കോഴിക്കോട്: വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകത്തില്‍ പ്രതിഷേധിച്ചതിന് ജയിലിലടയ്ക്കപ്പെട്ട പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനും എസ് ഡിടിയു സംസ്ഥാന പ്രസിഡന്റുമായ ഗ്രോ വാസുവിനെ കോടതി വെറുതെവിട്ടു. കേസ് വിചാരണ പൂര്‍ത്തിയാക്കി കുന്നമംഗലം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജഡ്ജി വി പി അബ്ദുല്‍ സത്താര്‍ ആണ് കുറ്റവിമുക്തനാക്കിയത്. 2016ല്‍ നിലമ്പൂര്‍ വനത്തില്‍ മാവവാദികളെന്ന് ആരോപിച്ച് വെടിവച്ചുകൊന്ന അജിത, കുപ്പു ദേവരാജ് എന്നിവരുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ചപ്പോള്‍ മോര്‍ച്ചറി പരിസരത്ത് പ്രതിഷേധിച്ചെന്നാണ് ഗ്രോ വാസുവിനെതിരായ കേസ്. മോര്‍ച്ചറി പരിസരത്ത് മുദ്രാവാക്യം വിളിക്കുകയും പ്രകടനം നടത്തുകയും ഗതാഗതം തടസസ്‌പ്പെടുത്തുകയും ചെയ്‌തെന്നു കാണിച്ച് ഐപിസി 143, 147, 149 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ഏഴു വര്‍ഷം മുമ്പെടുത്ത കേസില്‍ ഇക്കഴിഞ്ഞ ജൂലൈ 29നാണു പോലിസ് 94കാരനായ വാസുവിനെ അറസ്റ്റ് ചെയ്തത്. കോടതി ജാമ്യം നല്‍കിയിരുന്നെങ്കിലും പ്രതിഷേധിക്കുന്നത് കുറ്റമല്ലെന്നും അതിനാല്‍ കുറ്റം സമ്മതിച്ച് ജാമ്യമെടുക്കാന്‍ തയ്യാറല്ലെന്നും വാദിക്കുകയായിരുന്നു. തുടര്‍ന്നാണ് റിമാന്റ് ചെയ്തത്. 45 ദിവസമായി ജയിലില്‍ കഴിയുന്നതിനിടെ, ജഡ്ജിക്കു മുമ്പില്‍ ഹാജരാക്കിയപ്പോഴെല്ലാം കുറ്റം സമ്മതിക്കുന്നില്ലെന്നായിരുന്നു നിലപാട്. മാത്രമല്ല, 'പശ്ചിമഘട്ട രക്തസാക്ഷികള്‍ സിന്ദാബാദ്, നിലമ്പൂര്‍ വ്യാജ ഏറ്റുമുട്ടല്‍ അന്വേഷിക്കുക' തുടങ്ങിയ ആവശ്യങ്ങളുന്നയിക്കുകയും കോടതി കോംപൗണ്ടില്‍ മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു. പോലിസ് ഇദ്ദേഹത്തെ തൊപ്പി കൊണ്ട് മുഖംമറയ്ക്കാനും തടസ്സപ്പെടുത്താനും ശ്രമിച്ചത് ഏറെ വിമര്‍ശനത്തിനിടയാക്കിയിരുന്നു. ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കിയപ്പോഴും സ്വയം വാദിച്ച അദ്ദേഹം, നിലമ്പൂരില്‍ മാവോയിസ്റ്റുകള്‍ വെടിയേറ്റു മരിച്ചതിനെ ഏറ്റുമുട്ടല്‍ കൊല എന്നു പറയരുതെന്നും, ഏകപക്ഷീയമായി നടന്ന വെടിവയ്പ് ആണെന്നും വാസു ചൂണ്ടിക്കാട്ടിയിരുന്നു. സംഭവത്തില്‍ പോലിസുകാര്‍ക്കു പരുക്കേറ്റിട്ടില്ലെന്നും ആസൂത്രിത കൊലപാതകമാണെന്നും ആരോപിച്ചിരുന്നു. എന്നാല്‍, ഗതാഗതം തടസ്സപ്പെടുത്തിയെന്നതിന് സാക്ഷികളില്ലെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍, സ്വമേധയാ കേസെടുത്തതിനെ കോടതി വിമര്‍ശിക്കുകയും ചെയ്തിരുന്നു. പിണറായി വിജയനെതിരേയും ഗ്രോവാസു റിമാന്റില്‍ കഴിയുന്നതിനിടെ രംഗത്തെത്തിയിരുന്നു.
കേസില്‍ ആകെ ഏഴു സാക്ഷികളെയാണ് വിസ്തരിച്ചത്. കേസിലെ കൂട്ടുപ്രതികളെല്ലാം 200 രൂപ പിഴയടച്ച് കോടതി നടപടികള്‍ അവസാനിപ്പിച്ചപ്പോള്‍, തെറ്റ് ചെയ്യാത്തതിനാല്‍ താന്‍ അതിന് തയ്യാറല്ലെന്ന് വാദിക്കുകയായിരുന്നു. കോടതിയില്‍ കേസ് പരിഗണിച്ചപ്പോഴൊന്നും ഹാജരാവാതിരുന്നതിനാലാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്. തുടര്‍ന്ന് അറസ്റ്റ് ചെയ്ത കോടതിയില്‍ ഹാജരാക്കിയപ്പോഴും തന്റെ വാദത്തില്‍ ഉറച്ചുനിന്നു. പിഴയടയ്ക്കാനോ ജാമ്യം നേടാനോ തയ്യാറാവാതെ ജയിലിലേക്ക് പോവുകയായിരുന്നു. കഴിഞ്ഞ ദിവസം കോടതിയില്‍ മുദ്രാവാക്യം വിളിച്ചതിനാല്‍ ഇന്ന് അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കിയിരുന്നില്ല. പകരം ഓണ്‍ലൈനായാണ് കോടതി കേസ് പരിഗണിച്ചത്. പ്രോസിക്യൂഷന് കേസ് തെളിയിക്കാനായില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി ഗ്രോവാസുവിനെ കുറ്റവിമുക്തനാക്കിയത്.