സ്‌ഫോടനക്കേസ്: അബ്്ദുല്‍ കരീം തുണ്ടെയെ കോടതി വെറുതെവിട്ടു
16 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് അബ്ദുല്‍ കരീം തുണ്ടെയെ വിചാരണയ്ക്കു വിധേയനാക്കുന്നത്
ഹൈദരാബാദ്: ലഷ്‌കറെ ത്വയ്ബയുടെ ബോംബ് നിര്‍മാതാവെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത അബ്ദുല്‍ കരീം തുണ്ടയെ നംപള്ളി മെട്രോപൊളിറ്റന്‍ സെഷന്‍സ് കോടതി വെറുതെവിട്ടു. ഭീകരപ്രവര്‍ത്തനങ്ങളിലും ബോംബ് സ്‌ഫോടനങ്ങളിലും ബന്ധമുണ്ടെന്നാരോപിച്ച് വര്‍ഷങ്ങള്‍ നീണ്ട വിചാരണയ്‌ക്കൊടുവിലാണ് ഗൂഢാലോചന കേസില്‍ തുണ്ടെയെ കോടതി കുറ്റവിമുക്തനാക്കിയത്. ഗാസിയാബാദ് ജില്ലാ ജയിലില്‍ പാര്‍പ്പിച്ചിരുന്ന ഇദ്ദേഹത്തെ ജഡ്ജിയുടെ മുമ്പാകെ ഹാജരാക്കായിരുന്നില്ല. 1998ല്‍ 11 ദിവസം നീണ്ടുനിന്ന ഗണേഷോല്‍സവ വേളയില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടെന്ന് ആരോപിച്ചാണ് അബ്ദുല്‍കരീം തുണ്ടെയെ പോലിസ് പ്രതി ചേര്‍ത്തത്. കേസില്‍ തുണ്ടയെ 2013 ആഗസ്തിലാണ് ഡല്‍ഹി പോലിസിന്റെ പ്രത്യേക സെല്‍ അറസ്റ്റ് ചെയ്തത്. കേസന്വേഷിച്ച പ്രത്യേകാന്വേഷണ സംഘം തുണ്ടെയെ അതേവര്‍ഷം ഒക്ടോബറില്‍ ഹൈദരാബാദിലേക്ക് മാറ്റി.
ഇതേ കേസില്‍ 1998 ജൂലൈ ഒന്നിനു ലഷ്‌കറെ ത്വയ്ബ പ്രവര്‍ത്തകനെന്ന് ആരോപിച്ച് പാകിസ്താന്‍ പൗരനായ സലീം ജുനൈദിനെ ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ ഹൈദരാബാദില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ക്ക് ഐഎസ്‌ഐ, ലഷ്‌കറെ ത്വയ്ബ തുടങ്ങിയവയുടെ പരിശീലനം ലഭിച്ചിരുന്നുവെന്നായിരുന്നു അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. സലീം ജുനൈദിനു ലഷ്‌കര്‍ ക്യാംപുകളില്‍ പരിശീലനം നല്‍കിയത് തുണ്ടെയാണെന്ന് ജുനൈദ് സമ്മതിച്ചെന്ന് പറഞ്ഞാണ് അന്വേഷണസംഘം തുണ്ടെയെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് സെന്‍ട്രല്‍ ക്രൈം സ്‌റ്റേഷനിലെ സി. നമ്പര്‍ 155/ 1998 ആയി അബ്്ദുല്‍ കരീം തുണ്ടെയ്‌ക്കെതിരേ ഗൂഢാലോചന കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. 16 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് അബ്ദുല്‍ കരീം തുണ്ടെയെ വിചാരണയ്ക്കു വിധേയനാക്കുന്നത്.
കേസില്‍ ചൊവ്വാഴ്ചയാണ് നംപള്ളി മെട്രോപൊളിറ്റന്‍ കോടതി തുണ്ടെയെ വെറുതെവിട്ടത്. ഐപിസി സെക്്ഷന്‍ 120ബി, 121, 121 എ, 122, 153എ, 153ബി, 420, 471, 436, 511, 428, 302, 307, ഐപിസി, ആയുധ നിയമത്തിലെ സെക്്ഷന്‍ 251 എന്നീ വകുപ്പുകളും സ്‌ഫോടകവസ്തു നിയമത്തിലെ സെക്ഷന്‍ 4, 5, 6, പാസ്‌പോര്‍ട്ട് നിയമത്തിലെ സെക്ഷന്‍ 12, സെക്ഷന്‍ 3(2) (എ), വിദേശ നിയമത്തിലെ 14 തുടങ്ങിയ വകുപ്പുകളാണ് ഇദ്ദേഹത്തിനെതിരേ ചുമത്തിയിരുന്നത്. കേസന്വേഷിച്ച ഹൈദരാബാദിലെ പ്രത്യേക സംഘം 12 സാക്ഷികളെ വിസ്തരിച്ചെങ്കിലും കുറ്റം തെളിയിക്കാനായിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി വെറുതെവിട്ടത്. ഗാസിയാബാദ് ജയിലില്‍ കഴിയുന്ന 80 കാരനായ തുണ്ടെയെ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് കോടതിയില്‍ ഹാജരാക്കിയിരുന്നത്. രാജ്യത്ത് നടന്ന 40ഓളം ബോംബ് സ്‌ഫോടനങ്ങളില്‍ അബ്ദുള്‍ കരീം തുണ്ടെയ്ക്ക് ബന്ധമുണ്ടെന്നാണ് ആരോപണം. തുണ്ടെയെ ഏഴുവര്‍ഷം മുമ്പ് ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.