ഏറ്റുമുട്ടലിനൊടുവില്‍ മുഹമ്മദ് അഖ്‌ലാഖ് വധക്കേസ് പ്രതി പിടിയില്‍
ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന പ്രതിയെ പോലിസ് കൈകാണിച്ചെങ്കിലും നിര്‍ത്തിയില്ല. തുടര്‍ന്ന് പിന്തുടര്‍ന്ന പോലിസിന് നേരെ ഇയാള്‍ വെടിയുതിര്‍ത്തു. പോലിസും തിരിച്ചടിച്ചു. ഇതോടെ ഇയാളുടെ കാലിന് വെടിയേല്‍ക്കുകയും നിലത്തുവീഴുകയുമായിരുന്നു.
ലഖ്‌നൗ: മുഹമ്മദ് അഖ്‌ലാഖ് വധക്കേസിലെ പ്രതിയെ പോലിസ് ഏറ്റുമുട്ടലിനൊടുവില്‍ പിടികൂടി. ഹരിഓം ആണ് അറസ്റ്റിലായത്. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ കഴിഞ്ഞദിവസം പുലര്‍ച്ചെയോടെയാണ് ഇയാളെ പിടികൂടിയത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന പ്രതിയെ പോലിസ് കൈകാണിച്ചെങ്കിലും നിര്‍ത്തിയില്ല. തുടര്‍ന്ന് പിന്തുടര്‍ന്ന പോലിസിന് നേരെ ഇയാള്‍ വെടിയുതിര്‍ത്തു. പോലിസും തിരിച്ചടിച്ചു. ഇതോടെ ഇയാളുടെ കാലിന് വെടിയേല്‍ക്കുകയും നിലത്തുവീഴുകയുമായിരുന്നു. ദാദ്രി കൊലപാതകം നടന്നിട്ട് നാലുവര്‍ഷങ്ങള്‍ക്കിപ്പുറമാണ് പ്രതിയുടെ അറസ്റ്റ്.
55കാരനായ മുഹമ്മദ് അഖ്‌ലാഖിനെ ദാദ്രിയില്‍ 2015 സപ്തംബര്‍ 28നാണ് ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. പശുവിറച്ചി കൈവശം വച്ചെന്ന് ആരോപിച്ചായിരുന്നു സൈനികന്റെ പിതാവായ മുഹമ്മദ് അഖ്‌ലാഖിനെ 'ആള്‍ക്കൂട്ടം' തല്ലിക്കൊന്നത്. കൂടെ മകന്‍ ദാനിഷിനെയും ആള്‍ക്കൂട്ടം ആക്രമിച്ചിരുന്നു. അദ്ദേഹത്തിനും ഗുരുതരമായി പരിക്കേറ്റിരുന്നു.
ഹരിഓം പ്രദേശത്ത് ഉണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്നാണ് പോലിസ് പരിശോധനയ്ക്കിറങ്ങിയതെന്ന് ജാര്‍ച്ച പോലിസ് സ്‌റ്റേഷന്‍ ഓഫിസര്‍ അനില്‍കുമാര്‍ പറഞ്ഞു. തുടര്‍ന്ന് സമാന കാനാലില്‍ എത്തിയ പോലിസ് നമ്പര്‍ പ്ലേറ്റില്ലാത്ത ബൈക്കുമായി സഞ്ചരിക്കുന്ന പ്രതിയെ കണ്ടെത്തി. വാഹനം നിര്‍ത്താന്‍ ഹരിഓമിനോട് ആവശ്യപ്പെട്ടെങ്കിലും വാഹനം വേഗത്തില്‍ ഓടിച്ചുപോവുകയായിരുന്നു. തുടര്‍ന്ന് പോലിസ് പിന്തുടരുകയും പ്രതി പോലിസിനെ വെടിവയ്ക്കുകയുമായിരുന്നു.
വധക്കേസ് ഉള്‍പ്പെടെ 11ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഹരി ഓം. പ്രതിയില്‍ നിന്നും വെടിയുതിര്‍ക്കാന്‍ ഉപയോഗിച്ച നാടന്‍തോക്ക് പോലിസ് പിടിച്ചെടുത്തിട്ടുണ്ട്.18പേരെ പ്രതിചേര്‍ത്ത മുഹമ്മദ് അഖ്‌ലാഖ് വധക്കേസില്‍ ഇതോടെ മുഴുവന്‍ പേരെയും പോലിസ് പിടികൂടി.