സേവനം ചെയ്യാന്‍ തനിക്ക് ഐഎഎസ് ടാഗ് ആവശ്യമില്ല: കണ്ണന്‍ ഗോപിനാഥന്‍

എന്നോട് മടങ്ങിവരാന്‍ ആവശ്യപ്പെടുന്നത് നല്ല ഉദ്ദേശ്യത്തോടെയല്ലെന്ന് ഞാന്‍ സംശയിക്കുന്നു. അതിലെനിക്ക് ഒട്ടും വിഷമമില്ല.

Update: 2020-04-12 02:17 GMT

തിരുവനന്തപുരം: കൊവിഡ് 19നെതിരായ പ്രവര്‍ത്തനങ്ങളില്‍ സന്നദ്ധപ്രവര്‍ത്തകനായി മാത്രമേ ചേരുകയുള്ളൂവെന്നും സേവനം ചെയ്യാന്‍ തനിക്ക് ഐഎഎസ് ടാഗ് ആവശ്യമില്ലെന്നും കണ്ണന്‍ ഗോപിനാഥന്‍ പറഞ്ഞു. രാജ്യത്ത് വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയിലും സ്വാതന്ത്ര്യത്തിനു വിലക്കേര്‍പ്പെടുത്തുന്നതിലും പ്രതിഷേധിച്ച് ഐഎഎസ് പദവി ഉപേക്ഷിച്ച കണ്ണന്‍ ഗോപിനാഥന്‍ ഐഎഎസിനോട് കൊവിഡ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ജോലിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടതിനു മറുപടിയായാണ് അദ്ദേഹം രംഗത്തെത്തിയത്. സര്‍ക്കാര്‍ സേവനത്തില്‍ വീണ്ടും ചേരാന്‍ തനിക്ക് പദ്ധതിയില്ലെന്ന് അദ്ദേഹം പറഞ്ഞു. തന്റെ

    ചുമതലയില്‍ വീണ്ടും ചേരാന്‍ ആവശ്യപ്പെട്ട് സര്‍ക്കാരില്‍ നിന്ന് ഒരു കത്ത് ലഭിച്ചു. കൊവിഡ് 19 മഹാമാരിക്കെതിരായ പോരാട്ടത്തില്‍ ആരോഗ്യം, സമ്പത്ത്, മനസ്സ് തുടങ്ങി എന്റെ എല്ലാ സേവനങ്ങളും ഞാന്‍ സര്‍ക്കാരിനു കൈമാറുക ഒരു സ്വതന്ത്രവും ഉത്തരവാദിത്തമുള്ളതുമായ പൗരനായിട്ടായിരിക്കും. അല്ലാതെ, ഒരു ഐഎഎസ് ഉദ്യോഗസ്ഥനെന്ന നിലയിലല്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. 2012 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ കണ്ണന്‍ ഗോപിനാഥന്‍ കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെയാണ് എട്ടുമാസം മുമ്പ് ഐഎഎസ് പദവി രാജിവച്ചത്. ഇതിനു ശേഷം കശ്മീര്‍, പൗരത്വ ഭേദഗതി നിയമങ്ങള്‍ക്കെതിരായ പോരാട്ടങ്ങളില്‍ കണ്ണന്‍ ഗോപിനാഥന്‍ മുന്നിലുണ്ടായികുന്നു. ഇപ്പോള്‍ മഹാരാഷ്ട്രയിലാണ് സ്ഥിരതാമസം. സര്‍ക്കാരില്‍നിന്ന് തനിക്ക് ഒരു ഇ-മെയില്‍ ലഭിച്ചതായും ദിവസങ്ങള്‍ക്കുള്ളില്‍ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിനെയും സമൂഹത്തെയും സേവിക്കാന്‍ താന്‍ തയ്യാറാണ്. എന്നാല്‍ ഒരു ഐഎഎസ് ഉദ്യോഗസ്ഥനെന്ന നിലയിലായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

    'ഞാന്‍ ഇപ്പോള്‍ ചില സേവനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്. അത് തുടരാനാണ് ആഗ്രഹം. സര്‍ക്കാര്‍ ആഗ്രഹിക്കുന്നുവെങ്കില്‍ താന്‍ ദാദ്രിയിലേക്കും നഗര്‍ ഹവേലിയിലേക്കും രാജ്യത്തിന്റെ മറ്റേതെങ്കിലും ഭാഗങ്ങളിലേക്കു പോവാം, പക്ഷേ സന്നദ്ധപ്രവര്‍ത്തകനായി മാത്രമായിരിക്കും. ഐഎഎസ് ഉപേക്ഷിക്കുന്നത് നന്നായി ചിന്തിച്ചെടുത്ത തീരുമാനമാണ്. അതില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു''-33 കാരന്‍ പറഞ്ഞു. എട്ട് മാസം മുമ്പ് കണ്ണന്‍ ഗോപിനാഥന്‍ രാജിവച്ചെങ്കിലും രാജി സര്‍ക്കാര്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല. 'എന്നോട് മടങ്ങിവരാന്‍ ആവശ്യപ്പെടുന്നത് നല്ല ഉദ്ദേശ്യത്തോടെയല്ലെന്ന് ഞാന്‍ സംശയിക്കുന്നു. അതിലെനിക്ക് ഒട്ടും വിഷമമില്ല. ഇപ്പോള്‍ ഞാന്‍ മഹാരാഷ്ട്രയിലെ ചില എന്‍ജിഒകളുമായി പ്രവര്‍ത്തിക്കുന്നു. കുറച്ച് സേവനം ചെയ്യാന്‍ എനിക്ക് ഐഎഎസ് ടാഗ് ആവശ്യമില്ല. എന്റെ ഇപ്പോഴത്തെ സ്വാതന്ത്ര്യത്തില്‍ ഞാന്‍ സന്തുഷ്ടനാണെന്നും അദ്ദേഹം പറഞ്ഞു.

    ഐഎഎസ് ഉപേക്ഷിച്ച ശേഷം കണ്ണന്‍ ഗോപിനാഥന്‍ ചില പ്രതിഷേധങ്ങളില്‍ സജീവമായിരുന്നു. ഡിസംബറില്‍ ഉത്തര്‍പ്രദേശിലെ അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയില്‍(എഎംയു) പ്രതിഷേധസമരത്തില്‍ പങ്കെടുക്കാന്‍ പോവുന്നതിനിടെ അറസ്റ്റിലായിരുന്നു. 2018ല്‍ കേരളത്തിലുണ്ടായ വെള്ളപ്പൊക്ക സമയത്ത് ദാദ്ര, നഗര്‍ ഹവേലി ഭരണകൂടത്തിന്റെ ചെക്ക് കൈമാറാന്‍ കേരളത്തിലെത്തിയ അദ്ദേഹം ദുരിതാശ്വാസ സാമഗ്രികള്‍ ചുമന്ന് ക്യാംപുകളിലെത്തിച്ചാണ് ശ്രദ്ധേയനായത്. എട്ട് ദിവസം ജോലി ചെയ്ത ഇദ്ദേഹത്തെ ബാച്ച് അംഗമായ എറണാകുളം ജില്ലാ കലക്ടര്‍ വൈ എസ് സഫറുല്ല തിരിച്ചറിഞ്ഞതോടെ തിരിച്ചുപോവുകയായിരുന്നു. ആലപ്പുഴ ജില്ലയിലെ എരമല്ലൂര്‍ സ്വദേശിയായ കണ്ണന്‍ ഗോപിനാഥന്‍ യുടി കേഡര്‍ ഉദ്യോഗസ്ഥനാണ്. ദാദ്രയിലും നാഗര്‍ ഹവേലിയിലുമായിരുന്നു സേവനമനുഷ്ഠിച്ചിരുന്നത്.


Tags:    

Similar News