മുംബൈ സ്വപ്നം സാക്ഷാത്കരിക്കാന്‍ മകനെ 45,000 രൂപയ്ക്ക് വിറ്റ മാതാവ് പിടിയില്‍
ഹൈദരാബാദിലെ ഹബീബ് നഗര്‍ പോലീസ് സ്‌റ്റേഷന്‍ പ്രദേശത്താണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.പരാതി ലഭിച്ച് 24 മണിക്കൂറിനകം നവജാതശിശുവിനെ വീണ്ടെടുക്കാനും പോലിസിന് കഴിഞ്ഞു.
ഹൈദ്രാബാദ്: മുംബൈയിലേക്ക് പോവാനുള്ള ആഗ്രഹം സാക്ഷാത്കരിക്കാന് രണ്ട് മാസം പ്രായമുള്ള മകനെ 45,000 രൂപയ്ക്ക് വില്‍ക്കാന്‍ ശ്രമിച്ച 22കാരിയായ മാതാവ് അറസ്റ്റില്‍. ഹൈദരാബാദിലെ ഹബീബ് നഗര്‍ പോലീസ് സ്‌റ്റേഷന്‍ പ്രദേശത്താണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.പരാതി ലഭിച്ച് 24 മണിക്കൂറിനകം നവജാതശിശുവിനെ വീണ്ടെടുക്കാനും പോലിസിന് കഴിഞ്ഞു. കൂടാതെ കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ച അമ്മയെയും ഹൈദരാബാദ് പോലിസ് പിടികൂടി.
22 കാരിയായ ഷെയ്ഖ് സോയ ഖാന്‍ ഭര്‍ത്താവുമായി പിണങ്ങി ഒറ്റയ്ക്ക് താമസിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. മുംബൈയിലേക്ക് പോകാന്‍ നേരത്തേ ആഗ്രഹിച്ചിരുന്ന അവര്‍ കുഞ്ഞിനെ വളര്‍ത്തുന്നതില്‍ ഏറെ പ്രയാസം അനുഭവിച്ചിരുന്നു. തുടര്‍ന്നാണ് കുഞ്ഞിനെ വില്‍ക്കാന്‍ തീരുമാനിച്ചത്. രണ്ടു മാസം മാത്രം പ്രായമുള്ള തന്റെ മകനെ വില്‍ക്കാനുള്ള നീക്കമറിഞ്ഞ പിതാവ് അബ്ദുല്‍ മുജാഹിദ് ചൊവ്വാഴ്ച പോലിസിനെ സമീപിക്കുകയായിരുന്നു.ആണ്‍കുട്ടിയെ വാങ്ങിയ കുടുംബത്തെയും ഇടനിലക്കാരനെയും മാതാവിനെയും മറ്റ് അഞ്ച് പേരെയും പോലിസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരേ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസ് ഫയല്‍ ചെയ്തു.കുട്ടിയെ പിന്നീട് പോലിസ് പിതാവിന് കൈമാറി.