വെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രായേല്‍, തിരിച്ചടിച്ച് അല്‍ഖസ്സാം; സിഐഎ, മൊസാദ് തലവന്‍മാര്‍ ഖത്തറില്‍
ദോഹ: വടക്കന്‍ ഗസ മുനമ്പില്‍ ഇസ്രായേല്‍ വെടിനിര്‍ത്തല്‍ ലംഘിച്ചതായും ഇതിനെ അല്‍ഖസ്സാം ബ്രിഗേഡുകള്‍ പരാജയപ്പെടുത്തിയതായും ഖുദ്‌സ് ന്യൂസ് നെറ്റ് വര്‍ക്ക് റിപോര്‍ട്ട് ചെയ്തു. തിരിച്ചടിയില്‍ അഞ്ച് സൈനികര്‍ക്ക് പരിക്കേറ്റതായി ഇസ്രായേല്‍ സമ്മതിച്ചിട്ടുണ്ട്. ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പാണ് മൂന്ന് സ്‌ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിക്കുകയും വെടിവയ്പുണ്ടാവുകയും ചെയ്തത്. ഗസ മുനമ്പിന്റെ വടക്ക് ഭാഗത്ത് വെടിനിര്‍ത്തല്‍ കരാറിന്റെ വ്യക്തമായ ലംഘനമാണ് നടന്നതെന്നും ഞങ്ങളുടെ പോരാളികള്‍ അതിനെ കൈകാര്യം ചെയ്തതായും അല്‍ഖസ്സാം ബ്രിഗ്രേഡ് അറിയിച്ചു. ശത്രുക്കള്‍ അത് പാലിക്കുന്നിടത്തോളം കാലം ഞങ്ങള്‍ സന്ധിയില്‍ പ്രതിജ്ഞാബദ്ധരാണ്. കൂടാതെ കരയിലൂടെയും ആകാശത്തിലൂടെയുമുള്ള സന്ധിയുടെ എല്ലാ നിബന്ധനകളും പാലിക്കാന്‍ അധിനിവേശസൈന്യം തയ്യാറാവണമെന്ന് മധ്യസ്ഥരോടും ആവശ്യപ്പെട്ടു. ഇതിനിടെ,
ഗസയില്‍ സൈനിക നടപടി പുനരാരംഭിക്കുന്നതിന് അനുമതി നല്‍കണമെന്നും ഹമാസിനെ തകര്‍ക്കണമെന്നും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് തീവ്ര വലതുപക്ഷവാദിയും ഇസ്രായേല്‍ സുരക്ഷാ മന്ത്രിയുമായ ഇറ്റാമര്‍ ബെന്‍ഗ്വിര്‍ ആവശ്യപ്പെട്ടു.
അതിനിടെ, ഇസ്രയേലും ഫലസ്തീന്‍ ചെറുത്തുനില്‍പ്പ് സംഘമായ ഹമാസും തമ്മിലുള്ള താല്‍ക്കാലിക വെടിനിര്‍ത്തല്‍ രണ്ടുദിവസം കൂടി നീട്ടിയതിനു പിന്നാലെ യുഎസ്, ഇസ്രായേല്‍ രാജ്യങ്ങളുടെ ചാരസംഘടനകളുടെ തലവന്‍മാര്‍ ഖത്തറിലെത്തി. യുഎസ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി (സിഐഎ)യുടെയും ഇസ്രയേലിന്റെ മൊസാദിന്റെയും നേതാക്കള്‍ ചൊവ്വാഴ്ച ദോഹയില്‍ ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതായി റോയിട്ടേഴ്‌സ്, അല്‍ജസീറ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. താല്‍ക്കാലിക വെടിനിര്‍ത്തല്‍ ഉടമ്പടിയുടെ പുരോഗതിയെ അടിസ്ഥാനമാക്കിയുള്ളതാണ് കൂടിക്കാഴ്ചയെന്നും അടുത്ത ഘട്ടത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ ഉണ്ടായതായും റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു. ഈജിപ്ഷ്യന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും പങ്കെടുത്തെങ്കിലും ചര്‍ച്ചയുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സി ഐഎ ഡയറക്ടര്‍ വില്യം ബേണ്‍സ് ദോഹയില്‍ ബന്ദികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉള്‍പ്പെടെയുള്ള ഇസ്രായേല്‍-ഹമാസ് സംഘര്‍ഷത്തെക്കുറിച്ചുള്ള യോഗങ്ങളില്‍ പങ്കെടുത്തതായി ഒരു യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപോര്‍ട്ട് ചെയ്തു. വില്യം ബേണ്‍സും ഇസ്രായേലിന്റെ രഹസ്യാന്വേഷണ വിഭാഗമായ മൊസാദിന്റെ തലവന്‍ ഡേവിഡ് ബാര്‍ണിയയും ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ അല്‍ത്താനിയും തമ്മിലാണ് കൂടിക്കാഴ്ച്ച നടത്തി. ഹമാസിന്റെ നിരവധി രാഷ്ട്രീയ നേതാക്കളുടെ ആസ്ഥാനമായ ഖത്തറാണ് ഇരുവിഭാഗങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ തൂഫാനുല്‍ അഖ്‌സയ്ക്കു പിന്നാലെ ഇസ്രായേല്‍ ആക്രമണം ശക്തമാക്കിയിരുന്നു. ഇതിനുപിന്നാലെ നവംബര്‍ 9 ന് ഷെയ്ഖ് മുഹമ്മദിനെ കാണാന്‍ ബാര്‍ണിയയും ബേണ്‍സും ഖത്തറിലെത്തിയിരുന്നു.