്തിരുന്നു. ഇതേക്കുറിച്ച് റിപോര്‍ട്ട് തയ്യാറാക്കാനും മറ്റുമാണ് കാരവന്‍ മാഗസിന്‍ സംഘം പോയത്. പോവുമ്പോള്‍ തന്നെ ഹിന്ദു-മുസ് ലിം ഗല്ലികളെ വേര്‍തിരിക്കുന്ന കവാടത്തില്‍ കാവി പതാക പാറിപ്പറക്കുന്നതാണു കണ്ടതെന്ന് കാരവന്‍ മാഗസിന്‍ അസി. ഫോട്ടോ എഡിറ്റര്‍ ഷാഹിദ് തന്ത്ര, കാരവന്‍ കോണ്‍ട്രിബ്യൂട്ടര്‍ പ്രഭ്ജിത് സിങും വ്യക്തമാക്കി. സമീപത്തുണ്ടായിരുന്ന സ്ത്രീകളോട് സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ ഷാഹിദ് കാവിക്കൊടിയുടെയും ഗല്ലിയുടെയും ചിത്രങ്ങള്‍ പകര്‍ത്തുകയും വനിതാ മാധ്യമപ്രവര്‍ത്തക വീഡിയോ പകര്‍ത്തുകയും ചെയ്തതുടങ്ങിയിരുന്നു.

    ഇതിനിടയില്‍ രണ്ടുപേര്‍ സമീപത്തെത്തി. ഒരാള്‍ താന്‍ ബിജെപി പ്രവര്‍ത്തകനാണെന്ന് പരിചയപ്പെടുത്തിയ ശേഷം തടയുകയായിരുന്നു. ''ഇവിടെ നിന്ന് വീഡിയോയെടുക്കരുത്. കാവിക്കൊടി നാട്ടിയാല്‍ എന്താണ് കുഴപ്പം?,'' എന്നുമായിരുന്നു ആക്രോശം. എന്നാല്‍ നിങ്ങള്‍ക്കു പറയാനുള്ളത് കാമറയ്ക്കു മുന്നില്‍ പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍ ''ഞാന്‍ നിങ്ങളെപ്പോലെയുള്ള താഴ്ന്ന പത്രക്കരോട് സംസാരിക്കില്ലെന്നും നിങ്ങളെപ്പോലെയുള്ളവരെ തല്ലിച്ചതക്കുകയാണ് പതിവ്'' എന്നുമായിരുന്നു മറുപടി. ഇതിനു ശേഷം ഗല്ലിയില്‍ നിന്നു പുറത്തേക്കുള്ള രണ്ടു വഴികളും തടഞ്ഞ് ഫോണില്‍ പലരെയും വിളിച്ചു. ''സ്ത്രീകളും യുവാക്കളുമടക്കം ഏകദേശം 20ഓളം പേര്‍ അവിടെയെത്തി. അവര്‍ മാധ്യമപ്രവര്‍ത്തകരോട് വളരെ മോശമായാണു സംസാരിച്ചത്. കാമറ ഫൂട്ടേജ് ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു. അതിനു വിസമ്മതിച്ചപ്പോള്‍ ഷാഹിദിനെയും പ്രഭ്ജിതിനെയും ആക്രമിക്കാന്‍ തുടങ്ങി. തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യപ്പെട്ടു. സാഗര്‍, സാഗര്‍ എന്ന് മര്‍ദ്ദനത്തിനിടെ പ്രഭ്ജിത് ഷാഹിദിനെ വിളിച്ചു കൊണ്ടിരുന്നു. മുസ് ലിം വിരുദ്ധ കലാപം അരങ്ങേറിയ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നിന്നു വാര്‍ത്തകള്‍ സുരക്ഷിതമായി റിപോര്‍ട്ട് ചെയ്യാന്‍ ഷാഹിദ് ഉപയോഗിച്ച പേരായിരുന്നു സാഗര്‍ എന്ന കശ്മീരി പണ്ഡിറ്റ് നാമം. മുസ് ലിം പേര് പോലും ജീവന് ഭീഷണിയാവുന്ന വിധത്തിലേക്ക് ഡല്‍ഹി മാറിയെന്നും റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ഐഡി കാര്‍ഡ് കാണിച്ചതോടെ ഷാഹിദ് മുസ് ലിമാണെന്നു ഹിന്ദുത്വര്‍ക്കു മനസ്സിലായി. ഇതോടെ ആക്രോശമായിരുന്നു. 'തൂ തോ കട്ടുവാ മുല്ലാഹേ'(മാര്‍ഗം കൂടിയ മുസ് ലിം) എന്നാക്രോശിച്ചാണ് സംഘം ഷാഹിദിന്റെ തലയിലും കഴുത്തിന്റെ പിന്‍ഭാഗത്തും കാലിലും ആക്രമിച്ചത്. ആക്രമണത്തില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച വനിതാ മാധ്യമപ്രവര്‍ത്തക അതിസാഹസികമായാണ് ഗേറ്റിന്റെ മറുവശത്തെത്തിയത്. യുവതിയെ പുറത്താക്കി ഗേറ്റടച്ച സംഘം ഷാഹിദിനെയും പ്രഭ്ജിതിനെയും മര്‍ദ്ദിച്ചു. ഇതിനിടെ കാവി കുര്‍ത്ത ധരിച്ച ഒരാളെത്തി സ്വയം പരിചയപ്പെടുത്തി 'ഞാന്‍ ബിജെപിയുടെ ജനറല്‍ സെക്രട്ടറിയാണ്. നിങ്ങള്‍ക്കെന്നെ ഒരു ചുക്കും ചെയ്യാനാവില്ല'' ഇതിനിടെ ഒരു സ്ത്രീ കാമറയുടെ സ്ട്രാപ്പ് ഉപയോഗിച്ച് ഷാഹിദിന്റെ ശ്വാസം മുട്ടിക്കാന്‍ ശ്രമിച്ചു. കാമറ തകര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ ഫൂട്ടേജ് ഡിലീറ്റ് ചെയ്യാന്‍ ഷാഹിദ് സമ്മതിച്ചു. ഏഴു മുസ് ലിം സ്ത്രീകളുടെ ഇന്റര്‍വ്യൂവും ഒരു ഹിന്ദു സ്ത്രീയുടെ ഇന്റര്‍വ്യൂവും അന്നെടുത്ത ഫോട്ടോയും ഷാഹിദ് ഡിലീറ്റ് ചെയ്തു. തുടര്‍ന്ന് ഷാഹിദിന്റെ 64 ജിബി മെമ്മറി കാര്‍ഡും ഹിന്ദുത്വര്‍ പിടിച്ചെടുത്തു. ലൈംഗികാതിക്രമങ്ങള്‍ക്കും മറ്റും ഇരയായ മുസ് ലിം സ്ത്രീകള്‍ സംഭവം വിവരിക്കുന്നതാണ് വീഡിയോയിലുണ്ടായിരുന്നത്.

    കുറച്ചുസമയം കഴിഞ്ഞ് അമ്പതോളം പേരാണ് ഷാഹിദിനെ ആക്രമിച്ചത്. ഇത് തടയുന്നതിനിടെയ പ്രഭ്ജിതിനും മര്‍ദനമേറ്റു. കൊന്നു കളയും എന്നലറിയായിരുന്നു ആക്രമണമെന്ന് ഇരുവരും പറഞ്ഞു. പോലിസ് സാന്നിധ്യത്തിലും ആക്രമണം തുടര്‍ന്നു. ഹെല്‍മറ്റ് ധരിച്ചതിനാലാണ് ജീവന്‍ ബാക്കിയായയ്ത. കൂടുതല്‍ പോലിസെത്തിയാണ് ഇരുവരെയും ഭജന്‍പുര സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. അതിനിടെ, പ്രാണരക്ഷാര്‍ത്ഥം സമീപത്തെ ഗല്ലിയിലേക്ക് ഓടിക്കയറിയ വനിതാ മാധ്യമയും നേരിട്ടത് ഇത്തരം ദുരനുഭവങ്ങളാണ്. സഹപ്രര്‍ത്തകരെ വെറുതെ വിടാന്‍ അഭ്യര്‍ത്ഥിച്ച മാധ്യപ്രവര്‍ത്തകയെ രാഖി കെട്ടിയ കൗമാരക്കാരന്‍ ബലം പ്രയോഗിച്ചു ഗേറ്റിനുള്ളിലേക്ക് വലിച്ചിടാന്‍ ശ്രമിച്ചു. ഗേറ്റിനു മറുവശത്തു നിന്ന ചില യുവതികളുടെ സഹായത്താല്‍ അവിടെനിന്നും രക്ഷപ്പെട്ട യുവതി സമീപത്തെ ഗല്ലിയിലേക്ക് കടന്നു. അവിടെ അല്‍പസമയം കഴിയുമ്പോഴേക്കും 25 വയസ്സോളം പ്രായം തോന്നിക്കുന്ന ഒരു സംഘം യുവാക്കള്‍ അവിടെയെത്തി അവളുടെ ഫോട്ടോയും വീഡിയോയും പകര്‍ത്താന്‍ തുടങ്ങി. ഇതുകണ്ട് പ്രാണരക്ഷാര്‍ത്ഥം ഓടുന്നതിനിടെ അശ്ലീല കമ്മന്റുകളുമായി പിന്തുടരുന്നുണ്ടായിരുന്നു. കുറച്ചു ദൂരെയെത്തിയപ്പോള്‍ വെള്ള ഷര്‍ട്ടും മുണ്ടും ധരിച്ച മധ്യവയസ്‌കന്‍ അവളുടെ മുന്നിലെത്തി. അയാള്‍ ഉടുമുണ്ടുപൊക്കി അവളുടെ നേര്‍ക്ക് തന്റെ ജനനേന്ദ്രിയം കാണിക്കുകയും സ്വയംഭോഗം ചെയ്യാന്‍ തുടങ്ങുകയും ചെയ്തതോടെ അവിടെ നിന്നു ഓടിയകന്നു. ഈ സമയം ഞങ്ങള്‍ സുരക്ഷിതരായണെന്നും ഉടന്‍ ഭജന്‍പുര പോലിസ് സ്റ്റേഷനിലെത്തണമെന്നുമുള്ള ഷാഹിദിന്റെ ഫോണ്‍ വിളിയെത്തി.

    പക്ഷേ, പ്രദേശവാസികളോട് പോലിസ് സ്റ്റേഷനിലേക്കുള്ള വഴി ചോദിക്കുന്നതിനിടെ, മൂന്നു സ്ത്രീകള്‍ ഉള്‍പ്പടെയുള്ള ആറംഗസംഘം തന്റെ നേരെ ചൂണ്ടുന്നതാണു കണ്ടത്. യുവതിയെ പിന്തുടര്‍ന്നെത്തിയത. ആക്രമണകാരികള്‍ ക്രൂരമായി മര്‍ദിക്കാന്‍ തുടങ്ങി. കൂട്ടത്തിലുള്ള ഒരു സ്ത്രീ അവളുടെ മുടി കൂട്ടിപ്പിടിച്ച് തലയിലും കവിളിലും തല്ലി. കാവി വസ്ത്രം ധരിച്ച ബിജെപി നേതാവായിരുന്നു ആ സംഘത്തെ നയിച്ചതെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞു. ഇതിനിടെ ഒരുപോലിസുകാരന്‍ സ്ഥലത്തെത്തി. തന്നെ സ്റ്റേഷനിലേക്കെത്തിക്കണമെന്ന് അഭ്യര്‍ത്ഥിച്ചപ്പോള്‍ പ്രശ്നം ഒത്തുതീര്‍പ്പാക്കാനാണേ്രത പറഞ്ഞത്. മറ്റൊരു പോലിസുകാരന്റെ സഹായത്തോടെയാണ് സ്റ്റേഷനിലെത്തിയത്. തുടര്‍ന്ന് ഷാഹിദും പ്രഭ്ജിത് സിങും ചേര്‍ന്ന് ഒരു പരാതിയും വനിതാ മാധ്യമപ്രവര്‍ത്തക വേറൊരു പരാതിയും സമര്‍പ്പിച്ചു. എന്നാല്‍, പ്രദേശവാസികള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ പരാതി നല്‍കിയിട്ടുണ്ടെന്നും അതും കൂടി കണക്കിലെടുത്തേ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പറ്റുകയുള്ളു എന്നുമായിരുന്നു പോലിസുകാരുടെ നിലപാട്. നേരത്തേ, സിഎഎ വിരുദ്ധ പ്രക്ഷോഭത്തിനു നേരെ സംഘപരിവാരം വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടത്തിയ വംശീയാക്രമണത്തില്‍ സംഘപരിവാരത്തിനും പോലിസിനുമുള്ള പങ്ക് സംബന്ധിച്ച നിരവധി വാര്‍ത്തകള്‍ ഷാഹിദ് തന്ത്രയും പ്രഭ്ജിത് സിങും കാരവന്‍ മാഗസിനിലൂടെ പുറത്തുകൊണ്ടുവന്നിരുന്നു.

How Caravan Journalists Were Attacked While Reporting in North East Delhi


Tags:    

Similar News