'മകള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍.....'; ഇമ്രാന്‍ ഖാനേയും പാക് സൈന്യത്തേയും ലക്ഷ്യമിട്ട് നവാസ് ശെരീഫ്

മറിയത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും മൂന്ന് ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ക്കുമായിരിക്കും അതിന്റെ ഉത്തരവാദിത്വമെന്നും നവാസ് ശരീഫ് കുറ്റപ്പെടുത്തി.

Update: 2021-03-12 15:14 GMT

ഇസ്‌ലാമാബാദ്: തന്റെ മകള്‍ മറിയം നവാസിനെ രാജ്യത്തെ ശക്തമായ സ്വാധീനമുള്ള സൈന്യം ഭീഷണിപ്പെടുത്തുകയാണെന്ന് പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ശെരീഫ്. മറിയത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും മൂന്ന് ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ക്കുമായിരിക്കും അതിന്റെ ഉത്തരവാദിത്വമെന്നും നവാസ് ശരീഫ് മുന്നറിയിപ്പ് നല്‍കി.

തങ്ങള്‍ക്കെതിരേ സംസാരിക്കുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ മറിയത്തെ ഇല്ലാതാക്കുമെന്ന് സൈന്യം ഭീഷണിപ്പെടുത്തിയെന്നും ലണ്ടനില്‍ നിന്നുള്ള ഒരു വീഡിയോ സന്ദേശത്തില്‍ പാകിസ്താന്‍ മുസ്‌ലിം ലീഗ് (നവാസ്) മേധാവി കുറ്റപ്പെടുത്തി. 'നിങ്ങള്‍ വളരെ തരംതാഴ്ന്ന പ്രവര്‍ത്തനമാണ് നടത്തുന്നത്. ആദ്യം നിങ്ങള്‍ മറിയം താമസിച്ചിരുന്ന കറാച്ചിയിലെ ഹോട്ടല്‍ മുറിയുടെ വാതില്‍ തകര്‍ത്തു, സൈന്യത്തിനെതിരേ സംസാരിക്കുന്നത് നിര്‍ത്തിയില്ലെങ്കില്‍ അവസാനിപ്പിക്കുമെന്ന് ഇപ്പോള്‍ നിങ്ങള്‍ അവളെ ഭീഷണിപ്പെടുത്തുന്നു, അവള്‍ക്കെന്തെങ്കിലും സംഭവിച്ചാല്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍, കരസേനാ മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വ, ഐഎസ്‌ഐ മേധാവി ലഫ്റ്റനന്റ് ജനറല്‍ ഫൈസ് ഹമീദ്, ജനറല്‍ ഇര്‍ഫാന്‍ മാലിക് എന്നിവര്‍ ഉത്തരവാദികളായിരിക്കും'. 71 കാരനായ ശെരീഫ് ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയില്‍ പറഞ്ഞു. 2019 നവംബര്‍ മുതല്‍ ശെരീഫ് ലണ്ടനിലാണ്.

Tags:    

Similar News