1950ലെ ഭരണഘടന (പട്ടികജാതികള്‍) ഉത്തരവിന് 70 വയസ്സ്; ദലിത് ക്രൈസ്തവരും മുസ്‌ലിംകളും ഇപ്പോഴും പട്ടികയ്ക്ക് പുറത്ത്
സാമൂഹികപരമായി പിന്നാക്കംനിന്ന ചില ജാതികള്‍ക്ക് പട്ടിക ജാതി പദവി നല്‍കിയപ്പോള്‍ മുസ്‌ലിം, ക്രൈസ്തവ വിശ്വാസങ്ങള്‍ പിന്തുടര്‍ന്ന പട്ടിക ജാതി വംശജരെ ഈ പട്ടികയില്‍നിന്നു പുറംതള്ളിക്കൊണ്ടുള്ളതായിരുന്നു 1950ലെ ഈ വിവാദ ഉത്തരവ്.
ന്യൂഡല്‍ഹി: രാജ്യത്ത് പട്ടിക ജാതി പദവിയുള്ള സമുദായങ്ങള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള 1950ലെ ഭരണഘടന (പട്ടികജാതി) ഉത്തരവിന്റെ 70ാം വാര്‍ഷികം ആചരിക്കുമ്പോഴും പട്ടികയില്‍നിന്ന് തീണ്ടാപ്പടകലെയാണ് ഇപ്പോഴും രാജ്യത്തെ ലക്ഷക്കണക്കിന് വരുന്ന ദലിത് െ്രെകസ്തവരും മുസ്‌ലിംകളും.
സാമൂഹികപരമായി പിന്നാക്കംനിന്ന ചില ജാതികള്‍ക്ക് പട്ടിക ജാതി പദവി നല്‍കിയപ്പോള്‍ മുസ്‌ലിം, െ്രെകസ്തവ വിശ്വാസങ്ങള്‍ പിന്തുടര്‍ന്ന പട്ടിക ജാതി വംശജരെ ഈ പട്ടികയില്‍നിന്നു പുറംതള്ളിക്കൊണ്ടുള്ളതായിരുന്നു 1950ലെ ഈ വിവാദ ഉത്തരവ്.
പട്ടിക ജാതിയില്‍ ഉള്‍പ്പെടാനുള്ള അവകാശം നിഷേധിക്കപ്പെടുന്നതിനാലും ഈ ഉത്തരവ് വിവേചന പരമായതിനാലും ഇരു സമുദായങ്ങളും ഈ ദിവസത്തെ കറുത്ത ദിനമായാണ് കണ്ടുവരുന്നത്. ഇഷ്ടമുള്ള വിശ്വാസം സ്വീകരിക്കാമെന്ന മൗലികാവകാശത്തിന്റെ നഗ്‌നമായ ലംഘനമാണിതെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.
'ഹിന്ദുമതത്തില്‍ നിന്ന് വ്യത്യസ്തമായ ഒരു മതം അവകാശപ്പെടുന്ന ഒരു വ്യക്തിയെയും പട്ടികജാതിയില്‍ അംഗമായി കണക്കാക്കില്ലെന്ന്' ഈ ഉത്തരവിന്റെ മൂന്നാംഖണ്ഡിക അസന്നിഗ്ദമായി വ്യക്തമാക്കുന്നു. ഭരണഘടന വിഭാവനം ചെയ്യുന്ന പൗരന്‍മാര്‍ക്കിടയിലെ തുല്യതയുടെ കടയ്ക്കല്‍ കത്തിവയ്ക്കുന്നതാണ് ഈ വ്യവസ്ഥയെന്ന് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
1956ല്‍ സിഖ് ദലിതുകളേയും 1990ല്‍ ബുദ്ധ ദലിതരേയും ഉള്‍പ്പെടുത്തി പട്ടിക ജാതികളുടെ പട്ടിക വിപുലപ്പെടുത്തിയപ്പോഴും െ്രെകസ്തവ, ഇസ്‌ലാം വിശ്വാസം പിന്തുടരുന്ന ദലിതുകളെ വീണ്ടും തീണ്ടാപ്പാടകലെ നിര്‍ത്തുന്നതാണ് കാണാനാവുന്നത്.
തൊട്ടുകൂടായ്മയും അങ്ങേയറ്റത്തെ സാമൂഹിക, വിദ്യാഭ്യാസ, സാമ്പത്തിക പിന്നാക്കാവസ്ഥയുമാണ് ഇന്ത്യയിലെ പട്ടികജാതി സ്റ്റാറ്റസ് നിര്‍ണയിക്കുന്ന മാനദണ്ഡമെന്നിരിക്കെ തങ്ങള്‍ പിന്തുടരുന്ന മതവിശ്വാസം എങ്ങിനെയാണ് ഇതില്‍ കടന്നുവരുന്നതെന്നും ഈ മതങ്ങളില്‍നിന്നുള്ള ദലിത് വംശജര്‍ ചോദിക്കുന്നു.
വിവിധ മതവിശ്വാസങ്ങള്‍ പിന്തുടരുന്നവരാണെങ്കില്‍പോലും ഇന്ത്യയിലെ ദലിതര്‍ അപമാനവും വിവേചനവും ഏറെക്കുറെ സമാനമായ തോതില്‍ അനുഭവിച്ചവരാണ്. മതപരമായ സ്വത്വത്തിന് അപ്പുറത്ത് അവരുടെ ജനനത്തെ അടിസ്ഥാനമാക്കിയുള്ള തൊട്ടുകൂടായ്മ സ്വകാര്യ, പൊതുവിടങ്ങളില്‍ വ്യാപകമാണെന്നതാണ് ഇതിനു കാരണം.
ചെന്നൈയില്‍ ചെരുപ്പുകുത്തിയായിരുന്ന ആദി ദ്രാവിഡ സമുദായത്തില്‍നിന്നുള്ള സൂസൈയുടെ (1985) കേസ് ഇതിന് ഉദാഹരണമാണ്. ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതിന് മുമ്പ് പട്ടികജാതി പദവിയുള്ള ചെരുപ്പുകുത്തി സമുദായത്തില്‍പെട്ടയാളായതിനാല്‍ അദ്ദേഹത്തെ തൊട്ടുകൂടാത്തവനായാണ് കണക്കാക്കിയിരുന്നത്. ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തിട്ടും അദ്ദേഹത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ അവസ്ഥയില്‍ കാര്യമായ മാറ്റമൊന്നും കണ്ടില്ല. മാത്രമല്ല, തന്റെ ജാതിയിലെ അംഗങ്ങള്‍ക്ക് സൗജന്യ ബെഡ്ഡുകള്‍ അനുവദിച്ചപ്പോള്‍ ക്രിസ്ത്യന്‍ വിശ്വാസം പിന്തുടരുന്നുവെന്ന കാരണത്താല്‍ ഇദ്ദേഹത്തിന് ഇവ നിഷേധിക്കപ്പെട്ടു.
അദ്ദേഹത്തിന്റെ മതപരമായ സ്വത്വം അദ്ദേഹത്തിന്റെ സാമൂഹികസാമ്പത്തിക അവസ്ഥയെ അവഗണിക്കുന്നതിലേക്കാണ് ഭരണകൂടത്തെ നയിച്ചത്.
ഇതോടെ പലര്‍ക്കും മതം ഒരു തടസ്സമായിത്തീരുകയും അതുമൂലം തങ്ങളുടെ വിശ്വാസങ്ങളെ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്യുന്നു. ഇതിലൂടെ തങ്ങളുടെ മുന്നേറ്റത്തിന് അത്യന്താപേക്ഷിതമായ 'സംവരണം' ലഭിക്കാന്‍ തങ്ങളുടെ വിശ്വാസം ബലികഴിക്കാനും പലരും നിര്‍ബന്ധിതരാവുന്നു.
അതിനാല്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 പ്രകാരം വ്യക്തമായി ഉറപ്പുനല്‍കുന്ന മതത്തെ സ്വതന്ത്രമായി അവകാശപ്പെടാനും ആചരിക്കാനും പ്രചരിപ്പിക്കാനും ഉള്ള ദലിത് വ്യക്തിയുടെ അവകാശത്തിന്റെ കടയ്ക്കലാണ് ഈ നിയമം കത്തിവയ്ക്കുന്നത്.
ഈ യാഥാര്‍ത്ഥ്യമാണ് ദലിത് മുസ്‌ലിംകളും ദലിത് ക്രിസ്ത്യാനികളും വളരെക്കാലമായി ഉയര്‍ത്തിക്കാട്ടുന്നത്. മതപരമായ പക്ഷപാതിത്വമുള്ള ഒരു ഭരണകൂടം തങ്ങളുടെ ന്യായമായ അപേക്ഷയ്ക്ക് നേരെ പുറംതിരിഞ്ഞുനില്‍ക്കുകയാണെന്നു അവര്‍ സംശയിക്കുന്നു. വിവേചനത്തിന്റെ ഈ സ്വഭാവത്തിന് രാഷ്ട്രീയവും സാമൂഹികവുമായ തലങ്ങളുമുണ്ട്. അതിനാലാണ് അനേകര്‍ക്ക് നീതി നിഷേധിക്കപ്പെടുന്നത്.
െ്രെകസ്തവ, ഇസ്‌ലാം മതങ്ങളില്‍ ജാതീയമായ വേര്‍തിരിവില്ലെങ്കിലും ഈ മതങ്ങളിലേക്ക് പരിവര്‍ത്തനം നടത്തപ്പെട്ടവര്‍ ഇന്ത്യന്‍ സമൂഹത്തില്‍ ആഴത്തില്‍ വേരൂന്നിയ ജാതിയതയുടെ ഇരകളാണെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.
മത വിശ്വാസങ്ങള്‍ക്കപ്പുറത്ത് ദലിത് വംശജര്‍ കടുത്ത സാമ്പത്തികസാമൂഹിക പിന്നാക്കാവസ്ഥ അനുഭവിക്കുന്നുണ്ടെന്നാണ് അടുത്തിടെ പുറത്തുവന്ന പഠനങ്ങള്‍ പോലും വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തില്‍ ക്രൈസ്തവ, മുസ്‌ലിം വിശ്വാസ ധാര പിന്തുടരുന്ന ദലിത് വംശജരെയും പട്ടിക ജാതിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.