ബിജെപി എംഎല്‍എ രാജ സിങ് ബുള്ളറ്റ് പ്രൂഫ് കാര്‍ ഉപയോഗിക്കണമെന്ന് പോലിസ്; വര്‍ഗീയ പരാമര്‍ശത്തിന് ഇയാളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ മെറ്റ മരവിപ്പിച്ചിരുന്നു

Update: 2025-03-20 04:57 GMT
ബിജെപി എംഎല്‍എ രാജ സിങ് ബുള്ളറ്റ് പ്രൂഫ് കാര്‍ ഉപയോഗിക്കണമെന്ന് പോലിസ്; വര്‍ഗീയ പരാമര്‍ശത്തിന് ഇയാളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ മെറ്റ മരവിപ്പിച്ചിരുന്നു

ഹൈദരാബാദ്: ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ ഉപയോഗിക്കാന്‍ തെലങ്കാനയിലെ ഗോഷമഹല്‍ മണ്ഡലത്തിലെ ബിജെപി എംഎല്‍എ ടി രാജ സിങിന് പോലിസ് നിര്‍ദേശം നല്‍കി. നിരന്തരമായി ഭീഷണി കോളുകള്‍ വരുന്നുവെന്ന് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് മംഗല്‍ഹാത് പോലിസ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

''നിങ്ങള്‍ക്ക് നിരന്തരം ഭീഷണി കോളുകള്‍ ലഭിക്കുന്നുവെന്ന പരാതി ലഭിച്ചു. പോലിസുകാരില്ലാതെ നിങ്ങള്‍ പുറത്തുനടക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. നിങ്ങള്‍ക്ക് അഞ്ച് പോലിസുകാരുടെ സുരക്ഷയുണ്ട്. അത് ഉപയോഗിക്കണം. കൂടാതെ ബുള്ളറ്റ് പ്രൂഫ് വാഹനവും ഉപയോഗിക്കണം.''-പോലിസ് ആവശ്യപ്പെട്ടു.

മുസ്‌ലിംകള്‍ക്കെതിരേ നിരന്തരമായി വര്‍ഗീയ പരാമര്‍ശങ്ങള്‍ ടി രാജ സിങ് നടത്താറുണ്ട്. വര്‍ഗീയ പ്രസംഗങ്ങള്‍ നടത്തിയതിന് തെലങ്കാനക്ക് പുറമെ മഹാരാഷ്ട്രയിലും ഇയാള്‍ക്കെതിരെ കേസുകളുണ്ട്. നിരന്തരമായ വര്‍ഗീയ പരാമര്‍ശങ്ങളെ തുടര്‍ന്ന് ഇയാളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ മെറ്റ മരവിപ്പിച്ചിരുന്നു. മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസീബിന്റെ ഖബര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കണമെന്ന് കഴിഞ്ഞ ദിവസം ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. രാജ സിങ്ങിനെ മഹാരാഷ്ട്രയില്‍ പ്രവേശിപ്പിക്കരുതെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്.

Similar News