ഗസയില്‍ കരയുദ്ധത്തിനിടെ ഇസ്രായേല്‍ കമാന്‍ഡര്‍ കൊല്ലപ്പെട്ടു

Update: 2023-11-02 13:08 GMT

ഗസാ സിറ്റി: കരയുദ്ധം ആരംഭിച്ചതിനു പിന്നാലെ ഇസ്രായേലിന് തുടര്‍ച്ചയായി തിരിച്ചടികള്‍. മൂന്നു ദിവസത്തിനിടെ 18ഓളം സൈനികര്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സിന്റെ കമാന്‍ഡറും കൊല്ലപ്പെട്ടതായി അറിയിച്ചു. 188 ബരാക് ബ്രിഗേഡിലെ 53ാം ബറ്റാലിയനിലെ കമാന്‍ഡറായ യാനുജാറ്റില്‍ നിന്നുള്ള 33 കാരനായ ലഫ്. കേണല്‍ സാല്‍മന്‍ ഹബാക്കയാണ് വടക്കന്‍ ഗസ മുനമ്പില്‍ ഹമാസ് പോരാളികളുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന് ഭാര്യയും രണ്ടു കുട്ടികളുമാണുള്ളത്. ബുധനാഴ്ച രാത്രി ഇസ്രായേല്‍ അധിനിവേശ സൈന്യവും ഹമാസ് പോരാളികളും തമ്മിലുള്ള പോരാട്ടത്തിനിടെ കവചിത സേനയെ നയിച്ചത് സാല്‍മന്‍ ഹബാക്കയാണെന്ന് ഐഡിഎഫ് അറിയിച്ചു. ഡ്രൂസ് സൈനികരുടെ വിഭാഗത്തിലെ പ്രധാനിയായ ഹബാക്ക സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു. ഹമാസ് നടത്തിയ തൂഫാനുല്‍ അഖ്‌സ പ്രത്യാക്രമണത്തില്‍ ഒക്ടോബര്‍ ഏഴിന് കിബ്ബട്ട്‌സ് ബീരിയില്‍ ഡസന്‍ കണക്കിന് ഹമാസ് പോരാളികളെ കൊലപ്പെടുത്തിയതില്‍ പ്രധാനിയാണ് സാല്‍മന്‍ ഹബാക്ക. ഇയാള്‍ അയച്ച ഒരു വീഡിയോയില്‍ ഹബാക്ക തന്റെ യൂനിറ്റിന്റെ യുദ്ധത്തിലെ ആദ്യ ഏറ്റുമുട്ടലുകളെ വിവരിക്കുകയും 'വിജയത്തിലേക്ക്! ഞങ്ങള്‍ക്ക് വിജയമല്ലാതെ മറ്റ് മാര്‍ഗമില്ല' എന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ ഒക്‌ടോബര്‍ ഏഴുമുതല്‍ 300ലേറെ ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സ്(ഐഡിഎഫ്) സൈനികര്‍ കൊല്ലപ്പെടുകയും കരയുദ്ധത്തില്‍ 18 പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

Tags:    

Similar News