വഖഫ് ഭൂമി അനധികൃതമായി വിറ്റ സംഭവം: ലീഗ് എംഎല്‍എ കമറുദ്ദീനെതിരേ കേസെടുക്കും

സംസ്ഥാന വഖഫ് ബോര്‍ഡ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വഖഫ് ബോര്‍ഡിന്റെ ഭൂമി നിയമവിരുദ്ധമായാണ് വിറ്റതെന്ന് കണ്ടെത്തിയിട്ടുണ്ട്.

Update: 2020-06-16 05:28 GMT

കാസര്‍കോട്: തൃക്കരിപ്പൂരില്‍ വഖഫ് ബോര്‍ഡിന്റെ ഭൂമി നിയമവിരുദ്ധമായി വിറ്റ മുസ്‌ലിം ലീഗ് എംഎല്‍എ എം സി കമറുദ്ദീനെതിരേ കേസെടുക്കും. കമറുദ്ദീന്‍ ചെയര്‍മാനായ ട്രസ്റ്റാണ് കുറഞ്ഞ വിലക്ക് ഭൂമി സ്വന്തമാക്കിയത്. സംസ്ഥാന വഖഫ് ബോര്‍ഡ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വഖഫ് ബോര്‍ഡിന്റെ ഭൂമി നിയമവിരുദ്ധമായാണ് വിറ്റതെന്ന് കണ്ടെത്തിയിട്ടുണ്ട്.തൃക്കരിപ്പൂരില്‍ രണ്ട് ഏക്കറോളം വഖഫ് ഭൂമി കമറുദ്ദീന്‍ എംഎല്‍എ ചെയര്‍മാനായ ട്രസ്റ്റിന് നിയമവിരുദ്ധമായി വിറ്റെന്നാണ് കണ്ടെത്തല്‍. വിശദീകരണമാവശ്യപ്പെട്ട് എംഎല്‍എക്കും, ഭൂമി വിറ്റ ജാമിയ സാദിയ ഇസ്ലാമിയ എന്ന സംഘടനയുടെ പ്രസിഡന്റിനും വഖഫ് ബോര്‍ഡ് നോട്ടീസയച്ചു. ഭൂമി തിരിച്ചുപിടിക്കുമെന്നും വഖഫ് ബോര്‍ഡ് അറിയിച്ചു.

ഭൂമി കൈമാറ്റം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമസ്ത യുവജനവിഭാഗം നേതാവുള്‍പ്പെടെ രണ്ട് പേര്‍ വഖഫ് ബോര്‍ഡിന് പരാതി നല്‍കിയിരുന്നു. ഫെബ്രുവരി 26നാണ് ഭൂമിയും കെട്ടിടങ്ങളും എംഎല്‍എ ചെയര്‍മാനായ ട്രസ്റ്റിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തത്. രണ്ട് ഏക്കര്‍ ഭൂമിയില്‍ 10,000 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള രണ്ട് നില സ്‌കൂള്‍ കെട്ടിടവും നിസ്‌ക്കാര പള്ളിയുമുണ്ട്.

അതേസമയം വാങ്ങിയത് വഖഫ് ഭൂമിയല്ലെന്നും, സമസ്തയാണ് കാര്യങ്ങള്‍ വ്യക്തമാക്കേണ്ടതെന്നുമാണ് എംഎല്‍എയുടെ വാദം. വഖഫ് നിയമപ്രകാരം, വഖഫ് ഭൂമി വില്‍ക്കാനും കൈമാറ്റം ചെയ്യാനും സംസ്ഥാന വഖഫ് ബോര്‍ഡിന്റെ അനുമതി വേണം. പരസ്യ ലേലവും നടത്തണം. എന്നാല്‍ 1997ല്‍ വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത ജാമിയ സാദിയ ഇസ്ലാമിയ എന്ന സംഘടന രണ്ട് ഏക്കറോളം ഭൂമി മഞ്ചേശ്വരം എം.എല്‍.എ ചെയര്‍മാനായ തൃക്കരിപ്പൂര്‍ എജ്യുക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന് അനധികൃതമായി വിറ്റെന്നാണ് പരാതി.

Tags:    

Similar News