വിദ്വേഷപ്രസംഗം: ഉവൈസിക്കും വാരിസ് പത്താനും കപില്‍ മിശ്രയ്ക്കുമെതിരേ കേസ്
കോടതിയുടെ നിര്‍ദേശപ്രകാരം പഴയ നഗരത്തിലെ മൊഗല്‍പുര പോലിസ് 295എ, 117, 153, 153 എ, 120 ബി ഐപിസി, 156(3) സിആര്‍പിസി വകുപ്പുകള്‍ പ്രകാരം ക്രൈം നമ്പര്‍ 47/2020 പ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ഹൈദരാബാദ്: പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് എഐഎംഐഎം പ്രസിഡന്റ് അസദുദ്ദീന്‍ ഒവൈസി, എഐഎംഐ നേതാവും മുന്‍ എംഎല്‍എയുമായ വാരിസ് പത്താന്‍, ബിജെപി നേതാവ് കപില്‍ മിശ്ര എന്നിവര്‍ക്കെതിരേ ഹൈദരാബാദ് നഗരത്തിലെ മൊഗല്‍പുര പോലിസ് കേസെടുത്തു. മൂന്ന് രാഷ്ട്രീയ നേതാക്കള്‍ക്കെതിരേയും നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എഐഎം ഇന്‍ക്വിലാബ് പാര്‍ട്ടിയുടെ എസ് സി, എസ് ടി പ്രസിഡന്റ് ബാല്‍കിഷന്‍ റാവു നംധാരി നാലാം അഡീഷനല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റിന് നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു നടപടി. കര്‍ണാടകയിലെ കലബര്‍ഗിയില്‍ നടന്ന സിഎഎ വിരുദ്ധ പൊതുയോഗത്തിനിടെ വാരിസ് പത്താന്‍ പാര്‍ട്ടി പ്രസിഡന്റ് അസദുദ്ദീന്‍ ഉവൈസിയുടെ സാന്നിധ്യത്തില്‍ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാണ് പരാതി. പ്രകോപന പ്രസംഗം
ഹിന്ദു-മുസ്‌ലിം സമുദായാംഗങ്ങള്‍ തമ്മിലുള്ള വര്‍ഗീയ സംഘട്ടനങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും കാരണമാവുമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ബിജെപി നേതാവ് കപില്‍ മിശ്ര ഡല്‍ഹിയിലെ മൗജ്പൂര്‍ ഛൗക്കിലും ജാഫറാബാദിലും സിഎഎയെ പിന്തുണച്ച് നടത്തിയ യോഗത്തില്‍ വിദ്വേഷപ്രസംഗം നടത്തിയെന്നും തുടര്‍ന്ന് സിഎഎ അനുകൂലികളും എതിര്‍ക്കുന്നവരും തമ്മില്‍ സംഘര്‍ഷമുണ്ടായതായും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കോടതിയുടെ നിര്‍ദേശപ്രകാരം പഴയ നഗരത്തിലെ മൊഗല്‍പുര പോലിസ് 295എ, 117, 153, 153 എ, 120 ബി ഐപിസി, 156(3) സിആര്‍പിസി വകുപ്പുകള്‍ പ്രകാരം ക്രൈം നമ്പര്‍ 47/2020 പ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സബ് ഇന്‍സ്‌പെക്ടര്‍ കെ നാഗരാജുവാണ് അന്വേഷണം നടത്തുന്നത്.