മുനിസിപ്പല്‍ ജീവനക്കാര്‍ മസ്ജിദ് പൊളിച്ചുനീക്കി; ഹൈദരാബാദില്‍ വന്‍ പ്രതിഷേധം
ഗ്രീന്‍ അവന്യൂ കോളനിയിലെ മസ്ജിദെ ഖാജാ മഹ്മൂദ് വന്‍ പോലിസ് സാന്നിധ്യത്തില്‍ പുലര്‍ച്ചെയാണ് മുനിസിപ്പല്‍ ജീവനക്കാര്‍ ഇടിച്ചുനിരത്തിയത്.
ഹൈദരാബാദ്: നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഷംഷാബാദില്‍ ചൊവ്വാഴ്ച മുനിസിപ്പല്‍ അധികൃതര്‍ ഒരു മുസ്ലീം പള്ളി തകര്‍ത്തത് വന്‍ പ്രതിഷേധത്തിന് കാരണമായി. ഗ്രീന്‍ അവന്യൂ കോളനിയിലെ മസ്ജിദെ ഖാജാ മഹ്മൂദ് വന്‍ പോലിസ് സാന്നിധ്യത്തില്‍ പുലര്‍ച്ചെയാണ് മുനിസിപ്പല്‍ ജീവനക്കാര്‍ ഇടിച്ചുനിരത്തിയത്.
സംഭവം പ്രാദേശിക മുസ്‌ലിംകളുടേയും വിവിധ പാര്‍ട്ടി നേതാക്കളുടെയും ശക്തമായ പ്രതിഷേധത്തിന് ഇടയാക്കി. ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ (എഐഎംഐഎം), മജ്‌ലിസ് ബച്ചാവോ തെഹ്‌രീക് (എംബിടി) നേതാക്കള്‍ പ്രതിഷേധം രേഖപ്പെടുത്തി. മൂന്ന് വര്‍ഷം മുമ്പാണ് മസ്ജിദ് നിര്‍മ്മിച്ചതെന്നും ഇവിടെ ജുമുഅ നമസ്‌കാരം ഉള്‍പ്പെടെ ദിവസവും അഞ്ച് നേരം നമസ്‌കാരം നടക്കുന്നുണ്ടെന്നും എംബിടി നേതാവ് അംജദുല്ല ഖാന്‍ പറഞ്ഞു.
15 ഏക്കര്‍ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഗ്രീന്‍ അവന്യൂ കോളനി പ്ലോട്ടാക്കി തിരിച്ച് വില്‍പ്പന നടത്തിയത് ഷംഷാദ് ഗ്രാമപ്പഞ്ചായത്തില്‍ നിന്നുള്ള അനുമതിക്ക് ശേഷമാണ്. 250 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള രണ്ട് പ്ലോട്ടുകള്‍ മസ്ജിദിനുള്ള സ്ഥലമായി അടയാളപ്പെടുത്തി. മസ്ജിദിന് സമീപമുള്ള വീടുള്ള ഒരാളും മറ്റ് ചില താമസക്കാരും ചേര്‍ന്ന്, പള്ളി നിര്‍മ്മാണത്തിനെതിരെ ഷംഷാദ് മുനിസിപ്പല്‍ അധികാരികള്‍ക്ക് പരാതി നല്‍കിയിരുന്നു.
ഇതുമായി ബന്ധപ്പെട്ട കേസ് കോടതിയിലിരിക്കെ മുനിസിപ്പല്‍ അധികൃതര്‍ മതവികാരം വ്രണപ്പെടുത്തി പൊളിക്കുകയായിരുന്നുവെന്ന് എംബിടി നേതാവ് പറഞ്ഞു.എഐഎംഐഎമ്മിന്റെ പ്രാദേശിക നേതാക്കളും മുനിസിപ്പല്‍ ഓഫിസില്‍ കുത്തിയിരിപ്പ് സമരം നടത്തി. പള്ളി പൊളിച്ചതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്നും മസ്ജിദ് അടിയന്തരമായി പുനര്‍നിര്‍മിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.