'എന്റെ പ്രവര്‍ത്തന മണ്ഡലം വിശാലമായി'; സിപിഎമ്മില്‍ നിന്ന് പുറത്തായത് അനുഗ്രഹമായതായി ജസ്റ്റിസ് കെ ചന്ദ്രു

'ഞാന്‍ ഒരു പാര്‍ട്ടി അഭിഭാഷകനോ ഒരു പ്രത്യേക ട്രേഡ് യൂണിയന്‍ അഭിഭാഷകനോ ആയിരുന്നില്ല. ഞാന്‍ ലോകത്തിന്റെ മുഴുവന്‍ അഭിഭാഷകനായിരുന്നു. ആര്‍ക്കും വേണ്ടി ഹാജരാകുന്നതില്‍ എനിക്ക് നിയന്ത്രണങ്ങളൊന്നും ഉണ്ടായിരുന്നില്ല'. ജസ്റ്റിസ് ചന്ദ്രു വിശദീകരിച്ചു.

Update: 2021-11-05 06:05 GMT

കോഴിക്കോട്: 'ജയ് ഭീം' സിനിമ ജനപ്രീതി നേടിയതോടെ ജസ്റ്റിസ് കെ ചന്ദ്രുവിനെ പാര്‍ട്ടി നേതാവാക്കി സാമൂഹിക മാധ്യമങ്ങളില്‍ ആഘോഷിക്കുന്ന തിരക്കിലാണ് സഖാക്കളും മന്ത്രിമാര്‍ ഉള്‍പ്പടെ മുതിര്‍ന്ന സിപിഎം നേതാക്കളും. എന്നാല്‍, ജസ്റ്റിസ് ചന്ദ്രു അഭിഭാഷകനായി സേവനം തുടങ്ങിയ കാലത്ത് തന്നെ പാര്‍ട്ടി വിട്ട കാര്യം മറച്ചുവച്ചാണ് സൈബര്‍ സഖാക്കളുടെ ആഘോഷം. ജസ്റ്റിസ് ചന്ദ്രുവിനെ സഖാവ് ചന്ദ്രുവെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇപ്പോള്‍ വിശേഷിപ്പിക്കുന്നത്. എന്നാല്‍, 1988ല്‍ തന്നെ സിപിഎം വിട്ടതായും അത് തന്റെ പ്രവര്‍ത്തന മണ്ഡലം വിശാലമാക്കിയെന്നും ജസ്റ്റിസ് കെ ചന്ദ്രു പറയുന്നുണ്ട്. 2013ല്‍ 'ബാര്‍ ആന്റ് ബഞ്ചിന്' നല്‍കിയ അഭിമുഖത്തിലാണ് സിപിഎമ്മില്‍ നിന്ന് പുറത്തുപോയ സാഹചര്യം ജസ്റ്റിസ് കെ ചന്ദ്രു വിശദീകരിക്കുന്നത്.

'1988ല്‍ എന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ശ്രീലങ്കയില്‍ രാജീവ് ഗാന്ധിയുടെ ഇടപെടലിനെ ഞാന്‍ എതിര്‍ത്തു, ജയവര്‍ധനയുമായി ഇടപാട് നടത്താന്‍ അദ്ദേഹത്തിന് അവകാശമില്ലെന്ന് വാദിച്ചു. എന്നാല്‍ ഇതൊരു നല്ല പരിഹാരമാണെന്ന നിലപാടാണ് സിപിഎം സ്വീകരിച്ചത്.

എന്തായാലും ഞാന്‍ പാര്‍ട്ടി വിട്ടു, എന്റെ പ്രവര്‍ത്തന മണ്ഡലം വിശാലമായി. ഞാന്‍ ഒരു പാര്‍ട്ടി അഭിഭാഷകനോ ഒരു പ്രത്യേക ട്രേഡ് യൂണിയന്‍ അഭിഭാഷകനോ ആയിരുന്നില്ല. ഞാന്‍ ലോകത്തിന്റെ മുഴുവന്‍ അഭിഭാഷകനായിരുന്നു. ആര്‍ക്കും വേണ്ടി ഹാജരാകുന്നതില്‍ എനിക്ക് നിയന്ത്രണങ്ങളൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഈ പുറത്താക്കല്‍ ഒരു അനുഗ്രഹമായിരുന്നുവെന്ന് ഞാന്‍ കരുതുന്നു'. ജസ്റ്റിസ് ചന്ദ്രു വിശദീകരിച്ചു.

ടി ജെ ജ്ഞാനവേല്‍ കഥയെഴുതി സംവിധാനം ചെയ്ത് സൂര്യ നിര്‍മിച്ച് അഭിനയിച്ച ജയ് ഭീം എന്ന ചിത്രം നവംബര്‍ 2നാണ് ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്തത്. മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് ചിത്രം. സാമൂഹ്യരാഷ്ട്രീയസാംസ്‌കാരിക രംഗത്തെ നിരവധി പേരാണ് ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

മനുഷ്യ ഹൃദയമുള്ള ആര്‍ക്കും കണ്ണ് നിറയാതെ ഈ ചിത്രം കണ്ടിരിക്കാനാവില്ലെന്നാണ് മന്ത്രി ശിവന്‍കുട്ടി പറഞ്ഞത്. ഇന്‍ക്വിലാബ് സിന്ദാബാദ് വിളിക്കാതെ ഈ സിനിമ കണ്ടു പൂര്‍ത്തിയാക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.

സൂര്യ അവതരിപ്പിച്ച ചന്ദ്രു വക്കീലിന്റെ പോരാട്ട പശ്ചാത്തലങ്ങളില്‍ എല്ലാം നമുക്ക് ചെങ്കൊടി കാണാം. യഥാര്‍ത്ഥ കഥ, യഥാര്‍ത്ഥ കഥാപരിസരം, യഥാര്‍ത്ഥ കഥാപാത്രങ്ങള്‍, ഒട്ടും ആര്‍ഭാടമില്ലാത്ത വിവരണം. ചന്ദ്രു വക്കീല്‍ പിന്നീട് ജസ്റ്റിസ് കെ. ചന്ദ്രുവായി ചരിത്രം വഴിമാറിയ നിരവധി വിധികള്‍ പ്രസ്താവിച്ചു. മനുഷ്യ ഹൃദയത്തെ തൊട്ടറിയുന്നതായിരുന്നു അദ്ദേഹത്തിന്റെ തീര്‍പ്പുകള്‍. അതിനൊരു കാരണമുണ്ട്. ഔദ്യോഗിക ജീവിതം ആരംഭിക്കുന്നതിന് മുമ്പ് അദ്ദേഹം എസ്എഫ്‌ഐ ആയിരുന്നു, സിഐടിയു ആയിരുന്നു, സിപിഎം ആയിരുന്നു. സഖാവ് ചന്ദ്രുവുമായി ഇന്ന് ഫോണില്‍ സംസാരിച്ചു. 'ജയ് ഭീം' എന്ന ചിത്രത്തെ കേരളത്തിന്റെ പുരോഗമന മനസ് ഏറ്റെടുത്ത കാര്യം അറിയിച്ചു. അഭിവാദ്യങ്ങള്‍ അറിയിച്ചു. ഇതായിരുന്നു മന്ത്രി ശിവന്‍കുട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്.

ജയ് ഭീം സിനിമയെ അഭിനന്ദിച്ച് മുന്‍ മന്ത്രി കെ ടി. ജലീലും രംഗത്തെത്തിയിരുന്നു. എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട നിസ്സഹയായ ഒരു സ്ത്രീക്ക് മുന്നില്‍ 'ചെങ്കൊടി' തണല്‍ വിരിച്ചത് കഥയല്ലെന്നും ചരിത്രമാണെന്നുമായിരുന്നു ജലീല്‍ പറഞ്ഞത്. എന്നാല്‍, പാര്‍ട്ടി വിട്ടത് അനുഗ്രമായാണ് ജസ്റ്റിസ് ചന്ദ്രു കാണുന്നത്. തന്റെ പ്രവര്‍ത്തന മേഖല വിശാലമായെന്നും അദ്ദേഹം അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്.

Tags:    

Similar News