കെ-റെയില്‍ പദ്ധതി യാഥാര്‍ഥ്യമാക്കണം; നവകേരളാ സദസ്സില്‍ ആവശ്യവുമായി ഹൈദരലി തങ്ങളുടെ മരുമകന്‍

Update: 2023-11-27 10:22 GMT

തിരൂര്‍: മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവകേരളാ സദസ്സ് ബഹിഷ്‌കരിക്കാന്‍ യുഡിഎഫും മുസ് ലിം ലീഗും ആഹ്വാനം ചെയ്തതിനിടെ മുസ് ലിം ലീഗ് മുന്‍ സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളുടെ മരുമകന്‍ സദസ്സിലെത്തി. തിരൂര്‍ പൂക്കയില്‍ സ്വദേശി ഹസീബ് സഖാഫ് തങ്ങളാണ് നവകേരള സദസ്സുമായി ബന്ധപ്പെട്ട് തിരൂരില്‍ നടന്ന മലപ്പുറം ജില്ലയിലെ ആദ്യ പ്രഭാത സദസ്സിലെത്തിയത്. കെ-റെയില്‍ പദ്ധതി യാഥാര്‍ഥ്യമാക്കണമെന്നാണ് ആദ്ദേഹത്തിന്റെ ആവശ്യം. രാഷ്ട്രീയപരമായ ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടെങ്കിലും ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുത്ത സര്‍ക്കാര്‍ നടത്തുന്ന പരിപാടിയെ ബഹിഷ്‌കരിക്കുന്നതില്‍ അര്‍ഥമില്ലെന്ന ആമുഖത്തോടെയാണ് അദ്ദേഹം സംസാരിച്ചത്. നിരവധി റെയില്‍ ഗതാഗത പദ്ധതികള്‍ ചെറുപ്പകാലം മുതല്‍ കേള്‍ക്കുന്നതാണ്. പലതും ഇന്നും യാഥാര്‍ഥ്യമായിട്ടില്ല. 2017ല്‍ പ്രകടന പത്രികയില്‍ അവകാശപ്പെട്ട തെക്കുവടക്ക് അതിവേഗ പാതയെക്കുറിച്ച് അറിയാനാണ് പ്രഭാത സദസ്സില്‍ എത്തിയത്. മുഖ്യമന്ത്രിയുമായി ഈ വിഷയം ചര്‍ച്ച ചെയ്തു. കേന്ദ്ര അനുമതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും രാഷ്ട്രീയ വിഷയങ്ങളുമാണ് പദ്ധതി യാഥാര്‍ഥ്യമാക്കുന്നതില്‍ തടസ്സമെന്നാണ് അറിയാന്‍ കഴിഞ്ഞത്. എന്നാല്‍ ഈ തടസ്സങ്ങള്‍ കാരണം ഇത്തരത്തിലൊരു മികച്ച മികച്ച പദ്ധതി നടപ്പാക്കാതിരിക്കാനാവില്ല എന്നാണ് മുഖ്യമന്ത്രി തന്ന മറുപടി. ഇത് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. തിരൂരിന് പ്രത്യേകിച്ചും ഏറെ ഗുണകരമാകുന്ന കെ-റെയില്‍ പദ്ധതി നടപ്പാക്കുമെന്ന് കരുതുന്നതായും ഹസീബ് തങ്ങള്‍ പറഞ്ഞു.

Tags:    

Similar News